ഒരു വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ, ക്രെഡിറ്റ് സ്കോർ മാത്രമാണ് വായ്പാദാതാക്കൾ പരിഗണിക്കുന്നതെന്ന് കരുതിയെങ്കിൽ, അത് തെറ്റാണ്. ബാങ്കിന്റെ ക്രെഡിറ്റ് വിഭാഗം ക്രെഡിറ്റ് സ്കോറിന് പുറമേ നിരവധി ഘടകങ്ങൾ പരിഗണിക്കും. ഉദാഹരണത്തിന്, കുറഞ്ഞ പ്രതിമാസ വരുമാനവും ഉയർന്ന ക്രെഡിറ്റ് സ്കോറും ഉള്ള ഒരാൾക്ക് വ്യക്തിഗത വായ്പ ലഭിക്കാൻ സാധ്യതയില്ല.
നിങ്ങൾക്ക് ഉയർന്ന ഇഎംഐ ഉള്ള ഒരു വായ്പ നിലവിലുള്ളപ്പോൾ, മറ്റൊരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് അത് അടയ്ക്കാനുള്ള വരുമാന പരിധി ഇല്ലെങ്കിൽ വായ്പ നൽകുന്നയാൾ മടികാണിക്കും. ഒരു വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ നിരസിക്കപ്പെടാനുള്ള ചില പ്രധാന കാരണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
പ്രായം
ചിലപ്പോൾ, വായ്പ നിരസിക്കുന്നതിന് പ്രായം ഒരു ഘടകമാകാം. സാധാരണയായി, ശമ്പളക്കാരായ യുവാക്കൾക്ക്, പ്രായം കൂടുതലുള്ള ഒരാളെ അപേക്ഷിച്ച് വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. രണ്ട് വർഷത്തിനുള്ളിൽ വിരമിക്കാൻ പോകുന്ന ഒരു ജീവനക്കാരനാണെങ്കിൽ വായ്പ അപേക്ഷ നിരസിക്കപ്പെടാം.
സ്ഥിര വരുമാനം ഇല്ല
സ്ഥിര വരുമാനത്തിന്റെ അഭാവവും വായ്പ നിരസിക്കപ്പെടാനുള്ള മറ്റൊരു കാരണമായിരിക്കാം. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് വ്യക്തിഗത വായ്പാ അപേക്ഷകൾക്ക് അർഹതയുണ്ടെങ്കിലും, ശമ്പളമില്ലാത്ത പ്രൊഫഷണലുകൾക്ക് വായ്പ നൽകുന്നതിനെക്കുറിച്ച് വായ്പ നൽകുന്നവർ ചിലപ്പോൾ സംശയാലുക്കളായിരിക്കും.
നിലവിലുള്ള വായ്പ
നിങ്ങളുടെ വായ്പാ അപേക്ഷ നിരസിക്കപ്പെടാനുള്ള മറ്റൊരു ഘടകം നിലവിലുള്ള വായ്പയാണ്. ചിലപ്പോൾ ഒരു വായ്പാ അപേക്ഷകന് അവരുടെ പ്രതിമാസ വരുമാനത്തിന്റെ പകുതിയിലധികം ഇഎംഐ അടയ്ക്കേണ്ട ഒരു വായ്പ ഉണ്ടായിരിക്കും. ആ സാഹചര്യത്തിൽ, കടം വാങ്ങുന്നയാൾക്ക് അധിക വായ്പകൾ നൽകുന്നതിനെക്കുറിച്ച് ഒരു വായ്പ നൽകുന്നയാൾക്ക് സംശയമുണ്ടാകും.
വായ്പ തുക കൂടുതലാണ്
നിങ്ങളുടെ ശമ്പളത്തേക്കാൾ ഉയർന്ന തുകയ്ക്ക് അപേക്ഷിക്കുമ്പോഴും വായ്പ നിരസിക്കപ്പെട്ടേക്കാം. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർന്നതാണെങ്കിൽ പോലും, നിങ്ങൾക്ക് താങ്ങാനാവുന്നതിലും ഉയർന്ന വായ്പ തുകയ്ക്ക് അപേക്ഷിക്കുമ്പോൾ വായ്പ നൽകുന്നയാൾ നിങ്ങളുടെ വായ്പാ അപേക്ഷ നിരസിച്ചേക്കാം.
തൊഴിൽ കരാർ
അവസാനമായി, ശമ്പളക്കാരനായ ജീവനക്കാരനാണെങ്കിലും, നിങ്ങളുടെ കോൺട്രാക്ട് കരാർ ഏതാനും മാസങ്ങൾക്കോ ഒരു വർഷത്തിനോ ഉള്ളിൽ, അതായത് ലോൺ കാലയളവിന് മുമ്പ് താരുകയാണെങ്കിൽ വായ്പ നിരസിക്കപ്പെട്ടേക്കാം.
















