Health Wellness

ചർമ്മം തിളങ്ങും, മലബന്ധം അകറ്റും; പൈനാപ്പിൾ ദിവസവും കഴിച്ചോളൂ

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ ഒന്നാണ് പൈനാപ്പിൾ എന്ന കൈതച്ചക്ക. ദഹനത്തെ സഹായിക്കുന്നത് മുതൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതുവരെ പൈനാപ്പിളിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ സി, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണവ.

കാൻസറിനെ ചെറുക്കുന്നതിനും ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവ ഉപയോഗപ്രദമാണ്. ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുമുണ്ട്. പൈനാപ്പിൾ ദിവസവും കഴിക്കാവുന്നതാണ്. പൈനാപ്പിൾ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം.

വിറ്റാമിനുകളും ധാതുക്കളും

ശരീരത്തിന്റെ ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് പൈനാപ്പിൾ. ഒരു കപ്പ് പൈനാപ്പിൾ ദിവസേന ആവശ്യമായ വിറ്റാമിൻ സിയുടെ 88 ശതമാനവും മാംഗനീസിന് 109 ശതമാനവും നൽകുന്നു. പൈനാപ്പിളിൽ വലിയ അളവിൽ നാരുകൾ, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

ദഹനത്തെ സഹായിക്കുന്നു

ദഹനത്തെ സഹായിക്കുമെന്നതാണ് പൈനാപ്പിളിന്റെ മറ്റൊരു ഗുണം. ബ്രോമലെയ്ൻ അടങ്ങിയ പൈനാപ്പിൾ ദഹനപ്രശ്നങ്ങൾ അകറ്റും. ശരീരഭാരം കുറയ്ക്കാനും പൈനാപ്പിൾ സഹായിക്കും. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

നാരുകളാൽ സമ്പന്നം

നാരുകളുടെ സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ. ഇത് മലവിസർജ്ജനം സുഗമമാക്കാനും അതുവഴി മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. വിട്ടുമാറാത്ത മലബന്ധം ചികിത്സിക്കുന്നതിനും പൈനാപ്പിൾ നല്ലതാണെന്ന് ചില പഠനങ്ങൾ പറയുന്നു.

കാൻസർ തടയാം

പൈനാപ്പിൾ കഴിക്കുന്നത് കാൻസറിനെ തടയാൻ സഹായിച്ചേക്കാം. കാരണം പല അർബുദങ്ങളും ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമാണ് ഉണ്ടാകുന്നത്. പൈനാപ്പിളിൽ ബ്രോമെലൈൻ ഉള്ളതിനാൽ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ ഈ അപകടസാധ്യത കുറയ്ക്കുന്നു.

ആരോഗ്യമുള്ള ചർമ്മം നൽകുന്നു

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന് തിളക്കം നൽകും. ആന്റിഓക്‌സിഡ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ചുളിവുകൾ കുറയ്ക്കാൻ പൈനാപ്പിളിന് കഴിയുമെന്ന് പറയുന്നു. ചർമ്മത്തിലെ കേടുപാടുകൾ കുറയ്ക്കാനും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Related Posts