ജലദോഷം, ചുമ, അല്ലെങ്കിൽ ദഹനക്കേട് പോലുള്ള രോഗാവസ്ഥകൾക്കുള്ള പ്രകൃതിദത്ത പ്രതിവിധിയാണ് ഇഞ്ചി. ഇന്ത്യൻ അടുക്കളയിലും ഇഞ്ചിക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. ഇഞ്ചിക്ക് ആരോഗ്യ ഗുണങ്ങളും പോഷക ഗുണങ്ങളുമുണ്ട്. അധികമായാൽ അമൃതും വിഷമാണല്ലോ?. ഇഞ്ചിയുടെ കാര്യത്തിലും ഇത് സത്യമാണ്. ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണെങ്കിലും ഇഞ്ചി അമിതമായി ഉപയോഗിച്ചാൽ പ്രശ്നമായി മാറിയേക്കാം.
ഇഞ്ചിയുടെ 5 ആരോഗ്യ ഗുണങ്ങൾ
- രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇഞ്ചി. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല പ്രതിവിധികളിൽ ഒന്നാണ് ഇഞ്ചി. ഇഞ്ചി, കറുവാപ്പട്ട എന്നിവ 1 കപ്പ് ചൂടുവെള്ളത്തിൽ 10 മിനിറ്റ് നേരം തിളപ്പിക്കുക. അരിച്ചെടുത്തശേഷം ചെറുനാരങ്ങ നീരും തേനും ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
- ദഹനം എളുപ്പമാക്കുന്നു
ബ്ലോട്ടിങ് മുതൽ ഓക്കാനം വരെയുള്ള ദഹന പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഇഞ്ചി സഹായിക്കും. ഇഞ്ചി കുടലിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു, ദഹനനാളത്തിലൂടെ ഭക്ഷണത്തിന്റെ ചലനം ത്വരിതപ്പെടുത്തുന്നു, ഗ്യാസ്, വയറുവേദന, മലബന്ധം എന്നിവ കുറയ്ക്കുന്നു.
- വീക്കം കുറയ്ക്കുന്നു
ഇഞ്ചിക്ക് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് സന്ധികളുടെ ആരോഗ്യത്തിന് സഹായിക്കും.
- ബ്ലഡ് ഷുഗർ ബാലൻസ് ചെയ്യുന്നു
ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിച്ചേക്കാം, ഇത് പ്രമേഹം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ദിവസവും ചെറിയ അളവിൽ ഇഞ്ചി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിച്ചേക്കും.
- ജലദോഷത്തിൽനിന്ന് ആശ്വാസം നൽകുന്നു
ഒരു കപ്പ് ഇഞ്ചി ചായ ജലദോഷ ലക്ഷണങ്ങൾ ശമിപ്പിക്കാൻ സഹായിക്കും. ഇഞ്ചി തൊണ്ടവേദന ശമിപ്പിക്കാനും സഹായിക്കുന്നു.
പ്രതിദിനം എത്ര അളവ് ഇഞ്ചി കഴിക്കാം
ഇഞ്ചി ഗുണം ചെയ്യുമെങ്കിലും, പ്രതിദിന ഉപഭോഗ അളവ് പ്രധാനമാണ്. മിക്ക മുതിർന്നവർക്കും പ്രതിദിനം ഏകദേശം 2–4 ഗ്രാം ഇഞ്ചി അല്ലെങ്കിൽ ഒരു ടീസ്പൂൺ ഉണങ്ങിയ ഇഞ്ചി പൊടി സുരക്ഷിതമാണ്. കുട്ടികളും മുതിർന്നവരും ഇതിലും കുറഞ്ഞ അളവിൽ കഴിക്കണം.