നമ്മുടെ അടുക്കളയിലും പാചക വിഭവങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. ഭക്ഷ്ണത്തിനു രുചി കൂട്ടുന്നതിനു പുറമേ, പല രോഗങ്ങൾക്കുമുള്ള വീട്ടുവൈദ്യം കൂടിയാണ് വെളുത്തുള്ളി. പ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനപ്രവർത്തനങ്ങൾക്കും വെളുത്തുള്ളി സഹായകരമാണ്. ചിലർ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാറുണ്ട്. വെറും വയറ്റിൽ പച്ച വെളുത്തുള്ളി കഴിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് എന്താണെന്ന് അറിയാം.
- രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
വെറും വയറ്റിൽ പച്ച വെളുത്തുള്ളി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. വെളുത്തുള്ളിയിൽ ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള അലിസിൻ എന്ന സംയുക്തം നിറഞ്ഞിരിക്കുന്നു. വെറും വയറ്റിൽ കഴിക്കുമ്പോൾ ശരീരത്തിന് അലിസിൻ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സാധിക്കുന്നു. ഇത് സീസണൽ രോഗങ്ങളായ ജലദോഷം, പനി, ചെറിയ അണുബാധകൾ എന്നിവയ്‌ക്കെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്നു.
- ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു
2013-ൽ നടത്തിയ ഒരു ഗവേഷണ പഠനത്തിൽ വെളുത്തുള്ളി ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് തെളിഞ്ഞിരുന്നു. ഇവ രണ്ടും ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളാണ്.
- ദഹനം സുഗമമാക്കുന്നു
പച്ച വെളുത്തുള്ളി ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ആമാശയത്തിന് ഭക്ഷണം കാര്യക്ഷമമായി ദഹിപ്പിക്കാൻ സഹായിക്കുന്നുവെന്ന് 2019 ലെ ഒരു ഗവേഷണം പറയുന്നു. വെളുത്തുള്ളിക്ക് പ്രീബയോട്ടിക് ഗുണങ്ങളുണ്ട്, ഇത് ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും വയറു വീർക്കൽ, ദഹനക്കേട്, ക്രമരഹിതമായ മലവിസർജ്ജനം എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.
- ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നു
പച്ച വെളുത്തുള്ളി കരളിന്റെ സ്വാഭാവിക വിഷവിമുക്തമാക്കൽ പ്രക്രിയയെ സഹായിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ഊർജ നില വർധിപ്പിക്കുകയും, മന്ദത കുറയ്ക്കുകയും, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
- ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
വെളുത്തുള്ളി ഒരു മാന്ത്രിക ഗുളികയല്ലെങ്കിലും, വിശപ്പ് നിയന്ത്രിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുമെന്ന് 2022 ലെ ഒരു ഗവേഷണ പ്രബന്ധം പറയുന്നു. വെളുത്തുള്ളി കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയെ സഹായിക്കുകയും മധുരം കഴിക്കാനുള്ള ആസക്തിയെ നിയന്ത്രിക്കുകയും ചെയ്തേക്കാം.
- മനോഹരമായ ചർമ്മം നൽകുന്നു
വെളുത്തുള്ളി മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഉള്ളിൽ നിന്ന് ചെറുക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു.
ഒരു ദിവസം എത്ര കഴിക്കാം?
ഒരു ദിവസം ഒന്ന് മുതൽ രണ്ട് അല്ലി വെളുത്തുള്ളി കഴിക്കാവുന്നതാണ്. അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.