ദിവസേനയുള്ള ഭക്ഷണരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പോലും ദഹനവ്യവസ്ഥയുടെയും കരളിന്റെയും ആരോഗ്യം അത്ഭുതകരമായി മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ.ജോസഫ് സൽഹാബ് പറയുന്നു. വലിയ വിലയുള്ള മരുന്നുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ ഫലം ചെയ്യുക ചിട്ടയായ, ലളിതമായ ഈ ശീലങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തന്റെ തിരക്കിട്ട ജീവിതത്തിനിടയിലും ദഹനവും കരളെന്റെ ആരോഗ്യവും സംരക്ഷിക്കുന്നതിനായി ഡോക്ടർ മുടങ്ങാതെ കഴിക്കുന്ന മൂന്ന് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
- ബെറികൾ
ഡോ. സൽഹാബിന്റെ പ്രഭാതഭക്ഷണത്തിലെ പ്രധാന ഇനമാണ് ബ്ലൂബെറി, സ്ട്രോബെറി, റാസ്‌പ്‌ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറി വർഗ്ഗത്തിൽ പെട്ട പഴങ്ങൾ. ഇവ പുതിയതോ, അല്ലെങ്കിൽ ഫ്രീസ്-ഡ്രൈ ചെയ്തതോ ആകാം. ഈ ബെറികളിൽ ഫൈബറും ഫ്ലേവനോയ്ഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. കരളിന്റെ ആരോഗ്യത്തിന് ഇത് വളരെ ഉത്തമമാണ്. ബ്ലൂബെറിയിലുള്ള ടെറോസ്റ്റിൽബീൻ എന്ന സംയുക്തം കരളിനെ സംരക്ഷിക്കുകയും കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.
- നട്സ്
എല്ലാ ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് അദ്ദേഹത്തിന്റെ ശീലമാണ്. ഇവ ആരോഗ്യകരമായ അപൂരിത കൊഴുപ്പുകൾ, വൈറ്റമിൻ ഇ, ഫൈബർ എന്നിവയുടെ ഒരു കലവറയാണ്. ഇവ ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനും കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. മസ്തിഷ്ക പ്രവർത്തനം മെച്ചപ്പെടുത്താൻ നട്സുകൾ ഉത്തമമാണ്. കൂടാതെ, ഇവ പതിവായി കഴിക്കുന്നത് വൻകുടലിലെ അർബുദം വരാനുള്ള സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
- കട്ടൻ കാപ്പി
കട്ടൻ കാപ്പിയാണ് ഡോക്ടർ ദിവസവും കുടിക്കുന്നത്. കാപ്പിയുടെ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പതിവായി കാപ്പി കുടിക്കുന്നത് വിട്ടുമാറാത്ത കരൾ രോഗങ്ങൾ, സിറോസിസ്, ലിവർ കാൻസർ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി നിരവധി പഠനങ്ങൾ പറയുന്നു. കാപ്പിയിലുള്ള കഫീൻ ചില ആളുകളിൽ കുടൽ ചലനത്തെ ഉത്തേജിപ്പിക്കുകയും മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഫാഷനുകൾക്ക് പിന്നാലെ പോകാതെ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും സ്ഥിരമായി ജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നതുമായ ലളിതമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് കുടലിന്റെയും കരളെന്റെയും ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്നതാണ് ഡോ. സൽഹാബിന്റെ ഈ തിരഞ്ഞെടുപ്പുകൾ നൽകുന്ന പ്രധാന പാഠം.
















