വിരമിക്കൽ ജീവിതം എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതിനാൽതന്നെ, വിരമിക്കൽ ജീവിതം മുൻകൂട്ടി ആസൂത്രണം ചെയ്യണം. സാമ്പത്തിക നേട്ടം ഉറപ്പുള്ള നിക്ഷേപ പദ്ധതികളിൽ ചേരുന്നത് വിരമിക്കൽ ജീവിതം സുഗമമായി മുന്നോട്ടു നയിക്കാൻ സഹായിക്കും. പലരും ഒരു കോടി രൂപയുടെ വിരമിക്കൽ കോർപ്പസ് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്ന് കരുതുന്നു. എന്നാൽ, ഈ തുക 25 വർഷത്തെ വിരമിക്കൽ കാലയളവിന് മതിയാകില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഒരു കോടി രൂപയുടെ സമ്പാദ്യം 25 വർഷത്തേക്ക് പ്രതിമാസം ഏകദേശം 33,000 രൂപ നൽകിയേക്കാം. എന്നാൽ പണപ്പെരുപ്പം 10 വർഷത്തിനുള്ളിൽ 17,500 രൂപയായും 2045 ആകുമ്പോഴേക്കും 16,000 രൂപയിൽ താഴെയായും കുറയ്ക്കും. മാത്രമല്ല, ആരോഗ്യ സംരക്ഷണ ചെലവുകൾ, വാടക, കുടുംബ ആവശ്യങ്ങൾ, ജീവിതശൈലി ചെലവുകൾ എന്നിവ വർധിച്ചുകൊണ്ടിരിക്കും. 2045 ആകുമ്പോഴേക്കും ഒരു കോടി രൂപയ്ക്ക് ഏകദേശം 23 ലക്ഷം രൂപയുടെ വാങ്ങൽ ശേഷി മാത്രമേ ഉണ്ടാകൂ.
മെട്രോ നഗരങ്ങളിൽ സുഖകരമായ വിരമിക്കൽ ജീവിതത്തിന് കുറഞ്ഞത് 4–5 കോടി രൂപയെങ്കിലും വേണമെന്ന് വിദഗ്ദ്ധർ പറയുന്നു. ചെറിയ പട്ടണങ്ങളിൽ, വിരമിച്ചവർക്ക് അടിസ്ഥാന സൗകര്യങ്ങൾക്കായി ഇപ്പോഴും 2.5 കോടി രൂപ ആവശ്യമായി വന്നേക്കാം. അതിനാലാണ് സാമ്പത്തിക വിദ്ഗധർ നേരത്തെ തന്നെ എസ്‌ഐപി നിക്ഷേപം ആരംഭിക്കാനും പതിവായി എസ്‌ഐപികൾ വർധിപ്പിക്കാനും ഉപദേശിക്കുന്നത്. വൈവിധ്യവൽക്കരണം, ആരോഗ്യ സംരക്ഷണ ആസൂത്രണം, ഇതര വരുമാന സ്രോതസ്സുകൾ എന്നിവയിലൂടെ പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷണം നേടാനാകും.
എന്താണ് എസ്ഐപി?
ഒരു നിശ്ചിത തുക വീതം സമയബന്ധിതമായി നിശ്ചിത ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമിലേക്ക് തുടർച്ചയായി നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക്ക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ എസ്‌ഐപി നിക്ഷേപങ്ങളിലൂടെ സാധിക്കും. അച്ചടക്കത്തോടെയുള്ള ഈ നിക്ഷേപം സമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
എന്നാല്‍ മികച്ച നേട്ടമുണ്ടാക്കാന്‍ പതിവ് എസ്‌ഐപി മാത്രം പോര. അതിനായി സ്റ്റെപ്പ് അപ്പ് എസ്‌ഐപി എന്ന തന്ത്രമാണ് സാമ്പത്തിക വിദഗ്ധർ ശുപാര്‍ശ ചെയ്യുന്നത്. നിക്ഷേപം സ്ഥിരമായി തുടരുന്ന എസ്‌ഐപിയില്‍ നിന്നും വ്യത്യസ്തമായി സ്റ്റെപ്പ് അപ്പ് എസ്‌ഐപി നിക്ഷേപകര്‍ക്ക് എല്ലാ വര്‍ഷവും അവരുടെ സംഭാവനകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും.
ശമ്പള വര്‍ധനവ് സംഭവിക്കുന്നതിന് അനുസൃതമായി നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ ഓരോരുത്തര്‍ക്കും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ സാധിക്കും. വര്‍ഷം തോറും ശമ്പളം വര്‍ധിക്കുന്നതിന് അനുസരിച്ച് നിക്ഷേപകര്‍ക്ക് ദൈനംദിന ചെലവുകളെ ബാധിക്കാതെ സമ്പത്ത് സൃഷ്ടിക്കാനായി വലിയൊരു പങ്ക് തന്നെ നീക്കിവെയ്ക്കാന്‍ സാധിക്കും.
















