Health Wellness

ദഹനപ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം

വയർവീർക്കൽ, ഗ്യാസ് അല്ലെങ്കിൽ വയറുവേദന തുടങ്ങി ദഹനസംബന്ധമായ അസ്വസ്ഥതകൾ പലരെയും അലട്ടാറുണ്ട്. സമ്മർദം, ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ക്രമരഹിതമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, അനാരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവയൊക്കെ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു. ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

ദഹനപ്രശ്‌നങ്ങൾ ചിലപ്പോഴൊക്കെ സാധാരണമാണ്. എന്നാൽ, വേദനാജനകമായി മാറുമ്പോഴാണ് ശ്രദ്ധ കൂടുതലും വേണ്ടത്. ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ചില വീട്ടുവൈദ്യങ്ങൾ സഹായിക്കും. ഈ പ്രതിവിധികൾ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ദഹന ആരോഗ്യത്തിന് ഗുണം ചെയ്യും.

ഇഞ്ചി ചായ

ദഹനപ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമായി ഇഞ്ചി നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഓക്കാനം, വയർവീർക്കൽ, ഗ്യാസ് എന്നിവ കുറയ്ക്കാൻ സഹായിക്കും. ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് 10-15 മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കുക. രുചിക്ക് തേനോ നാരങ്ങയോ ചേർക്കാം. ഭക്ഷണത്തിന് ശേഷം ഈ ചായ കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും ആശ്വാസം നൽകുകയും ചെയ്യും.

പുതിന

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പുതിന ഏറെ ഗുണം ചെയ്യും. പുതിനയില ഇട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് ദഹനക്കേടിനും ഗ്യാസിനും നല്ലതാണ്. ഭക്ഷണത്തിനുശേഷം പുതിനയില ചായ ഉണ്ടാക്കി കുടിക്കുന്നതും നല്ലതാണ്.

ആപ്പിൾ സിഡർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ ദഹനത്തെ പിന്തുണയ്ക്കുന്നതുൾപ്പെടെയുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ആമാശയത്തിലെ ആസിഡ് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, ഇത് ദഹനം മെച്ചപ്പെടുത്തുകയും വയർവീർക്കൽ കുറയ്ക്കുകയും ചെയ്യും. ആപ്പിൾ സിഡെർ വിനെഗർ ഭക്ഷണം വിഘടിക്കുന്നതിന് സഹായിക്കുന്നു, ദഹനം മെച്ചപ്പെടുത്തുന്നു. നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവയുൾപ്പെടെയുള്ള ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

തൈര്

ദഹനസംബന്ധമായ ആരോഗ്യത്തിന് തൈര് ഗുണം ചെയ്യും. മലബന്ധം, വയർവീർക്കൽ എന്നിവയുൾപ്പെടെയുള്ള വിവിധ ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ തൈര് സഹായിക്കും. പ്രോബയോട്ടിക്സിന്റെ സമ്പന്നമായ ഉറവിടമാണ്. കുടൽ ബാക്ടീരിയയെ സന്തുലിതമാക്കാനും ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക.

ചെറുചൂടുള്ള നാരങ്ങ വെള്ളം

ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തെ വിഷവിമുക്തമാക്കുകയും ചെയ്യും. ഭക്ഷണത്തിന് മുമ്പ് നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

Related Posts