Articles Health

ഒരു മാസത്തേക്ക് രാത്രി മുളപ്പിച്ച പയർ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന 5 മാറ്റങ്ങൾ

പോഷകങ്ങളുടെ കലവറയാണ് മുളപ്പിച്ച പയർ. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരും, നല്ല ദഹനത്തിനായി ആഗ്രഹിക്കുന്നവരും രാത്രിയിലെ ഭക്ഷണമായി ഇന്ന് മുളപ്പിച്ച പയർ തിരഞ്ഞെടുക്കാറുണ്ട്. എങ്കിലും, ഒരു മാസം തുടർച്ചയായി എല്ലാ ദിവസവും രാത്രിയിൽ ഒരു പാത്രം മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് വരുത്തുക?.

  1. ദഹനം എളുപ്പമാകും, വയർ ശാന്തമാകും

മുളപ്പിച്ച പയറിൽ ധാരാളം നാരുകളും സജീവമായ എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുടലിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്നു. താരതമ്യേന കട്ടിയുള്ള അത്താഴത്തെക്കാൾ വളരെ എളുപ്പത്തിൽ ഇത് ദഹിക്കും. രാത്രിയിൽ കഴിക്കുന്നത് വയറുവീർപ്പ് കുറയ്ക്കാനും ദഹനസംബന്ധമായ അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കും.

  1. കുറഞ്ഞ കാലറിയിൽ വയറു നിറയും

മുളപ്പിച്ച പയർവർഗങ്ങൾക്ക് കാലറി വളരെ കുറവാണ്, പക്ഷേ പ്രോട്ടീനും നാരുകളും ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. രാത്രിയിൽ കഴിക്കുന്നത് അമിതമായ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് അത്താഴത്തിന് ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്. ഒരു കപ്പിൽ ഏകദേശം 14.2 ഗ്രാം പ്രോട്ടീനും 15.4 ഗ്രാം നാരുകളും അടങ്ങിയിരിക്കുന്നു.

  1. ചർമ്മത്തിന് തിളക്കം കൂടും

ആന്റിഓക്സിഡന്റുകൾ, വൈറ്റമിൻ സി, ക്ലോറോഫിൽ എന്നിവ മുളപ്പിച്ച പയറിൽ ഉണ്ട്. ഇത് ചർമ്മത്തിലെ വീക്കം കുറയ്ക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കും. ദിവസവും കഴിക്കുമ്പോൾ ചർമ്മത്തിലെ മങ്ങൽ കുറഞ്ഞ് കൂടുതൽ തിളക്കമുള്ളതായി അനുഭവപ്പെടാം.

  1. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തും

അമിതമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ അത്താഴത്തിന് പകരം പ്രോട്ടീൻ അടങ്ങിയ മുളപ്പിച്ച പയർവർഗങ്ങൾ കഴിക്കുന്നത് രാത്രിയിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. മുളപ്പിച്ച ചെറുപയറിന് ഗ്ലൈസെമിക് ലോഡ് കുറവാണ്. കൂടാതെ, ഇതിലെ റെസിസ്റ്റന്റ് അന്നജം , നാരുകൾ, പ്രോട്ടീൻ എന്നിവ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുന്നു.

  1. അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും

മുളപ്പിച്ച പയർ ശരീരത്തിന് ആൽക്കലൈസിങ് സ്വഭാവം നൽകുന്നു. ഇത് ശരീരത്തിലെ പിഎച്ച് നിലകൾ നിയന്ത്രിക്കാൻ സഹായിക്കും, അതുവഴി അസിഡിറ്റിയുടെ അളവ് കുറയ്ക്കും. പതിവായ കഴിക്കുന്നത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലൂടെ അസിഡിറ്റി പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പോഷകാഹാര വിദഗധർ അഭിപ്രായപ്പെടുന്നു.

കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇവ ആരോഗ്യകരമാണെങ്കിലും, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്: പുഴുങ്ങിക്കഴിക്കുക, അസംസ്കൃതമായി മുളപ്പിച്ച പയർ കഴിക്കുന്നത് മിക്കവരിലും വയറു വീർക്കലിന് കാരണമാകും. അതിനാൽ, 3-4 മിനിറ്റ് ആവി കയറ്റിയോ അല്ലെങ്കിൽ ചെറുതായി വേവിച്ചോ കഴിക്കുന്നതാണ് സുരക്ഷിതം.

ഒഴിവാക്കേണ്ടവർ:

ഐബിഎസ്, അമിതമായ ഗ്യാസ്, അല്ലെങ്കിൽ സെൻസിറ്റീവായ വയറുള്ളവർ, തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ

ഒരു മാസം സ്ഥിരമായി മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങൾ നൽകുകയും ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യും. എങ്കിലും, ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡയറ്റിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഒരു ഡോക്ടറുമായോ പോഷകാഹാര വിദഗ്ദ്ധനുമായോ ആലോചിക്കുന്നത് നല്ലതാണ്.

Related Posts