ചില ചായക്കടകളിലെ പലഹാരങ്ങൾ പല തവണ ചൂടാക്കിയ എണ്ണയിൽ തയ്യാറാക്കിയതാണെന്ന് പരാതി ഉയരാറുണ്ട്. എണ്ണയുടെ നിലവാരം പരിശോധിച്ച് എണ്ണക്കടികൾ കഴിക്കുകയെന്നത് പലപ്പോഴും പ്രായോഗികമല്ല. എന്നാൽ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടും സുരക്ഷിതമല്ലെന്ന കാര്യം കടയുടമകളെങ്കിലും തിരിച്ചറിയണം. ഇത്തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നത് വൻകുടലിലും ശ്വാസകോശത്തിലും ഉൾപ്പെടെ കാൻസറിന് കാരണമാകും.
പോഷകമൂല്യമില്ലാത്ത എണ്ണകൾ ശരീരത്തിന് ദോഷമാണ്. എണ്ണ ചൂടാക്കുമ്പോൾ ട്രൈഗ്ലിസറൈഡുകൾ ഫാറ്റി ആസിഡുകളായി വിഘടിക്കുന്നു. ഇത് എണ്ണയുടെ മൊത്തത്തിലുള്ള ഗുണനിലവാരവും പോഷകമൂല്യവും കുറയ്ക്കുന്നു. വീണ്ടും ചൂടാക്കിയാൽ ആന്റിഓക്സിഡന്റുകൾ പൂർണമായും നഷ്ടമാകും. ഇത് ശരീരത്തിലെ സംയുക്തങ്ങളിൽ ഓക്സിഡേഷന് കാരണമാകുകയും ജീവൽ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും.
എണ്ണ ഒന്നിലധികം തവണ ചൂടാക്കുമ്പോൾ സ്മോക്ക് പോയന്റ് കുറയുന്നു. സ്മോക്ക് പോയിന്റ് പാകം ചെയ്യുന്ന താപനിലയേക്കാൾ കുറഞ്ഞാൽ ഭക്ഷണം എളുപ്പത്തിൽ കരിഞ്ഞു പോകാൻ കാരണമാകും. കരിഞ്ഞ ഭക്ഷണങ്ങൾ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നതാണ്.
ഹൃദയത്തെയും ശ്വാസകോശത്തേയും വൻകുടലിനേയുമൊക്കെ തകരാറിലാക്കാൻ ശേഷിയുള്ളതാണ് ഇത്തരം എണ്ണകളിൽ തയ്യാറാക്കിയ പലഹാരങ്ങൾ. ഈ എണ്ണകൾ ശരീരത്തിലെത്തിയാൽ ട്രാൻസ് ഫാറ്റിന്റെ രൂപീകരണം വർധിപ്പിക്കുകയും ഇത് ഹൃദയാഘാതം, കാൻസർ, സ്ട്രോക്ക് തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യും.
എണ്ണ വീണ്ടും ചൂടാക്കുമ്പോൾ റിയാക്ടീവ് ആൽഡിഹൈഡുകൾ, പോളിമെറിക് സംയുക്തങ്ങൾ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്നിവ രൂപം കൊള്ളുന്നുണ്ട്. ഇവ ഓക്സിഡേറ്റീവ് സ്ട്രെസ്സ് വർധിപ്പിക്കാൻ കാരണമാകുന്നതാണ്. ദീർഘകാലം ഈ എണ്ണ ഉപയോഗിച്ചാൽ വൻകുടൽ, സ്തനം, ശ്വാസകോശം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിൽ കാൻസറിന് സാധ്യതയുണ്ടെന്നും പഠനങ്ങളുണ്ട്.
















