മൺസൂൺ എത്തുന്നതോടെ ശരീരം സീസണൽ രോഗങ്ങൾക്ക് കൂടുതൽ ഇരയാകുന്നു. ചുമ, ജലദോഷം, പനി എന്നിവ മഴക്കാലത്ത് പലരെയും പിടികൂടുന്നവയാണ്. മഴക്കാല രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ പലവിധ മരുന്നുകളും ലഭ്യമാണെങ്കിലും, ചില വീട്ടുവൈദ്യങ്ങളും ഗുണം ചെയ്യും. ഏറ്റവും പ്രചാരമുള്ള രണ്ട് വീട്ടുവൈദ്യങ്ങളാണ് ഇഞ്ചി ചായയും തുളസി ചായയും. ഇവ രണ്ടും അവയുടെ ഔഷധ ഗുണങ്ങളാൽ പ്രസിദ്ധമാണ്. എന്നാൽ, മഴക്കാലത്ത് ഇവയിൽ ഏതാണ് കൂടുതൽ ഫലപ്രദം എന്നു നോക്കാം.
ഇഞ്ചി ചായ
ഇഞ്ചിയിൽ ജിഞ്ചറോളും ഷോഗോളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നൽകുന്നു. ഈ ഗുണങ്ങൾ തൊണ്ടവേദന കുറയ്ക്കുന്നതിനും, ജലദോഷ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. മഴക്കാലത്ത് സാധാരണയായി കാണപ്പെടുന്ന ദഹനപ്രശ്നങ്ങളെ അകറ്റി നിർത്താനും ഇഞ്ചി ചായ സഹായിക്കുന്നു. മലബന്ധം, ഛർദി, അസിഡിറ്റി എന്നിവ ലഘൂകരിക്കുകയും അസിഡിറ്റിയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
തുളസി ചായ
തുളസി നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്. പ്രകൃതിദത്ത പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു ഔഷധമായും ഇത് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തുളസിയിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റിവൈറൽ, അഡാപ്റ്റോജെനിക് ഗുണങ്ങളുമുണ്ട്. തുളസി തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കുന്നു.
ഇവയിൽ ഏതാണ് നല്ലത്?
ഇഞ്ചി ചായയും തുളസി ചായയും ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ഇഞ്ചി ചായ തൊണ്ടവേദന, വയറിലെ അസ്വസ്ഥത എന്നിവയ്‌ക്കെതിരെ വേഗത്തിൽ പ്രവർത്തിക്കുന്നു.അതേസമയം തുളസി ചായ ശ്വസന ആരോഗ്യം ശക്തിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ജലദോഷം പിടിപെട്ടാൽ, ഇഞ്ചി ചായ വേഗത്തിൽ ആശ്വാസം നൽകിയേക്കാം. മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുകയാണ് വേണ്ടതെങ്കിൽ, തുളസി ചായയാണ് നല്ലത്.
ദിവസത്തിലെ ഏത് സമയത്തും ഇഞ്ചി ചായ കുടിക്കാം. രാവിലെയോ ഉച്ചകഴിഞ്ഞോ കുടിക്കുന്നത് ദഹനം വേഗത്തിലാക്കാനും തണുപ്പിനെ ചെറുക്കാനും സഹായിക്കുന്നു. എന്നിരുന്നാലും, രാത്രി വൈകി ഇഞ്ചി ചായ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. തുളസി ചായ ദിവസം മുഴുവൻ കുടിക്കാം. രാവിലെ കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുകയും, തൊണ്ടയ്ക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു. എപ്പോഴും ചൂടോടെ തുളസി ചായ കുടിക്കുക.