ന്യൂഡൽഹി: ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഎസ്എൻഎല്ലിൻറെ 5ജി സേവനം ഈ വർഷം ഡിസംബറോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ആദ്യഘട്ടമായി ഡൽഹിയിലും മുംബൈയിലുമായിരിക്കും എത്തുക. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസാണ് ടെലികോം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്‌തത്. 4ജി പോലെതന്നെ ബിഎസ്എൻഎൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5ജി സാങ്കേതികവിദ്യ പരീക്ഷണ ഘട്ടത്തിൽ തന്നെ വിജയമാണെന്നും സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ടെലികോം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 2025 ഡിസംബറോടെ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വാണിജ്യ അടിസ്ഥാനത്തിൽ 5ജി വിന്യാസം നടത്താനാകും എന്നാണ് കണക്കുകൂട്ടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഏറെ വൈകിയാണ് ബിഎസ്എൻഎല്ലിൻറെ 5ജി സേവനം രാജ്യത്ത് തുടങ്ങുന്നത്. ഇതിനകം തന്നെ രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾ രാജ്യാവ്യാപകമായി 5ജി സേവനം ഇതിനകം നൽകുന്നുണ്ട്. 4ജി സേവനം ആരംഭിക്കാൻ വൈകിയതിനാൽ തന്നെ ബിഎസ്എൻഎല്ലിന് നിരവധി ഉപയോക്താക്കളെ നഷ്ടമായിരുന്നു. ടാറ്റ കൺസൾട്ടൻസി സർവീസും തേജസ് നെറ്റ്‌വർത്തും സി-ഡോട്ടും ചേർന്നുള്ള കൺസോഷ്യമാണ് ഏകദേശം 25,000 കോടിയുടെ കരാറിൽ ബിഎസ്എൻഎല്ലിനായി ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുന്നത്. 5ജിയിലേക്ക് നേരിട്ട് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയുന്ന ഉപകരണങ്ങള്ളാണ് ഉപയോഗിക്കുന്നത് . ഇതുവരെ 95000 4ജി ടവറുകൾ ബിഎസ്എൻഎൽ പൂർത്തിയാക്കിയിട്ടുള്ളത്.
ഓഗസ്റ്റ് 2025ൽ 47,000 കോടി രൂപ അധികമായി ടെലികോം മന്ത്രാലയം ബിഎസ്എൻഎല്ലിൻറെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും വർധിപ്പിക്കാനായി പ്രഖ്യാപിച്ചിരുന്നു. ട്രായ്‌യുടെ കണക്കുകൾ പ്രകാരം ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും 7.79 ശതമാനം മാത്രം വിപണി വിഹിതമുള്ളതിനാൽ ഇതിൽ വർധനവ് വരുത്താനാണ് സർക്കാർ നിർദേശങ്ങളോടെ ശ്രമം നടക്കുന്നത്.അതേസമയം ബിഎസ്എൻഎലിന്റെ സേവനങ്ങളെ കുറിച്ച് ഉപയോക്താക്കൾക്കുള്ള പരാതികൾ ഇതുവരെ പൂർണമായി പരിഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.
















