ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് പ്രോട്ടീൻ വളരെ ആവശ്യമാണ്. അസ്ഥികളുടെ ബലത്തിനും എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനത്തിനും പ്രോട്ടീൻ വേണം. പേശീബലം, ഊർജം, ആരോഗ്യകരമായ ചർമ്മം, മുടി, നഖങ്ങൾ എന്നിവയ്ക്കും ഇത് ആവശ്യമാണ്. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നതിൽ പ്രോട്ടീൻ സഹായകരമാണ്.
ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീൻ ലഭിച്ചില്ലെങ്കിൽ പേശികളുടെ ബലക്കുറവ്, ദുർബലമായ പ്രതിരോധശേഷി, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. പ്രോട്ടീൻ കുറവ് ശരീരത്തിൽ പല ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ഇതിലൂടെ ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീൻ ലഭിക്കുന്നില്ലെന്ന് മനസിലാക്കാം. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കാത്തതിന്റെ ചില സാധാരണ ലക്ഷണങ്ങൾ തിരിച്ചറിയാം.
പേശികളുടെ ബലക്കുറവ്
പേശികളുടെ ബലത്തിന് പ്രോട്ടീൻ അത്യാവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നില്ലെങ്കിൽ, ശരീരം അതിന്റെ പ്രോട്ടീൻ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മസിൽ ടിഷ്യു തകർക്കാൻ തുടങ്ങും, ഇത് പേശികളുടെ ബലക്കുറവിന് ഇടയാക്കും.
മുറിവ് സാവധാനം ഉണങ്ങുക
ശരീരത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിച്ചില്ലെങ്കിൽ മുറികൾ ഉണങ്ങുന്നതിന് കാലതാമസം വരും. മുറിവുകൾ സുഖപ്പെടാൻ പതിവിലും കൂടുതൽ സമയമെടുക്കുന്നുവെങ്കിൽ പ്രോട്ടീൻ ഉപഭോഗം വളരെ കുറവാണെന്നതിന്റെ സൂചനയായിരിക്കാം.
പതിവായുള്ള അണുബാധകൾ
ദുർബലമായ പ്രതിരോധശേഷി പ്രോട്ടീൻ അപര്യാപ്തതയുടെ മറ്റൊരു അടയാളമാണ്. അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിബോഡികൾ പ്രോട്ടീനുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ, അവയുടെ കുറവ് രോഗപ്രതിരോധശേഷിയെ ബാധിക്കുകയും ജലദോഷം, അണുബാധകൾ, രോഗങ്ങൾ എന്നിവ കൂടുതൽ ബാധിക്കാൻ ഇടയാക്കുകയും ചെയ്യും.
മുടി, ചർമ്മം, നഖം എന്നിവയുടെ പ്രശ്നങ്ങൾ
മുടി, ചർമ്മം, നഖം എന്നിവ പ്രധാനമായും പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കിൽ, മുടി കൊഴിയുന്നതിനും നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകുന്നതിനും വരണ്ട ചർമ്മത്തിനും ഇടയാക്കും.
ക്ഷീണം, ഊർജ കുറവ്
ഊർജം ലഭിക്കാൻ പ്രോട്ടീൻ ആവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നില്ലെങ്കിൽ, ദിവസം മുഴുവൻ ക്ഷീണമോ അലസതയോ അനുഭവപ്പെടാം, സ്ഥിരമായ ക്ഷീണം ശരീരത്തിന് പ്രോട്ടീൻ ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്.