ഡൽഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനുള്ള ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ 2025 ലോക്‌സഭ പാസാക്കി. ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് 74 ശതമാനമാണ് പരിധി. ഇത് 100 ശതമാനമായി ഉയര്‍ത്തുമെന്നതാണ് ഭേദഗതി ബില്ലിൽ പറയുന്നത്. പ്രതിപക്ഷാംഗങ്ങളുടെ ഭേദഗതി നിർദേശങ്ങളെ വോട്ടിനിട്ട് തള്ളിയാണ് ബിൽ ഏകപക്ഷീയമായി പാസാക്കിയത്.
ബിൽ നിയമമാകുന്നതോടെ ഇൻഷുറൻസ് മേഖലയിലെ വിദേശ കുത്തകകമ്പനികൾക്ക് ഇന്ത്യയിൽ പൂർണമായ പ്രവർത്തനസ്വാതന്ത്ര്യം ലഭിക്കും. വിദേശകമ്പനികളുടെ വരവ് എൽഐസി പോലുള്ള പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് ഭീഷണിയാകും. രാജ്യത്തെ ലക്ഷക്കണക്കിന് ഇൻഷുറൻസ് ഏജന്റുമാർക്കും വിദേശ കമ്പനികളുടെ വരവ് ഭീഷണിയായി മാറും.
ഇന്‍ഷുറന്‍സ് വിപണിയില്‍ മത്സരം വര്‍ദ്ധിപ്പിക്കുക, അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്ന പ്രീമിയം നിരക്കില്‍ വിശാലമായ ഉല്‍പ്പന്നങ്ങള്‍ ആക്സസ് ചെയ്യാന്‍ പ്രാപ്തമാക്കുക എന്നിവയാണ് നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നതെന്ന് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ”വിപണിയില്‍ മത്സരം വരുമ്പോള്‍, നിരക്ക് സ്വയമേവ കുറയും. കുത്തക നമുക്ക് ആ നേട്ടം നല്‍കുന്നില്ല. മത്സരം കൂടുന്തോറും നിരക്കുകള്‍ മെച്ചപ്പെടും,’- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
നേരത്തെ 74 ശതമാനം എന്ന എഫ്ഡിഐ പരിധി ന്ശ്ചയിച്ചിട്ടും, നിലവില്‍ നാല് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമേ വിദേശ നിക്ഷേപം ഉള്ളൂ എന്നും നിര്‍മ്മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. 40 ഇന്‍ഷുറന്‍സ് കമ്പനികളില്‍ 10 എണ്ണത്തില്‍ 26 ശതമാനത്തില്‍ താഴെ മാത്രമാണ് നിലവിൽ വിദേശ നിക്ഷേപമുള്ളത്. 23 എണ്ണത്തില്‍ 26 ശതമാനത്തിനും 49 ശതമാനത്തിനും ഇടയില്‍ എഫ്ഡിഐ ഉണ്ട്. മൂന്നെണ്ണത്തില്‍ 49 ശതമാനത്തിനും 74 ശതമാനത്തിനും ഇടയില്‍ എഫ്ഡിഐ ഉള്ളത്.
വിദേശകമ്പനികളുടെ ചെയർമാൻ, എംഡി, സിഇഒ എന്നീ ഉയർന്ന പദവികളിൽ ഏതെങ്കിലുമൊന്ന് വഹിക്കേണ്ടത് ഇന്ത്യൻ പൗരനാകണമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. ഇൻഷുറൻസ് കമ്പനിയുമായി ഇൻഷുറൻസ് ഇതര കമ്പനികൾക്ക് ലയിക്കാനുള്ള അനുമതിയുമുണ്ട്. ചെയർപേഴ്‌സണിനും ബോർഡ് അംഗങ്ങൾക്കും പരമാവധി അഞ്ചു വർഷമോ അതല്ലെങ്കിൽ 65 വയസ്സ് വരെയോ ആണ് കാലാവധി. നേരത്തെ ബോർഡ് അംഗങ്ങളുടെ പ്രായപരിധി 62 വയസ്സ് വരെയായിരുന്നു.
















