ഓൺലൈൻ മാർക്കറ്റ് യുഗത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എല്ലാ ദിവസവും ലക്ഷക്കണക്കിന് പേർ ഓൺലൈനിൽ ഉത്പന്നങ്ങൾ ഓർഡർ ചെയ്യുന്നു. എന്നാൽ ഈ ഉത്പന്നങ്ങളുടെ ഡെലിവറികൾ കൈകാര്യം ചെയ്യുന്ന കമ്പനികളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവ എത്രത്തോളം ലാഭകരമാണ്?.
ഈ ഡിജിറ്റൽ യുഗത്തിൽ ശരിയായ ബിസിനസ് രീതിയിലൂടെ കൊറിയർ, ലോജിസ്റ്റിക്സ് കമ്പനികൾ വലിയ വരുമാനം നേടുന്നുണ്ട്. ഈ ബിസിനസുകൾ നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടില്ല, അവർ സാധനങ്ങൾ എത്തിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽതന്നെഅവരുടെ പ്രവർത്തന ചെലവ് കുറവാണ്. നിർമ്മാണ ചെലവുകളുടെ അഭാവം ലോജിസ്റ്റിക്സിനെ ആകർഷകമായ ബിസിനസാക്കി മാറ്റുന്നുവെന്നാണ് റാഞ്ചി ആസ്ഥാനമായുള്ള ഒരു പ്രശസ്ത സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ അതുൽ പറയുന്നത്.
ആശ്വാസകരമായ കാര്യമെന്തെന്നാൽ, 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ കുറഞ്ഞ നിക്ഷേപത്തിൽ നിങ്ങൾക്ക് ഈ ബിസിനസ് ആരംഭിക്കാം. സ്വന്തമായി ഒരു കൊറിയർ കമ്പനി ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഫ്രാഞ്ചൈസി മോഡലുകൾ ഇത് കൂടുതൽ എളുപ്പമാക്കുന്നു. ജസ്റ്റ് ഡെലിവറി കോർപ്പറേഷൻ അത്തരമൊരു ഓപ്ഷനാണ്.
ഈ ബിസിനസിന്റെ പ്രവർത്തനങ്ങൾക്ക് ഏകദേശം 200 മുതൽ 250 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള ഒരു വർക്ക്‌സ്‌പെയ്‌സ് ആവശ്യമാണ്. മൊത്തം നിക്ഷേപം 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണെന്ന് കണക്കാക്കാം. അതിൽ ഏകദേശം 1 ലക്ഷം രൂപ ഫ്രാഞ്ചൈസി ഫീസ് ഉൾപ്പെടുന്നു. ഓഫീസിന്റെ പ്രവർത്തന ചെലവിന്റെ അടിസ്ഥാനത്തിൽ കമ്പനി 10% റോയൽറ്റി അല്ലെങ്കിൽ കമ്മീഷനും ഈടാക്കുന്നു. കമ്പനി തന്നെ നൽകുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒന്നോ രണ്ടോ കമ്പ്യൂട്ടറുകളോ ലാപ്‌ടോപ്പുകളോ പ്രവർത്തിപ്പിക്കാൻ ആവശ്യമാണ്. നിങ്ങളുടെ ലോജിസ്റ്റിക് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും ബിസിനസ് തത്സമയം ട്രാക്ക് ചെയ്യാനും ഈ സോഫ്റ്റ്‌വെയർ സഹായിക്കുന്നു.
സോഫ്റ്റ്‌വെയറിന് പുറമേ, സിസ്റ്റം എങ്ങനെ ഉപയോഗിക്കാമെന്നും ബിസിനസ് കാര്യക്ഷമമായി നടത്താമെന്നും കമ്പനി പൂർണ്ണ പരിശീലനം നൽകുന്നുണ്ട്. ഓൺബോർഡിംഗ് പ്രക്രിയയുടെ ഭാഗമായി, കമ്പനി നിങ്ങൾക്ക് വേണ്ടി ആദ്യത്തെ 20 പാഴ്സലുകൾ അയയ്ക്കും, ഡെലിവറിയുടെ തെളിവായി ഇവ എങ്ങനെ സിസ്റ്റത്തിലേക്ക് ലോഗിൻ ചെയ്യാമെന്ന് നിങ്ങളെ കാണിക്കും. പ്രതിമാസം ആണ് വരുമാനം കണക്കാക്കുന്നത്. ലാഭത്തിന്റെ വിഹിതം കുറച്ച ശേഷം, കമ്പനി ബാക്കി തുക ഓരോ മാസവും 20-ാം തീയതി നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റും.
നിങ്ങളുടെ വരുമാനം നിങ്ങൾ കൈകാര്യം ചെയ്യുന്ന ഡെലിവറികളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. നിലവിൽ, 10 ഗ്രാമിനും 1 കിലോഗ്രാമിനും ഇടയിൽ ഭാരമുള്ള ഷിപ്പ്‌മെന്റുകൾക്ക് കമ്പനി ഒരു പാക്കറ്റിന് 6 രൂപ ഈടാക്കുന്നു. ഇ-കൊമേഴ്‌സ് പാഴ്‌സലുകൾക്ക്, കിലോഗ്രാമിന് 30 രൂപയാണ് നിരക്ക്. സ്വാഭാവികമായും, പാഴ്‌സലിന്റെ ഭാരവും അളവും കൂടുന്തോറും കൊറിയർ ചാർജുകളും വർധിക്കും, അതനുസരിച്ച് ലാഭവും വർധിക്കും.
സ്ഥിരമായ ജോലിയും സ്ഥിരമായ ഡിമാൻഡും ഉണ്ടെങ്കിൽ, ഈ ബിസിനസിലൂടെ പ്രതിമാസം 40,000 മുതൽ 50,000 രൂപ വരെ സമ്പാദിക്കാൻ കഴിയും. നിർമ്മാണ ചെലവിന്റെ ഭാരമില്ലാതെ ലോജിസ്റ്റിക്സ് മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ് നൽകുന്നത്.