സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ തപാൽ വകുപ്പ് നിരവധി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷിത നിക്ഷേപത്തിനൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പു നൽകുന്നൊരു സ്കീമും പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെയും സെമി- അർബൻ പ്രദേശങ്ങളിലെയും ആളുകളെ ലക്ഷ്യം വെച്ചു കൊണ്ടാണ് ഗ്രാമ സുരക്ഷാ യോജന എന്ന പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എന്താണ് ഗ്രാമ സുരക്ഷാ യോജന?
തപാൽ വകുപ്പിന്റെ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസിന്റെ (RPLI) കീഴിൽ പ്രവർത്തിക്കുന്ന ഒരു ഇൻഷുറൻസ്-കം-ഇൻവെസ്റ്റ്മെന്റ് പദ്ധതിയാണ് ഗ്രാമ സുരക്ഷാ യോജന. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഗ്രാമ സുരക്ഷാ യോജന ആരംഭിച്ചത്. സ്കീമിൽ അംഗമായാൽ ജീവിതകാലം മുഴുവൻ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഹോൾ ലൈഫ് അഷ്വറൻസ് പോളിസിയാണിത്.
19 നും 55 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ ചേരാം. നിക്ഷേപകന്റെ പ്രായത്തെയും തിരഞ്ഞെടുത്ത പോളിസി കാലാവധിയെയും ആശ്രയിച്ച്, സ്കീമിന്റെ കാലാവധി 80 വയസ്സ് വരെയാവാൻ സാധ്യതയുണ്ട്. പോളിസിയുടെ കുറഞ്ഞ സം അഷ്വേർഡ് തുക 10000 രൂപയാണ്. 10 ലക്ഷം രൂപയാണ് പരമാവധി സംഅഷ്വേർഡ് തുക.
50 രൂപ നിക്ഷേപിച്ചാൽ 35 ലക്ഷം എങ്ങനെ സമ്പാദിക്കാം?
ഗ്രാമ സുരക്ഷാ യോജനയിൽ എല്ലാ ദിവസവും 50 രൂപ നിക്ഷേപിച്ചാൽ ഏകദേശം 31 ലക്ഷം മുതൽ 35 ലക്ഷം വരെ ഫണ്ട് വളരും. അതായത് പോളിസിയിൽ ഓരോ മാസവും 1,515 രൂപ നിക്ഷേപിക്കുന്നതിലൂടെ, പോളിസി കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയ്ക്ക് 34.60 ലക്ഷം രൂപ റിട്ടേൺ ലഭിക്കും. 55 വയസ്സുവരെ നിക്ഷേപിക്കുന്നവർക്ക് 31,60,000 രൂപയും 58 വർഷത്തെ കാലാവധിക്ക് 33,40,000 രൂപയും 60 വയസ്സുവരെ നിക്ഷേപിക്കുന്നവർക്ക് 34.60 ലക്ഷം രൂപയുമാണ് മെച്യുരിറ്റി ആനുകൂല്യമായി തിരികെ ലഭിക്കുക.
സ്കീമിന്റെ മറ്റു പ്രത്യേകതകൾ
നാല് വർഷം പൂർത്തിയായാൽ ഗ്രാം സുരക്ഷാ യോജനയിൽ നിന്ന് വായ്പ ലഭിക്കും. പോളിസി ഉടമയ്ക്ക് മൂന്ന് വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാം. നേരത്തെ സറണ്ടർ ചെയ്താൽ ആനുകൂല്യങ്ങൾ ലഭിക്കില്ല. അഞ്ച് വർഷത്തിന് മുൻപ് പദ്ധതി അവസാനിപ്പിച്ചാൽ ബോണസ് ലഭിക്കില്ല. നിക്ഷേപകർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് പ്രതിമാസമോ, ത്രൈമാസമോ, അർദ്ധ വാർഷികമായോ അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലോ തുക നിക്ഷേപിക്കാം. നിക്ഷേപകർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കാലാവധി തിരഞ്ഞെടുക്കാം. 10 വർഷം, 15 വർഷം, 20 വർഷം എന്നിങ്ങനെയാണ് കാലാവധി.