Finance Homepage Featured Personal Finance

വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കാം ഈ 4 ലോൺ നിരക്കുകൾ

മെഡിക്കൽ ആവശ്യങ്ങൾ, വിദ്യാഭ്യാസം, വീട് പുതുക്കിപ്പണിയൽ തുടങ്ങിയ പോലുള്ള കാര്യങ്ങൾക്ക് പലരും പേഴ്സണൽ ലോണുകളെയാണ് ആശ്രയിക്കുന്നത്. വളരെ എളുപ്പത്തിൽ ലഭിക്കുമെന്നതാണ് വ്യക്തിഗത വായ്പകളുടെ സവിശേഷത. എന്നിരുന്നാലും, ഈ വായ്പകളിൽ നിരവധി ചാർജുകൾ, പ്രോസസ്സിംഗ് ഫീസ്, അനുബന്ധ സങ്കീർണതകൾ എന്നിവ ഉൾപ്പെടുന്നു. അതിനാൽതന്നെ, വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കടം വാങ്ങുന്നവർ വ്യക്തമായി മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഈ ഫീസുകൾ മനസിലാക്കുന്നത് വ്യക്തിഗത വായ്പാ ചെലവുകളും തിരിച്ചടവും കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. വ്യക്തിഗത വായ്പാ പലിശ നിരക്കുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

  1. ലോൺ പ്രോസസിംഗ് ഫീസ്

അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കായി വായ്പ നൽകുന്നവർ ഒരു പ്രോസസിംഗ് ഫീസ് ഈടാക്കുന്നു; ഇത് സാധാരണയായി വായ്പ തുകയുടെ 0.5% മുതൽ 3.93% വരെയാണ്. ഈ ഫീസ് വായ്പാ തുകയിൽ നിന്ന് കുറയ്ക്കുകയോ അതല്ലെങ്കിൽ മുൻകൂറായി നൽകുകയോ ചെയ്യാം. ലോൺ കിട്ടിയാലും ഇല്ലെങ്കിലും ഈ തുക തിരികെ ലഭിക്കില്ല.

  1. പ്രീപേയ്‌മെന്റ് അല്ലെങ്കിൽ ഫോർക്ലോഷർ ചാർജുകൾ

ലോൺ കാലാവധിക്ക് മുമ്പ് വായ്പ പ്രീപെയ്ഡ് ചെയ്യുകയോ ഫോർക്ലോഷർ ചെയ്യുകയോ ചെയ്താൽ ചില വായ്പാദാതാക്കൾ പിഴ ചുമത്തുന്നു. പ്രീപേയ്‌മെന്റ് അല്ലെങ്കിൽ ഫോർക്ലോഷർ ചാർജുകൾ സാധാരണയായി കുടിശികയുള്ള മുതലിന്റെ 2% മുതൽ 5% വരെയാണ്. ചില ബാങ്കിംഗ് സ്ഥാപനങ്ങൾ മറ്റ് നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് വ്യക്തിഗത വായ്പകൾക്ക് പൂജ്യം ഫോർക്ലോഷർ ചാർജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

  1. വൈകിയ പേയ്‌മെന്റ് പിഴകളും ചാർജുകളും

ഇഎംഐ അടയ്ക്കാൻ വൈകിയാൽ പിഴ ഈടാക്കാം. ഈ ഫീസ് സാധാരണയായി കുടിശ്ശിക ഇഎംഐ തുകയുടെ 1 മുതൽ 2% വരെയാണ്. അതുപോലെ സ്ഥിരമായി ഇഎംഐ മുടക്കുന്നത് ക്രെഡിറ്റ് സ്കോറുകളെ പ്രതികൂലമായി ബാധിക്കും. ഇത് നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും കടം വാങ്ങുന്നയാളുടെ ഭാവിയിലെ വായ്പാ സാധ്യതയെ കുറയ്ക്കുകയും ചെയ്യും.

  1. മറ്റ് ചാർജുകൾ

സ്റ്റ്യാറ്റ്യൂട്ടറി ചാർജുകൾ, സ്റ്റാമ്പ് ഡ്യൂട്ടി ചെലവുകൾ എന്നിവ സംസ്ഥാന നിയമങ്ങൾ അനുസരിച്ച് ബാധകമാണ്. അവ നിങ്ങൾക്ക് ഫണ്ട് നൽകുന്ന ബാങ്കിംഗ് സ്ഥാപനത്തെ ആശ്രയിച്ചിരിക്കുന്നു. പുതിയ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബന്ധപ്പെട്ട ബാങ്കിന്റെ കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്യുക. ബാങ്ക് അക്കൗണ്ടിൽ ബാലൻസ് ഇല്ലാതെ ഇഎംഐ പേയ്‌മെന്റുകൾ മുടങ്ങിയാൽ, നിങ്ങൾ ‘ബൗൺസ് ചാർജുകൾ’ അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും. ഈ ചാർജുകൾ സാധാരണയായി 500 മുതൽ 1,200 രൂപ വരെയായിരിക്കും.

അഡ്മിനിസ്ട്രേറ്റീവ് ചാർജുകൾ, ഡോക്യുമെന്റ് ഇഷ്യു ചെലവുകൾ, അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കും നാമമാത്രമായ ഫീസ് ഈടാക്കുന്നു. നിങ്ങളുടെ ലോൺ ബ്രോഷറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിശദമായ കീ ഫാക്ട് സ്റ്റേറ്റ്‌മെന്റിൽ ഈ ഫീസ് വിവരിച്ചിരിക്കും. പേഴ്സണൽ ലോൺ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഇത് അവലോകനം ചെയ്യണം.

Related Posts