Articles Health

വണ്ണം കുറയ്ക്കണോ? ഈ 4 കാര്യങ്ങൾ ഉടൻ ഒഴിവാക്കൂ

രോഗ്യകരമായ ജീവിതശൈലിയും വ്യായാമവും ശരീര ഭാരം കുറയ്ക്കാനായി നാം പിന്തുടരാറുണ്ടെങ്കിലും പലപ്പോഴും പ്രതീക്ഷിച്ച ഫലം ലഭിക്കാറില്ല. എന്നാൽ ഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർ ഭക്ഷണക്രമത്തിൽ നിന്ന് അടിയന്തരമായി ഒഴിവാക്കേണ്ട നാല് കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് അമേരിക്കൻ ഹൃദയശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജെറമി ലണ്ടൻ.

ശരീരഭാരം കുറയ്ക്കുന്നതിൽ 80 ശതമാനവും നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ബാക്കി 20 ശതമാനം മാത്രമാണ് വ്യായാമത്തിനുള്ള പങ്കെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഡോ. ലണ്ടൻ നിർദ്ദേശിക്കുന്ന ഒഴിവാക്കേണ്ട നാല് കാര്യങ്ങൾ ഇവയാണ്.

  1. മദ്യം

ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ഉപേക്ഷിക്കേണ്ടത് മദ്യമാണെന്ന് ഡോക്ടർ പറയുന്നു. ശരീരത്തിലെ ഓരോ കോശത്തിനും മദ്യം ഹാനികരമാണ്. മദ്യം ഒഴിവാക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും അനാവശ്യ കാലറികൾ ഒഴിവാക്കാനും സഹായിക്കും.

  1. ശീതളപാനീയങ്ങൾ

മധുരം ചേർത്ത ശീതളപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന അമിതമായ പഞ്ചസാര ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യുന്നു. സോഡകൾക്കും സ്പോർട്സ് ഡ്രിങ്കുകൾക്കും പകരം ധാരാളം വെള്ളം കുടിക്കാൻ ശീലിക്കുക.

  1. ശുദ്ധീകരിച്ച മാവ്

മൈദ പോലുള്ള ശുദ്ധീകരിച്ച മാവ് ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ (ഉദാഹരണത്തിന് വൈറ്റ് ബ്രെഡ്, പാസ്ത) പൂർണ്ണമായും ഒഴിവാക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നു. പകരം തവിട് കളയാത്ത ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

  1. സംസ്‌കരിച്ച ഭക്ഷണങ്ങൾ

പാക്കറ്റുകളിൽ ലഭിക്കുന്ന ചിപ്‌സ്, ബിസ്‌ക്കറ്റ്, ഇൻസ്റ്റന്റ് നൂഡിൽസ് തുടങ്ങിയ അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവയിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അമിതവണ്ണത്തിലേക്കും ഹൃദയരോഗങ്ങളിലേക്കും നയിക്കും.

Related Posts