ഡൽഹി: ശമ്പള പരിഷ്കരണത്തിന് മുമ്പ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസവുമായി കേന്ദ്രം. ഹോളിക്ക് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2026 ജനുവരി മുതലുള്ള ഡിഎയും ഡിആറും വർധിപ്പിച്ചേക്കും. ഹോളിക്ക് മുമ്പ്, മാർച്ചിൽ ഇതുസംബന്ധിച്ച് ഔദ്യോഗക പ്രഖ്യാപനമുണ്ടാകും.
അതേസമയം, 2025 ഡിസംബറിലെ AICPI-IW ഡാറ്റ ലേബർ ബ്യൂറോ പുറത്തുവിട്ടു. AICPI-IW (അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക – വ്യാവസായിക തൊഴിലാളികൾ) ദൈനംദിന സാധനങ്ങളുടെ വിലയിലെ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന സൂചികയാണ്. ലേബർ ബ്യൂറോയാണ് ഇത് പ്രസിദ്ധീകരിക്കുക. ലേബർ ബ്യൂറോ പ്രതിമാസം വിലക്കയറ്റ സൂചിക റിപ്പോർട്ട് പുറത്തിറക്കും. ഈ സൂചികയുടെ 12 മാസത്തെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഡിഎ നിശ്ചയിക്കുന്നത്.
ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചെങ്കിലും, എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നത് വരെ, ഏഴാം ശമ്പള കമ്മീഷന്റെ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായാകും ഡിഎ കണക്കാക്കുക. പണപ്പെരുപ്പത്തിന്റെ ആഘാതം ലഘൂകരിക്കാൻ സർക്കാർ ജീവനക്കാർക്ക് നൽകുന്ന അലവൻസാണ് ഡിഎ. ജനുവരിയിലും ജൂലൈയിലും സർക്കാർ വർഷത്തിൽ രണ്ടുതവണ ഡിഎ വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ, ഡിഎയിലെ വർദ്ധനവ് മൊത്തം ശമ്പളത്തിലും പ്രതിഫലിക്കും.
















