വലിയൊരു തുക നിക്ഷേപിച്ചാൽ മാത്രമാണ് മികച്ച വരുമാനം ലഭിക്കുകയെന്നാണ് ചിലർ വിശ്വസിക്കുന്നത്. അതിനാലാണ്, നിക്ഷേപിക്കാൻ വലിയൊരു മൂലധനം ഉണ്ടാകുന്നതുവരെ പലരും കാത്തിരിക്കുന്നത്. ഈ ചിന്ത അവരുടെ നിക്ഷേപ യാത്ര ആരംഭിക്കുന്നത് വൈകിപ്പിച്ചുകൊണ്ടേയിരിക്കും. ഒരു ചെറിയ നിക്ഷേപത്തിന് പോലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന കാര്യം ആദ്യം മനസിലാക്കുക.
നിക്ഷേപ കാലയളവിൽ കോമ്പൗണ്ടിങ് ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. നിങ്ങൾ എത്ര നേരത്തെ ആരംഭിക്കുന്നുവോ അത്രയും കൂടുതൽ കോമ്പൗണ്ടിങ് ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും. അതിനാൽ, ചെറുപ്രായത്തിൽ തന്നെ സമ്പാദ്യം ശീലമാക്കണം. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനിലൂടെ മ്യൂച്വൽ ഫണ്ടിൽ പ്രതിമാസം 8000 രൂപ നിക്ഷേപിച്ച് 6 ലക്ഷം രൂപ സമ്പാദിക്കാൻ എത്ര കാലം വേണ്ടിവരുമെന്ന് നോക്കാം.
എന്താണ് എസ്ഐപി?
എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ എന്നത് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ സഹായിക്കുന്ന ഒരു മാർഗമാണ്. ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ പ്രതിമാസം, ത്രൈമാസം എന്നിങ്ങനെ നിക്ഷേപിക്കാൻ അനുവദിക്കുന്നു. ഒറ്റത്തവണ വലിയ തുക നിക്ഷേപിക്കുന്നതിനു പകരം, കാലക്രമേണ ചെറിയ ചെറിയ തുകകൾ നിക്ഷേപിക്കുന്നതിലൂടെ ദീർഘകാലയളവിൽ സമ്പത്ത് സൃഷ്ടിക്കാൻ എസ്ഐപി സഹായിക്കുന്നു.
കോമ്പൗണ്ടിങ്ങിന്റെ ശക്തി
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ കാര്യത്തിൽ കോമ്പൗണ്ടിങ്ങിന്റെ ശക്തി സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ്. നിങ്ങൾ 100 രൂപ നിക്ഷേപിച്ചുവെന്നും ഈ നിക്ഷേപത്തിൽ നിന്ന് 5 രൂപ സമ്പാദിച്ചാൽ കോമ്പൗണ്ട് പലിശ ലഭിക്കുമെന്നും കരുതുക. അടുത്ത കോമ്പൗണ്ടിങ് സൈക്കിളിൽ, റിട്ടേൺ 100 രൂപയ്ക്ക് പകരം 105 രൂപയിൽ കണക്കാക്കും. അതിനാൽ, കോമ്പൗണ്ടിങ്ങിലൂടെ കാലക്രമേണ നിങ്ങളുടെ സമ്പത്ത് വളരാനുള്ള സാധ്യതയുണ്ട്.
8000 നിക്ഷേപിച്ച് 6 ലക്ഷം എങ്ങനെ നേടാം
6 ലക്ഷമെന്ന ലക്ഷ്യത്തിലെത്താൻ ഏകദേശം 5 വർഷം എടുക്കും. പ്രതിമാസം 8000 രൂപ 5 വർഷത്തേക്ക് നിക്ഷേപിക്കുക. 5 വർഷം കൊണ്ട് നിക്ഷേപ തുക 4,80,000 രൂപയും, കണക്കാക്കിയ മൂലധന നേട്ടം 1,79,891 രൂപയും, 5 വർഷത്തിനുള്ളിലെ ആകെ കോർപ്പസ് 6,59,891 രൂപയും ആയിരിക്കും. ഈ കണക്ക് വാര്‍ഷിക റിട്ടേണ്‍ 12% എന്ന അനുമാനത്തിലാണ്. ഈ നിരക്കിലെ മാറ്റം നിങ്ങളുടെ ലക്ഷ്യങ്ങളെയും ബാധിക്കാം. അതിനാല്‍ തന്നെ നിക്ഷേപത്തിന് മികച്ച ട്രാക്ക് റെക്കോഡുള്ള മുന്‍നിര ഫണ്ടുകള്‍ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി നിങ്ങള്‍ക്ക് അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ ഏതെല്ലാമാണെന്ന് മനസിലാക്കി വെക്കണം. കൂടാതെ നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന എസ്‌ഐപി സ്‌കീമിന്റെ ഫണ്ട് സൈസ് കൂടി മനസിലാക്കുക. അനുയോജ്യമായ എസ്‌ഐപി സ്‌കീം തിരഞ്ഞെടുത്തതിന് ശേഷം, നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക, തീയതി എന്നിങ്ങനെയുള്ള കാര്യങ്ങളും നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. തുക, തീയതി തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റാവുന്നതാണ്.
















