5 ലക്ഷം നിക്ഷേപിച്ചാൽ 10 ലക്ഷമായി തിരികെ കിട്ടും; ഈ സ്കീമിൽ നിക്ഷേപിക്കൂ
സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകളെയാണ് കൂടുതൽ പേരും സമീപിക്കുന്നത്. ഉറപ്പുള്ള വരുമാനത്തിനൊപ്പം നിക്ഷേപ സുരക്ഷയുമാണ് പലരെയും ബാങ്കുകളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ, ബാങ്കുകളെപ്പോലെ തന്നെ സ്ഥിര നിക്ഷേപങ്ങൾക്ക് പോസ്റ്റ് ഓപീസും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സുരക്ഷിതമായ രീതിയിൽ പണം വളർത്തുന്നതിനുള്ള ഒരു സ്കീമാണ് പോസ്റ്റ് ഓഫീസ് ടൈം ടെപ്പോസിറ്റ്. ഈ നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ട്. അതായത് നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാണ്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് (FD) എന്നും അറിയപ്പെടുന്നു. 1,2,3,5 എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ കാലാവധി. നിലവിലെ പലിശ നിരക്ക് പരിശോധിച്ചാല്‍ ഒരു വര്‍ഷത്തേക്ക് 6.9 ശതമാനവും രണ്ട് വര്‍ഷത്തേക്ക് 7 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 7.1 ശതമാനവും അഞ്ചു വര്‍ഷത്തേക്ക് 7.5 ശതമാനവും ടൈം ഡെപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു. മാർക്കറ്റ് ലിങ്ക്ഡ് നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകൾ മൂലധന നഷ്ടത്തിന്‍റെ അപകടസാധ്യതയില്ലാതെ ഉറപ്പായ വരുമാനം നൽകുന്നു.
5 ലക്ഷം നിക്ഷേപിച്ചാൽ 10 ലക്ഷം എങ്ങനെ കിട്ടും?
5 വർഷത്തെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 5 ലക്ഷം രൂപ നിങ്ങൾ നിക്ഷേപിക്കുന്നുവെന്ന് കരുതുക. 7.5 ശതമാനം പലിശ ലഭിക്കും. അതായത് 2,24,974 രൂപയാണ് 5 വർഷം കൊണ്ട് ആകെ ലഭിക്കുന്ന പലിശ. മെച്യൂരിറ്റി തുക 7,24,974 രൂപ. നിക്ഷേപം അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയാണെങ്കിൽ, ആ കാലയളവിലെ പലിശ 5,51,175 രൂപയും മെച്യൂരിറ്റി തുക 10,51,175 രൂപയും ആയിരിക്കും. അതായത് 5 ലക്ഷം രൂപയ്ക്ക് 10 വർഷം കൊണ്ട് 5 ലക്ഷം രൂപ പലിശയായി ലഭിക്കും.
നികുതി ഇളവ്, വായ്പ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ, 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ഇളവിന്റെ ആനുകൂല്യം ലഭിക്കും. ഇതിലെ നിക്ഷേപത്തിനും വായ്പ എടുക്കാം. ഇതോടൊപ്പം, ഈ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിൽ ഒരു സിംഗിൾ അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടോ തുറക്കാം. 10 വയസ്സിന് മുകളിലുള്ള കുട്ടിയുടെ അക്കൗണ്ട് അവന്റെ/അവളുടെ കുടുംബാംഗം വഴി തുറക്കാം.
സ്കീമിന്റെ ഗുണങ്ങൾ
സർക്കാർ പിന്തുണയുള്ളതിനാൽ നിക്ഷേപിക്കുന്ന തുകയുടെ സുരക്ഷ വളരെ വലുതാണ്. ഇന്ത്യയിലുടനീളമുള്ള ഏത് പോസ്റ്റ് ഓഫീസ് ശാഖയിലും പോസ്റ്റ് ഓഫീസ് എഫ്ഡികൾ എളുപ്പത്തിൽ തുറക്കാൻ കഴിയും. പലിശ ത്രൈമാസികമായി കൂട്ടുന്നു. ഇത് കാലക്രമേണ സമ്പത്ത് സ്ഥിരമായി വളർത്താൻ സഹായിക്കുന്നു.
















