Finance Personal Finance

ടെൻഷനില്ലാതെ വിരമിക്കണോ? ഈ നിക്ഷേപം തിരഞ്ഞെടുത്തോളു

ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗമായി മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP) മാറിയിട്ടുണ്ട്. 30 വയസ് മുതൽ നിക്ഷേപിക്കുന്നവർക്ക് 30 വർഷം കൊണ്ട് നല്ലൊരു സമ്പാദ്യം ശേഖരിക്കാൻ കഴിയും. ഇത് സാമ്പത്തിക സുരക്ഷിതത്വത്തോടെയുള്ള വിരമിക്കലിന് വഴിയൊരുക്കുന്നു.

എല്ലാ മാസവും ഒരു നിശ്ചിത തുക എസ്ഐപിയിൽ നിക്ഷേപിക്കുന്നത് സാമ്പത്തിക ഭദ്രതയ്ക്കുള്ള നല്ലൊരു മാർഗമാണ്. കോമ്പൗണ്ടിംഗിന്റെ ശക്തിയിലൂടെയാണ് എസ്ഐപി സമ്പത്ത് വർധിപ്പിക്കുന്നത്. ഇത് വിരമിക്കൽ ആസൂത്രണത്തിനും ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കുമുള്ള മികച്ചൊരു തിരഞ്ഞെടുപ്പായി മാറുന്നു.

എസ്ഐപിയിൽ പ്രതിമാസം 5000 നിക്ഷേപിക്കുക

60 വയസ് വിരമിക്കൽ ലക്ഷ്യം നിശ്ചയിച്ചുകൊണ്ട്, 30 വയസിൽ 30 വർഷത്തേക്ക് സ്ഥിരമായി ഒരു എസ്ഐപിയിൽ നിക്ഷേപിക്കുന്നത് നല്ലൊരു തുക നേടിയെടുക്കാൻ സഹായിക്കും. ഉദാഹരണത്തിന്, പ്രതിമാസം 5,000 രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക. 12% വാർഷിക വരുമാനം പ്രതീക്ഷിച്ചാൽ വിരമിക്കുമ്പോൾ 1.54 കോടി രൂപയുടെ കോർപ്പസ് സമാഹരിക്കാൻ കഴിയും. ഇതിൽ 18 ലക്ഷം രൂപ നിക്ഷേപ തുകയാണ്. 1.36 കോടി രൂപ പലിശ അടക്കമുള്ള വരുമാനത്തിലൂടെ ലഭിക്കുന്നതാണ്.

പ്രതിമാസം 15,000 നിക്ഷേപിക്കുക

30 വയസിൽ, 12% വാർഷിക വരുമാനം പ്രതീക്ഷിക്കുന്ന ഒരു SIP-യിൽ പ്രതിമാസം 15,000 രൂപ നിക്ഷേപിക്കുന്നത് 30 വർഷത്തിനുള്ളിൽ 4.62 കോടി രൂപയായി വളരും. ഇതിൽ 54 ലക്ഷം രൂപ നിക്ഷേപിച്ച മൂലധനമായിരിക്കും, അതേസമയം 4.08 കോടി രൂപ വരുമാനത്തിൽ നിന്നാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ വരുമാനത്തെ ബാധിക്കുമെങ്കിലും, നേരത്തെ ആരംഭിക്കുന്നത് നിക്ഷേപങ്ങൾ കാലക്രമേണ സ്ഥിരമായി വളരാൻ സഹായിക്കും. മാത്രമല്ല, കരിയറിലും വരുമാനത്തിലും മാറ്റം വരുന്നതിന് അനുസരിത്ത് എസ്ഐപി സംഭാവനകൾ വർധിപ്പിക്കാനും കഴിയും.

നല്ലൊരു വിരമിക്കൽ ഫണ്ട് കെട്ടിപ്പടുക്കുന്നതിന് എസ്ഐപി മികച്ച തിരഞ്ഞെടുപ്പാണ്. കാരണം, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ പ്രതിമാസ നിക്ഷേപം നടത്താനുള്ള ഓപ്ഷനുണ്ടെന്നതാണ്. 30 വയസിൽ, പ്രതിമാസം 5,000 രൂപയോ 15,000 രൂപയോ നിക്ഷേപിക്കാൻ ശ്രമിക്കുക. ദീർഘകാലാടിസ്ഥാനത്തിൽ, അച്ചടക്കമുള്ള നിക്ഷേപം ഗണ്യമായ സാമ്പത്തിക സുരക്ഷയ്ക്കും കൂടുതൽ സുഖകരമായ ജീവിതത്തിനും സഹായിക്കും.

Related Posts