ചെറിയ ദൈർഘ്യമുള്ള പകൽ ഉറക്കം ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് വിശ്രമം ലഭിക്കാനും ദൈനംദിന പ്രവൃത്തികൾക്ക് ഊർജം പകരാനും ഇത് സഹായിക്കും. എന്നാൽ, പകൽ സമയത്ത് എപ്പോഴും ഉറങ്ങാൻ നിങ്ങൾക്ക് തോന്നാറുണ്ടോ?. എങ്കിൽ ശ്രദ്ധിക്കണം. ഉറക്കമില്ലായ്മ, വിഷാദം, നാർക്കോലെപ്സി, സ്ലീപ് അപ്നിയ തുടങ്ങിയ മെഡിക്കൽ പ്രശ്നങ്ങളുടെ സൂചനയായിരിക്കാം.
ഇടയ്ക്കിടെയുള്ള പകൽ ഉറക്കം ഏകാഗ്രത, ഓർമ്മശക്തി, മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമത എന്നിവയെ ബാധിക്കാം. പകൽ സമയത്തെ ഉറക്കം പലപ്പോഴും ചില ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. പകൽ സമയത്തെ ഉറക്കത്തിനു പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഉറക്കമില്ലായ്മ
പകൽ ഉറക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് രാത്രിയിലെ ഉറക്കത്തിന്റെ കുറവാണ്. മോശം സാഹചര്യം, സമ്മർദം, അമിത ജോലി ഇവയൊക്കെ രാത്രിയിലെ ഉറക്കത്തെ ബാധിക്കാം. രാത്രിയിൽ മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ പകൽ സമയത്ത് ക്ഷീണവും മയക്കവും അനുഭവപ്പെടും.
ഉറക്ക സംബന്ധമായ തകരാറുകൾ
സ്ലീപ് അപ്നിയ, നാർകോലെപ്സി, റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം തുടങ്ങിയ ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ പകൽ ഉറക്കത്തിന് കാരണമാകും. ഉദാഹരണത്തിന്, സ്ലീപ് അപ്നിയ ഉറക്കത്തിൽ ശ്വാസോച്ഛ്വാസം തടസ്സപ്പെടുത്തുന്നു. ഇത് ഇടയ്ക്കിടെ ഉണരുന്നതിനും ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം കാലുകളിൽ തരിപ്പും വേദനയും ഉണ്ടാക്കുന്നു, ഇത് ഉറക്കത്തെ ശല്യപ്പെടുത്തും. ഇതുമൂലം വ്യക്തികൾക്ക് പകൽ സമയത്ത് ക്ഷീണവും മയക്കവും അനുഭവപ്പെടുന്നു.
മരുന്നുകൾ
ചില മരുന്നുകൾ പകൽ ഉറക്കത്തിന് കാരണമാകും. ആന്റി ഹിസ്റ്റാമൈൻസ്, ആന്റിഡിപ്രസന്റുകൾ, ആന്റി സൈക്കോട്ടിക്സ്, സെഡേറ്റീവ്സ് തുടങ്ങിയ മരുന്നുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ മരുന്നുകൾ ഉറക്ക ചക്രത്തിൽ ഇടപെടുകയും ഉണർന്നിരിക്കാനുള്ള വ്രണത കൂട്ടുകയും ചെയ്യും. മരുന്ന് കഴിക്കുമ്പോൾ പകൽ സമയത്ത് ഉറക്കം അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറുടെ സഹായം തേടുക.
വിഷാദവും ഉത്കണ്ഠയും
വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകൾ ഉറക്കത്തിന്റെ പാറ്റേണുകളെ തടസ്സപ്പെടുത്തുകയും പകൽ ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും.
പോഷകാഹാര കുറവ്
ഇരുമ്പ്, വിറ്റാമിൻ ഡി, അല്ലെങ്കിൽ ബി വിറ്റാമിനുകളുടെ അഭാവം പോലുള്ള ചില പോഷകാഹാരക്കുറവുകൾ ക്ഷീണത്തിനും പകൽ ഉറക്കത്തിനും കാരണമാകും.
നിർജലീകരണം
നിർജലീകരണം മൂലം തലച്ചോറിലേക്കും പേശികളിലേക്കും രക്തയോട്ടം കുറയുകയും ക്ഷീണവും പകൽ ഉറക്കവും ഉണ്ടാകുകയും ചെയ്യും. നിർജ്ജലീകരണം തലവേദന, തലകറക്കം, ആശയക്കുഴപ്പം എന്നിവയ്ക്കും കാരണമാകും. ഇവയെല്ലാം പകൽ സമയത്ത് ക്ഷീണത്തിന് കാരണമാകും.
എപ്പോഴും ഉറക്കം തോന്നുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്, കാരണം ഇത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. രാത്രിയിൽ ആവശ്യത്തിന് ഉറങ്ങുക, കൃത്യമായ ഉറക്ക ശുചിത്വം പാലിക്കുക, വ്യായാമം ചെയ്യുക, ഭക്ഷണം ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങൾ പകൽ ഉറക്കം കുറയ്ക്കാൻ സഹായിക്കും.