ഇന്ന് വളരെയേറെ ജനപ്രിയമായ നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി. ചെറിയ വരുമാനക്കാര്‍ക്കും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനുള്ള സൗകര്യപൂര്‍വമായ മാര്‍ഗമാണിത്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കിൽ നിശ്ചിത ഇടവേളകളില്‍ ഒരു നിശ്ചിത തുക വീതം നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ആവര്‍ത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപമാണിത്. നിക്ഷേപിക്കുന്ന തുക, നിക്ഷേപ കാലയളവ്, നിക്ഷേപത്തിന് പ്രതീക്ഷിക്കുന്ന റിട്ടേണ്‍ എന്നിവ അടിസ്ഥാനമാക്കിയാണ് എസ്ഐപി നിക്ഷേപത്തിലൂടെ എത്ര സമ്പാദിക്കാൻ കഴിയുമെന്ന് വിലയിരുത്താനാവുക. നിക്ഷേപം നേരത്തെ തുടങ്ങുക എന്നതാണ് വലിയ സമ്പാദ്യം നേടുന്നതിനുള്ള ഒരു മാർഗം.
നിക്ഷേപം ദീർഘനാൾ തുടരുന്നത് കോമ്പൗണ്ടിങിന്‍റെ പ്രയോജനത്തോടെ അത്രയും വളര്‍ച്ച നിക്ഷേപത്തിന് ലഭിക്കും. സാധാരണയായ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ 12-15 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കാറുണ്ട്. 20 വർഷം കൊണ്ട് 5 കോടി രൂപയുടെ ഒരു കോർപ്പസ് ലക്ഷ്യമിടുന്നുവെങ്കിൽ പ്രതിമാസ എസ്ഐപി എത്രയായിരിക്കണമെന്ന് നോക്കാം.
വാർഷിക റിട്ടേൺ 1: 10 ശതമാനം കണക്കാക്കുകയാണെങ്കിൽ നിങ്ങളുടെ എസ്ഐപി പ്രതിമാസം 70,000 രൂപ ആയിരിക്കണം. എന്നാൽ, വാർഷിക റിട്ടേൺ 2: 12 ശതമാനം കണക്കാക്കുകയാണെങ്കിൽ പ്രതിമാസ എസ്ഐപി നിക്ഷേപം 55,000 രൂപ മതിയാകും. അതേസമയം, വാർഷിക റിട്ടേൺ 3: 15 ശതമാനമാണെങ്കിൽ പ്രതിമാസ എസ്ഐപി 38,000 രൂപയും, 4: 20 ശതമാനം കണക്കാക്കിയാൽ പ്രതിമാസം 21,000 രൂപ എസ്ഐപിയിൽ നിക്ഷേപം നടത്തുന്നത് വഴി 5 കോടി സമാഹരിക്കാൻ സാധിക്കും.
എസ്ഐപിയുടെ സവിശേഷതകൾ
മ്യൂച്വല്‍ഫണ്ടുകളില്‍ 2 തരം നിക്ഷേപമാണുള്ളത്- ലംപ്‌സം, എസ്‌ഐപി. ലംപ്‌സം എന്നത് ഒറ്റത്തവണ നിക്ഷേപമാണ്. അതേസമയം എസ്‌ഐപി കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക വഴി നിക്ഷേപം വളര്‍ത്തുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ എസ്‌ഐപി നിക്ഷേപങ്ങള്‍ 12% വരെ വാര്‍ഷിക റിട്ടേണ്‍ നല്‍കുന്ന ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. പക്ഷെ ഇത് ഗ്യാരണ്ടിഡ് അല്ല. ഇന്നത്തെ പ്രകടനം നാളെ തുടരണമെന്ന് ഒരു നിര്‍ബന്ധവുമില്ല.
ചിട്ടയായുള്ള നിക്ഷേപം ശീലം വളര്‍ത്താന്‍ എസ്ഐപി മികച്ച മാര്‍ഗ്ഗമാണ്. എത്രകാലം വേണമെങ്കിലും എസ്ഐപി തുടരാം. ഫണ്ടിന്റെ പ്രകടനം മികച്ചതാണെങ്കില്‍ നിക്ഷേപ നിര്‍ത്തുകയോ മറ്റ് ഫണ്ടുകളിലേയ്ക്ക് മാറുകയോ ചെയ്യേണ്ട ആവശ്യമില്ല. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഭാഗികമായി പണം പിന്‍വലിച്ചാലും ബാക്കി നിക്ഷേപം തുടരാമെന്നതാണ് മ്യൂച്വല്‍ ഫണ്ടിന്റെ പ്രത്യേകത. 10 വര്‍ഷമെങ്കിലും നിക്ഷേപം തുരുകയോ നിലനിര്‍ത്തുകയോ ചെയ്താല്‍ ഇക്വിറ്റി ഫണ്ടുകളിലെ എസ്ഐപി നിക്ഷേപത്തില്‍നിന്ന് നെഗറ്റീവ് റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യത ഇല്ല.
















