പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ സാധാരണക്കാർക്ക് സുരക്ഷിതത്വം ഉറപ്പു നൽകുന്നവയാണ്. വളരെ കുറഞ്ഞ നിക്ഷേപങ്ങളിലൂടെ വലിയൊരു തുക നൽകുന്നവയാണ് തപാൽ വകുപ്പിന്റെ സ്കീമുകൾ. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പണം നഷ്ടമാകുമെന്ന ആശങ്കയും വേണ്ട. പോസ്റ്റ് ഓഫീസിന്റെ സുരക്ഷിതമായൊരു നിക്ഷേപ പദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റ് അല്ലെങ്കിൽ അർഡി. വെറും 100 രൂപ നിക്ഷേപിച്ച് ഈ പദ്ധതിയിൽ ഏതൊരാൾക്കും ചേരാമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
ആർഡിയുടെ കാലാവധി അഞ്ച് വർഷമാണ്. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകന്റെ താൽപര്യം അനുസരിച്ച് കാലാവധി ദീർഘിപ്പിക്കാവുന്നതാണ്. നിക്ഷേപകർക്ക് വായ്പ സൗകര്യവും ആർഡി ഒരുക്കുന്നുണ്ട്. പദ്ധതിയിൽ ഒരു വർഷത്തിൽ കൂടുതൽ നിക്ഷേപം നടത്തിയവർക്കാണ് വായ്പയെടുക്കാനുളള യോഗ്യതയുളളത്.
1000 രൂപ നിക്ഷേപിച്ചാൽ 1.5 ലക്ഷം എങ്ങനെ നേടാം?
പ്രതിമാസം 1000 രൂപയുടെ നിക്ഷേപമാണ് ആർഡിയിൽ നടത്തുന്നതെങ്കിൽ അഞ്ച് വർഷം കൊണ്ട് ആകെ നിക്ഷേപം 60,000 രൂപയാകും. 6.7 ശതമാനം പലിശ നിരക്കിൽ നിങ്ങൾക്ക് പലിശ ഇനത്തിൽ 11,369 രൂപ കൂടി ലഭിക്കും. ഇത്തരത്തിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ ആകെ നിക്ഷേപം 71,369 രൂപയാകും. അഞ്ച് വർഷത്തേക്ക് കൂടി നിങ്ങളുടെ നിക്ഷേപം ദീർഘിപ്പിക്കുകയാണെങ്കിൽ ആകെ നിക്ഷേപം 1,20,000 രൂപയാകും. ഇതേ നിരക്കിൽ 50,857 രൂപ പലിശയും ലഭിക്കും. അങ്ങനെ പത്ത് വർഷം കൊണ്ട് നിങ്ങൾക്ക് 1,70,857 രൂപ നേടാൻ സാധിക്കും.
പോസ്റ്റ് ഓഫീസ് ആർഡി സുരക്ഷിതവും ഫലപ്രദവുമായ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ്. പോസ്റ്റ് ഓഫീസ് ആർഡി സ്കീം വ്യക്തികളെ നിശ്ചിത കാലയളവിൽ സ്ഥിരമായി പ്രതിമാസ നിക്ഷേപം നടത്താനും കൂട്ടുപലിശയിലൂടെ സമ്പത്ത് വർധിപ്പിക്കാനും സഹായിക്കും. ചെറിയ തുകകൾ പതിവായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന, ശമ്പള വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ഈ സ്കീം അനുയോജ്യമാണ്.
ഒരു പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ട് എങ്ങനെ ആരംഭിക്കാം?
ഏതൊരു ഇന്ത്യൻ പൗരനും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ള ആർക്കും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ളവർക്ക് അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം. ചെറിയ കുട്ടികളുടെ പേരിലാണ് അക്കൗണ്ട് എങ്കിൽ മാതാപിതാക്കളുടെ പേരിൽ അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുറക്കാനായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക. ആർഡി അപേക്ഷാ ഫോം പൂരിപ്പിക്കുക. ആദ്യ നിക്ഷേപത്തോടൊപ്പം രേഖകൾ സമർപ്പിക്കുക. സമ്പാദ്യവും പലിശയും ട്രാക്ക് ചെയ്യുന്നതിന് ഒരു പാസ്ബുക്ക് ലഭിക്കും.
പോസ്റ്റ് ഓഫീസ് ആർഡിയുടെ നേട്ടങ്ങൾ
നിക്ഷേപങ്ങൾക്ക് ഉയർന്ന പരിധി ഇല്ലാത്തതിനാൽ, നിക്ഷേപകർക്ക് അവർക്ക് ഇഷ്ടമുള്ളത്ര നിക്ഷേപിക്കാൻ കഴിയും. സുരക്ഷിത നിക്ഷേപമാണിത്. ഈ പദ്ധതിക്ക് ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുണ്ട്, അതിനാൽ തന്നെ ഈ നിക്ഷേപം അപകടരഹിതവും സുരക്ഷിതവുമാണ്.