ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഈ സമയത്ത് മുൻനിര ഉത്പന്നങ്ങളുടെ ബ്രാൻഡുകളെല്ലാം ആകർഷകമായ ഓഫറുകൾ ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യാറുണ്ട്. ദീപാവലി ഷോപ്പിങ്ങിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ നിരവധിയാണ്. ഇത് മുന്നിൽ കണ്ട് നിരവധി ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ ആകർഷിക്കാനായി വലിയ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്.
ഇത്തവണയും ദീപാവലി ഷോപ്പിങ്ങിന് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പരമാവധി നേട്ടം പ്രയോജനപ്പെടുത്താം. ദീപാവലി ഷോപ്പിങ് പരമാവധി പ്രയോജനപ്പെടുത്താൻ ഉപയോഗിക്കാവുന്ന ചില ക്രെഡിറ്റ് കാർഡുകൾ അറിയാം. ഈ കാർഡുകളിൽ ചിലത് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു, മറ്റുള്ളവ ഓൺലൈനായും ഓഫ്‌ലൈനായും ഷോപ്പിങ്ങിന് റിവാർഡുകളും കിഴിവുകളും നൽകുന്നുണ്ട്.
- എസ്‌ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ്
ഓൺലൈൻ ചെലവുകൾക്ക് 5% ക്യാഷ്ബാക്കും ഓഫ്‌ലൈൻ ചെലവുകൾക്ക് 1% ക്യാഷ്ബാക്കും ഈ കാർഡ് നൽകുന്നു. മെർച്ചന്റ് ഇഎംഐ, ഫ്ലെക്സിപേ ഇഎംഐ ഇടപാടുകൾക്ക് ക്യാഷ്ബാക്ക് ബാധകമല്ല.
- ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
ഐസിഐസിഐ ബാങ്കിന്റെ ഈ കാർഡ് ഐഷോപ്പിൽ 4% ക്യാഷ്ബാക്ക് നൽകുന്നു. ആമസോണിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും കാർഡ് ഉടമകൾക്ക് പോയിന്റുകൾ ലഭിക്കും. പ്രൈം അംഗങ്ങൾക്ക് 5X പോയിന്റുകളും പ്രൈം അംഗങ്ങൾ അല്ലാത്തവർക്ക് 3X പോയിന്റുകളും 100+ പങ്കാളി വ്യാപാരികൾക്ക് 2X പോയിന്റുകളും ലഭിക്കും.
- ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
ഈ കാർഡ് മിന്ത്രയിൽ നിന്നുള്ള ഇടപാടുകൾക്ക് 7.5% ക്യാഷ്ബാക്കും ഫ്ലിപ്കാർട്ട്, ക്ലിയർട്രിപ്പ് ചെലവുകൾക്ക് 5% ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ചില ഇടപാടുകൾക്ക് പരിധിയില്ലാത്ത 4% ക്യാഷ്ബാക്ക് നേടാൻ കഴിയും.
- എച്ച്ഡിഎഫ്‌സി മില്ലേനിയ ക്രെഡിറ്റ് കാർഡ്
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഈ കാർഡ് ആമസോൺ/ബുക്ക്മൈഷോ/ഫ്ലിപ്കാർട്ട് എന്നിവയിൽ 5% ക്യാഷ്ബാക്കും (ഓരോ പാദത്തിലും 1,000 രൂപവരെ) മറ്റ് ചെലവുകൾക്ക് 1% ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു. വിലകൂടിയ ഉത്പന്നങ്ങൾ വാങ്ങുന്നതിന് ഇഎംഐ ഓപ്ഷനുകളുണ്ട്.
- ആക്സിസ് ബാങ്ക് എസിഇ ക്രെഡിറ്റ് കാർഡ്
ഈ ആക്സിസ് ബാങ്ക് കാർഡ് ഗൂഗിൾ പേയിലെ ബിൽ പേയ്‌മെന്റുകൾക്കും (വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ് മുതലായവ) ഡിടിഎച്ച്, മൊബൈൽ റീചാർജുകൾക്കും 5% ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. മറ്റ് എല്ലാ ഇടപാടുകൾക്കും 1.5% ക്യാഷ്ബാക്കും സ്വിഗ്ഗി, സൊമാറ്റോ എന്നിവയിൽ 4% ക്യാഷ്ബാക്കും ലഭ്യമാണ്.
















