സ്വന്തമായി ഒരു വീട് എന്നത് പലരും ജീവിത വിജയത്തിന്റെ ആത്യന്തിക ലക്ഷ്യമായി കണക്കാക്കുന്നു. സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള മികച്ച വഴിയാണെന്ന് കരുതി വർഷങ്ങൾ കൊണ്ട് സമ്പാദിച്ച പണം വസ്തു വാങ്ങാനായി വിനിയോഗിക്കുന്നു. ചിലർ, ഭവന വായ്പകൾ എടുത്ത് ജീവിതത്തിന്റെ നല്ലൊരു ഭാഗവും വായ്പ അടയ്ക്കുന്നതിനായി ചെലവഴിക്കുന്നു.
എന്നാൽ, ഈ ആശയം എപ്പോഴും നല്ലതായിരിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വസ്തുവകകൾ സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സാമ്പത്തിക വളർച്ചയിലേക്കുള്ള ഏറ്റവും വേഗതയേറിയ മാർഗം അതല്ലായിരിക്കാം. അങ്ങനെയെങ്കിൽ സ്വന്തമായി വീട് വാങ്ങുന്നതോ അതോ ഓഹരികളിൽ നിക്ഷേപിക്കുന്നതോ കൂടുതൽ ലാഭകരമെന്ന് അറിയാം.
റിയൽ എസ്റ്റേറ്റ് മേഖല നോക്കി കഴിഞ്ഞാൽ 2003 ൽ 50 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരു മുംബൈ പ്രോപ്പർട്ടിയുടെ മൂല്യം ഇന്ന് ഏകദേശം 3–3.5 കോടി രൂപയാണ്. രണ്ട് പതിറ്റാണ്ടിനുള്ളിൽ ആറ് മുതൽ ഏഴ് മടങ്ങ് വരെ വളർച്ച നല്ലതായി തോന്നുമെങ്കിലും അസാധാരണമല്ല. നികുതിയും ചെലവും ഒഴിവാക്കുന്നതിന് മുമ്പ് ഇന്ത്യൻ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് 10–12% വളർച്ച കൈവരിച്ചിട്ടുണ്ട്. എന്നാൽ, സ്റ്റാമ്പ് ഡ്യൂട്ടി, പ്രോപ്പർട്ടി ടാക്സ്, മെയിന്റനൻസ് ചാർജുകൾ, ബ്രോക്കറേജ്, നിങ്ങൾക്ക് അത് എളുപ്പത്തിൽ വിൽക്കാൻ കഴിയില്ലെന്ന വസ്തുത എന്നിവയ്ക്ക് ശേഷം, യഥാർത്ഥ വരുമാനം പലപ്പോഴും 6–7% ആയി കുറയുന്നു.
ഓഹരി വിപണിയിൽ ഇതേ 50 ലക്ഷം രൂപ 2003 ൽ നിക്ഷേപിച്ചിരുന്നെങ്കിൽ, 2025 ആകുമ്പോഴേക്കും ഏകദേശം 10–11 കോടി രൂപയായി വളരുമായിരുന്നു. ഇത് ഏകദേശം ഇരുപത് മടങ്ങ് വർധനവാണ്, സ്വത്തിന്റെ മൂന്നിരട്ടി കൂടുതൽ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിഫ്റ്റി 50 ഏകദേശം 15.5% സംയുക്ത വാർഷിക വളർച്ചാ നിരക്ക് കൈവരിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റിനെ അപേക്ഷിച്ച് ഇവിടെ ചെലവുകൾ വളരെ കുറവാണ്.
ഓരോ ആസ്തിയും നിങ്ങൾക്ക് എന്താണ് നൽകുന്നതെന്ന് മനസ്സിലാക്കുന്നതിലാണ് പ്രധാന വ്യത്യാസം. ഒരു വീട് നിങ്ങൾക്ക് സ്ഥിരത, ആശ്വാസം, വൈകാരിക സംതൃപ്തി എന്നിവ നൽകുന്നു. എന്നാൽ നിങ്ങളുടെ ലക്ഷ്യം യഥാർത്ഥ സമ്പന്നരാകുകയാണെങ്കിൽ, കഴിഞ്ഞ 22 വർഷമായി ഓഹരി വിപണി ഏറ്റവും വലിയ വിജയിയാണ്.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, സ്വന്തമായി ഒരു വീട് എന്ന വൈകാരിക ആകർഷണം എപ്പോഴും അവരുടെ കൂടെ തന്നെയുണ്ട്. എന്നാൽ റിയൽ എസ്റ്റേറ്റിൽ നിന്നും ഇക്വിറ്റികളിൽ നിന്നുമുള്ള സാമ്പത്തിക വരുമാനങ്ങൾ കണക്കാക്കുന്നത് വൈകാരികതെ മാറ്റി നിർത്തി, നല്ല തിരഞ്ഞെടുപ്പ് നടത്താൻ നിങ്ങളെ സഹായിക്കും.