Business Finance Homepage Featured

ഇന്ത്യയിൽ 1500 കോടി ഡോളർ നിക്ഷേപവുമായി ​ഗൂ​ഗിൾ; ആന്ധ്രയിൽ ഏറ്റവും വലിയ എഐ ഹബ്ബ്

ഡൽഹി: ഇന്ത്യയിൽ 1500 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുകയാണ് ​ഗൂ​ഗിൾ. യുഎസിനു പുറത്തുള്ള ഏറ്റവും വലിയ എഐ ഹബ്ബാണ് ​ഗൂ​ഗിൾ ഒരുക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇതിനായി ഭീമൻ ഡാറ്റ സെന്ററാണ് തയ്യാറാക്കുക. ഒരു ​ഗി​ഗാവാട്ട് ശേഷിയുള്ളതാണ് ഈ ഡാറ്റസെന്റർ. എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത. സു​ഗമമായ പ്രവർത്തനത്തിന് വിപുലീകരിച്ച ഫൈബര്‍-ഒപ്റ്റിക് ശൃംഖലയും ഡാറ്റാ സെന്ററിൽ സജ്ജമാക്കും.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യനാണ് ഇത് സംബന്ധിച്ച് വിവരം പുറത്തു വിട്ടത്. ഭാവിയില്‍ ഈ കേന്ദ്രം കൂടുതൽ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, അശ്വിനി വൈഷ്ണവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, സംസ്ഥാന ഐടി മന്ത്രി നാര ലോകേഷ് എന്നിവരാണ് ചടങ്ങിലുണ്ടായിരുന്നത്.

എഐ രം​ഗത്ത് ഉയർന്നുവരുന്ന സാധ്യതകൾ കണക്കിലെടുത്താണ് ​ഗൂഗിളിന്റെ നീക്കം. മൈക്രോസോഫ്റ്റും ആമസോണും ഈ മേഖലയിൽ നേരത്തേ തന്നെ നിക്ഷേപിച്ചിട്ടുണ്ട്. രാജ്യത്ത് ചാറ്റ് ജിപിടിയുടെ ഉപയോ​ഗം ഒരു വർഷത്തിനിടെ നാലിരട്ടിയായാണ് വർദ്ധിച്ചത്. ഇതോടെ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ ഓഫീസ് തുറക്കുമെന്ന് ഓപ്പൺ എഐ മോധാവി സാം ആൾട്ട്മാൻ അറിയിച്ചിട്ടുമുണ്ട്.

Related Posts