Finance Personal Finance

റിട്ടയർമെന്റിനുശേഷം പെൻഷനായി മാസം 20500 രൂപ തരും, ഈ പോസ്റ്റ് ഓഫീസ് സ്കീമിന്റെ ഉറപ്പ്

വിരമിക്കൽ ജീവിതം നേരത്തെ പ്ലാൻ ചെയ്യുന്നത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കും. വിരമിക്കൽ അടുക്കുന്തോറും സാമ്പത്തിക സുരക്ഷ പലർക്കും ഒരു ആശങ്കയായി മാറുന്നു. പെൻഷൻ കിട്ടുന്നതിലെ അനിശ്ചിതത്വങ്ങൾ, വിപണിയിലെ ചാഞ്ചാട്ടങ്ങൾ, ജീവിതച്ചെലവിലെ വർധനവ് എന്നിവ പലപ്പോഴും മുതിർന്ന പൗരന്മാരെ വിരമിക്കലിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഉത്കണ്ഠാകുലരാക്കുന്നു. ഈ ആശങ്ക പരിഹരിക്കുന്നതിനായി പോസ്റ്റ് ഓഫീസ് മുതിർന്ന പൗരന്മാർക്കായി നിരവധി പദ്ധതികൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. റിട്ടയർമെന്റിനുശേഷം ഉറപ്പുള്ള പ്രതിമാസ വരുമാന പദ്ധതികളും ഇക്കൂട്ടത്തിലുണ്ട്.

പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS) മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ളതാണ്. 2025 ൽ ഇതൊരു ആകർഷകമായ ഓപ്ഷനായി ഉയർന്നുവന്നിട്ടുണ്ട്. 60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കായി രൂപകൽപ്പന ചെയ്ത ഈ പദ്ധതി, വിരമിച്ചവർക്ക് പ്രതിമാസം 20,500 രൂപ വരെ നേടാൻ സഹായിക്കുന്നു. നിലവിൽ ഈ പദ്ധതി 8.2 ശതമാനം വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

ഉദാഹരണത്തിന്, 30 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പ്രതിവർഷം 2.46 ലക്ഷം രൂപ പലിശ ലഭിക്കും. 12 മാസങ്ങളിലായി വിഭജിച്ചാൽ, ഇത് ഏകദേശം 20,500 രൂപയുടെ സ്ഥിരമായ പ്രതിമാസ വരുമാനം നൽകും.

ആർക്കൊക്കെ പദ്ധതിയിൽ ചേരാം

പോസ്റ്റ് ഓഫീസുകൾ വഴിയോ അംഗീകൃത ബാങ്കുകൾ വഴിയോ ഈ സ്‌കീമിൽ അംഗമാകാം. 60 വയസിന് മുകളിലുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ അംഗമാകാം. 55 നും 60 നും ഇടയിൽ പ്രായമുള്ള വിരമിച്ച ജീവനക്കാർക്കും, 50 നും 60 നും ഇടയിൽ പ്രായമുള്ള വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥർക്കും ഈ സ്‌കീം പ്രയോജനപ്പെടുത്താൻ കഴിയും. ഒറ്റയ്‌ക്കായോ ഭാര്യയും ഭർത്താവും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടായോ തുറക്കാം.

നിക്ഷേപ പരിധി

1,000 രൂപ മുതൽ ഈ പദ്ധതിയിൽ നിക്ഷേപം നടത്താം. പരമാവധി നിക്ഷേപ പരിധി 30 ലക്ഷം രൂപയാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഒരു വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നികുതിയിളവും ഈ പദ്ധതിയിലെ നിക്ഷേപം വഴി നേടാനാകും. 5 വർഷമാണ് ഈ പദ്ധതിയുടെ നിക്ഷേപ കാലാവധി. അതേസമയം അകാല പിൻവലിക്കലുകൾക്ക് പിഴ ബാധകമാണ്.

ഇതിലെ നിക്ഷേപത്തിനും റിട്ടേൺസിനും സർക്കാർ പിന്തുണയാണുള്ളത്. അതുകൊണ്ട് തന്നെ അപകട സാധ്യത പൂർണമായും ഒഴിവാക്കാൻ സാധിക്കും.

Related Posts