Health Wellness

മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങൾ അറിഞ്ഞിരിക്കൂ

മധുരം ഇഷ്ടമില്ലാത്തവർ വിരളമാണ്. മധുര പലഹാരങ്ങളും മധുര പാനീയങ്ങളും പലർക്കും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ, ഇവയിലെ കൃത്രിമ പഞ്ചസാര അനാരോഗ്യകരമാണെന്ന് പലർക്കും അറിയില്ല. മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കരുതെന്ന് നിരവധി ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിദത്തമായി പഞ്ചസാര അടങ്ങിയ ചില പഴങ്ങളുണ്ട്. അവ കുറച്ച് ആരോഗ്യകരമാണ്, എന്നാലും മിതമായ അളവിലേ കഴിക്കാവൂ. ഏതെങ്കിലും രൂപത്തിൽ അമിതമായി പഞ്ചസാര കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം.

നമ്മൾ കഴിക്കുന്ന് പല ഭക്ഷണങ്ങളിലും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടാകാം. ഇത് തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നാൽ ഒരളവിൽ കൂടുതൽ മധുരം ശരീരത്തിൽ എത്തിയാൽ സ്വാഭാവികമായ ഏതാനും ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം. മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് അറിയാം.

ശരീരഭാരം വർധിപ്പിക്കുക: അമിതമായ പഞ്ചസാരയുടെ ഉപയോഗം പെട്ടെന്ന് ശരീരഭാരം വർധിപ്പിക്കും.

മുഖക്കുരു അല്ലെങ്കിൽ ചർമ്മത്തിലെ പാടുകൾ: പഞ്ചസാര നിങ്ങളുടെ അവയവങ്ങൾക്ക് മാത്രമല്ല, ചർമ്മത്തിനും ദോഷകരമാണ്. അമിതമായ ഉപയോഗം മുഖക്കുരു അല്ലെങ്കിൽ ചർമ്മത്തിൽ പാടുകൾ എന്നിവയ്ക്ക് കാരണമാകും.

മാനസികാവസ്ഥയിലെ മാറ്റം, ആസക്തി: പഞ്ചസാരയുടെ ഉപയോഗം മാനസികാവസ്ഥയിലെ വ്യതിയാനത്തിന് കാരണമാകും. മാത്രമല്ല, ആസക്തി വർധിപ്പിക്കും. മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വീണ്ടും വീണ്ടും കൂടുതൽ കഴിക്കാനുള്ള ആസക്തി ഉണ്ടാക്കും.

പ്രതിരോധശേഷി ദുർബലപ്പെടുത്തുന്നു: പഞ്ചസാരയുടെ അമിത ഉപയോഗം രോഗപ്രതിരോധശേഷിയെ ബാധിക്കും.

വീക്കം ഉണ്ടാക്കുന്നു: അമിതമായ പഞ്ചസാര പുറന്തള്ളപ്പെടാത്ത സാഹചര്യത്തിൽ രക്തത്തിൽ പ്രവേശിക്കുന്ന ടോക്‌സിനുകൾ, എൻഡോടോക്സിനുകൾ ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും വാർദ്ധക്യത്തെ വേഗത്തിലാക്കുകയും ചെയ്യും.

നിരന്തരമായ ആസക്തിയും വിശപ്പും: അമിതമായ മധുരം ശരീരത്തിൽ എത്തിയാൽ അത് തലച്ചോറിൻ്റെ പ്രതികരണ ശേഷിയിൽ സ്വാധീനം ചെലുത്തുകയും വീണ്ടും അത് കഴിക്കാനുള്ള ആഗ്രഹവും, മധുരത്തിനോടുള്ള ആസക്തിയും വർധിപ്പിച്ചേക്കാം.

കുറഞ്ഞ ഊർജവും ഉറക്കവും: ശരീരത്തിനാവശ്യമായ അളവിൽ കൂടുതൽ പഞ്ചസാര എത്തുന്നതിലൂടെ ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് സ്വഭാവികമായ ഉറക്ക ചക്രത്തെ ബാധിക്കുന്നു.

ആമാശയ പ്രശ്നങ്ങൾ: അമിതമായ പഞ്ചസാരയുടെ ഉപയോഗം കുടലിലെ നല്ലതും അല്ലാത്തതുമായ ബാക്ടീരിയകളുടെ പ്രവർത്തനങ്ങളിൽ വ്യതിയാനം സൃഷ്ടിച്ചേക്കാം. ഇത് വയറു വീർക്കൽ, അസ്വസ്ഥത, ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയിലേയ്ക്കു നയിച്ചേക്കാം.

Related Posts