Business Finance Homepage Featured

അഭിനയം ഉപേക്ഷിച്ച് ബിസിനസിലേക്ക്; ഇന്ന് 1,200 കോടിയുടെ കമ്പനി ഉടമയായി പ്രമുഖ നടി

വെള്ളിത്തിരയിലെ ജീവിതം ആസ്വദിക്കുന്നവരാണ് സിനിമാ താരങ്ങൾ. സ്വപ്നം പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയ ചിലർ ഇടയ്ക്കു വച്ച് പല കാരണങ്ങൾ കൊണ്ടും അഭിനയ ജീവിതം ഉപേക്ഷിച്ചു പോയിട്ടുണ്ട്. കരിയറിന്റെ ഉയർച്ചയിൽ നിൽക്കുന്ന സമയത്ത് അഭിനയം ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് കടന്നൊരു പ്രമുഖ നടിയുണ്ട്. ആഷ്ക ഗൊറാഡിയ എന്ന നടിയെക്കുറിച്ചാണ് പറയുന്നത്. അഭിനയം ഉപേക്ഷിച്ച് ബിസിനസ് ലോകത്തെ രാജ്ഞിയായി മാറിയ താരമാണ് ആഷ്ക.

ആരാണ് ആഷ്‌ക ഗൊറാഡിയ?

2002 ല്‍ ‘അചാനക് 37 സാല്‍ ബാദ്’ എന്ന പരിപാടിയിലൂടെയാണ് ആഷ്‌ക ടെലിവിഷൻ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ‘ഭാഭി’, ‘തും ബിന്‍ ജൗണ്‍ കഹാന്‍’ തുടങ്ങിയ ഷോകളുടെ ഭാഗമായി. 2003 ലെ ഏക്താ കപൂറിന്റെ ‘കുസും’ എന്ന പരിപാടിയിലൂടെയാണ് ജനപ്രിയയായി മാറിയത്. ‘ക്യൂങ്കി സാസ് ഭി കഭി ബഹു തി’, ‘സിന്ദൂര്‍ തേരേ നാം കാ’, ‘നാഗിന്‍’ തുടങ്ങിയ ജനപ്രിയ ഷോകളിലൂടെ ടെലിവിഷൻ രംത്ത് അവർ ചുവടുറപ്പിച്ചു. ബിഗ് ബോസ് 6, ജലക് ദിഖ്ല ജാ 4, നാച്ച് ബാലിയേ 8, ഖത്രോണ്‍ കെ ഖിലാഡി 4 തുടങ്ങിയ റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. 2019 ല്‍ ‘ദയാന്‍’ എന്ന ടിവി ഷോയിലും, ‘കിച്ചണ്‍ ചാമ്പ്യന്‍ 5’ എന്ന റിയാലിറ്റി ഷോയിലുമാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് അഭിനയ ജീവിതം ഉപേക്ഷിക്കുകയായിരുന്നു.

23-ാം വയസിൽ സ്വന്തമായി വീട്

16-ാം വയസില്‍ ഗുജറാത്തില്‍ നിന്ന് മുംബൈയിലെത്തിയതാണ് ആഷ്‌ക. തുടക്കത്തിൽ പേയിങ് ഗസ്റ്റായി താമസിച്ചു. പതിയെ വാടക വീട്ടിലേക്ക് മാറി. ഒടുവിൽ 23-ാം വയസില്‍ സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു.

ബിസിനസ് രംഗത്തേക്ക്

2021 ലാണ് ബിസിനസിലായി മുഴുവന്‍ സമയവും മാറ്റിവയ്ക്കാൻ ആഷ്ക തീരുമാനിച്ചത്. അതിനു മുൻപേ ആഷ്ക തന്റെ ബിസിനസ് ജീവിതത്തിന് തുടക്കം കുറിച്ചിരുന്നു. പുരുഷന്മാരുടെ ഗ്രൂമിങ് ബ്രാന്‍ഡായ ബിയര്‍ഡോ തുടങ്ങിയ പ്രിയങ്ക് ഷാ, അശുതോഷ് വലാനി എന്നിവരുമായി സഹകരിച്ച് 2018 ല്‍ അഷ്‌ക ‘റെനി കോസ്മെറ്റിക്സ്’ എന്ന സ്ഥാപനം ആരംഭിച്ചു. 50 ലക്ഷം നിക്ഷേപത്തില്‍ ആരംഭിച്ച അഷ്‌കയുടെ കമ്പനി വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,200 കോടി എന്ന നിലയിലേക്ക് വളർന്നു.

തുടക്കത്തില്‍ ഓണ്‍ലൈനില്‍ മാത്രം വിറ്റഴിക്കപ്പെട്ട ഉത്പന്നങ്ങൾ പിന്നീട് ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, നൈക, മൈന്ത്ര തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിപ്പിച്ചു. നഗരങ്ങളിലെ സ്ത്രീകളെയാണ് കമ്പനി പ്രധാനമായും ലക്ഷ്യം വച്ചത്. അങ്ങനെ ബിസിനസ് ക്വീന്‍ എന്ന പേരും നേടി. ഇന്നു ആഗോള ബ്രാന്‍ഡുകളായ ലാക്‌മെ, മേബെല്‍ലൈന്‍, മൈഗ്ലാം, ഷുഗര്‍ തുടങ്ങിയ വലിയ ബ്രാന്‍ഡുകളോടാണ് ആഷ്കയുടെ കമ്പനി ഉത്പന്നങ്ങൾ മത്സരിക്കുന്നത്.

Related Posts