Business Finance

17-ാം വയസിൽ ബിസിനസിലേക്ക് ഇറങ്ങി, ഇന്ന് 8,000 കോടി വരുമാനം; ഫ്രൂട്ടി’യിലൂടെ ലോകശ്രദ്ധ നേടി നാദിയ ചൗഹാൻ

ചെറുപ്രായത്തിൽതന്നെ ബിസിനസിലേക്ക് ഇറങ്ങി വിജയക്കൊടി പാറിച്ച പെൺകൊടിയാണ് നാദിയ ചൗഹാൻ. നാദിയയുടെ മുത്തച്ഛൻ പാർലെ ഗ്രൂപ്പിന് തുടക്കമിട്ട മോഹൻലാൽ ചൗഹാൻ ആണ്. 17-ാം വയസിൽ കുടുംബ ബിസിനസിന്റെ ഭാഗമായ നാദിയ ഇന്ന് പാർലെ അഗ്രോയുടെ ചീഫ് മാർക്കറ്റിങ് ഓഫീസറും, ജോയിന്റ് മാനേജിങ് ഡയറക്ടറുമാണ്. പാർലെ ആഗ്രോയുടെ ചെയർ പ്രകാശ് ചൗഹാനാണ് നാദിയയുടെ പിതാവ്.

കാലിഫോർണിയയിലാണ് ജനനമെങ്കിലും മുംബൈയിലാണ് നാദിയ വളർന്നത്. എച്ച്ആർ കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ചെറുപ്പം മുതൽ തന്നെ ബിസിനസ് കാര്യങ്ങൾ കേട്ടുവളർന്നതിനാൽ അതിലേക്ക് ഇറങ്ങിയപ്പോൾ നാദിയയ്ക്ക് എല്ലാം പെട്ടെന്നു തന്നെ മനസിലാക്കാൻ സാധിച്ചു. കമ്പനിയുടെ കാര്യങ്ങളും ബിസിനസ് തിരക്കുകളും ആസ്വദിച്ചു. ബിരുദം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ മകളുടെ ബിസിനസ് താൽപര്യം മനസിലാക്കിയ പിതാവ് നാദിയയെ പിതാവ് തന്‍റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് കൈപിടിച്ചു കയറ്റി.

പാര്‍ലേ അഗ്രോയില്‍ ചീഫ് മാർക്കറ്റിങ് ഓഫീസറും ജോയിന്റ് മാനേജിങ് ഡയറക്ടറുമായി ഔദ്യോഗിക സ്ഥാനം ഏറ്റെടുത്ത നാദിയ കമ്പനിയിൽ വലിയ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. യുവ ജനതയുടെ ട്രെൻഡ് മനസിലാക്കിയ അവൾ കമ്പനിയുടെ പോർട്ട്‌ഫോളിയോ വികസിപ്പിച്ചു. കമ്പനിയുടെ വരുമാനത്തിന്റെ 95 ശതമാനവും ഫ്രൂട്ടി ബിസിനസിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞത് നാദിയ ആയിരുന്നു. ഫ്രൂട്ടി എന്ന മാംഗോ ഡ്രിങ്ക് ആയിരുന്നു അത്. ഫ്രൂട്ടിയുടെ ഉല്‍പ്പാദനം കൂട്ടാനും പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരണത്തിന് തുടക്കമിടാനും തീരുമാനിച്ചു. പിന്നീട് നാദിയയുടെ നേതൃത്വത്തിൽ കമ്പനിയുടെ കുതിപ്പാണ് കണ്ടത്.

ടെട്രാ പാക്കും പെറ്റ് ബോട്ടിലുകളുമൊക്കെ അവതരിപ്പിച്ച് നാദിയ ഫ്രൂട്ടിയെ കൂടുതല്‍ ജനകീയമാക്കി. ഒപ്പം തന്നെ വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ് ആപ്പി ഫിസും നിംബു പാനിയുമെല്ലാം പുറത്തിറക്കി വിജയിപ്പിച്ചു. അപ്പോഴും ഫ്രൂട്ടി എന്ന ഉല്‍പ്പന്നത്തിൽ മാര്‍ക്കറ്റിങ് സ്ട്രാറ്റജികള്‍ മാറ്റിമാറ്റി പരീക്ഷിക്കാനും പായ്ക്കിങ്ങിലും ബ്രാന്‍ഡിങ്ങിലുമടക്കം വ്യത്യസ്തത കൊണ്ടുവരാനും നാദിയ ശ്രദ്ധ പുലര്‍ത്തി.

നാദിയ പാര്‍ലേ അഗ്രോയുടെ ചുമതല ഏറ്റെടുക്കുമ്പോള്‍ കമ്പനിയുടെ വരുമാനം വെറും 300 കോടി രൂപയായിരുന്നു. 2017ൽ കമ്പനിയുടെ വരുമാനം 4200 കോടി രൂപയിലെത്തിച്ചു. 2022-2023 സാമ്പത്തിക വർഷത്തിലേക്കെത്തുമ്പോള്‍ കമ്പനിയുടെ വിറ്റുവരവ് 8000 കോടി രൂപയിലേക്ക് ഉയര്‍ത്തി. 2030ഓടെ കമ്പനിയുടെ വാര്‍ഷിക ടേണ്‍ഓവര്‍ ഇരുപതിനായിരം കോടിയിലെത്തിക്കാനാണ് നാദിയ ലക്ഷ്യമിടുന്നത്.

നാദിയ ചൗഹാന്‍റെ മുത്തച്ഛനായ മോഹൻലാൽ ചൗഹാനാണ് 1929ൽ പാർലെ ഗ്രൂപ്പ് സ്ഥാപിച്ചത്. മോഹൻലാലിന്റെ ഇളയ മകൻ ജയന്തിലാൽ 1959-ൽ ശീതളപാനീയങ്ങളുടെ ബിസിനസ് ആരംഭിച്ചു. തംസ് അപ്പ്, ലിംക, മാസ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള കമ്പനി പിന്നീട് രമേഷ് ചൗഹാനും പ്രകാശ് ചൗഹാനും കൈമാറുകയായിരുന്നു. പിന്നീട് രണ്ട് സഹോദരന്മാരും അവരുടെ ബിസിനസ്സ് സാമ്രാജ്യം രണ്ടായി വിഭജിക്കുകയായിരുന്നു. നിലവില്‍ പ്രകാശ് ചൗഹാന്‍റെ ഉടമസ്ഥതയിലുള്ള പാർലെ ആഗ്രോയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമാണ് നാദിയ ചൗഹാൻ. നാദിയ ചൗഹാൻറെ തന്നെ മൂത്ത സഹോദരി ഷൗന ചൗഹാൻ ആണ് പാർലെ ആഗ്രോയുടെ സി.ഇ.ഒ.

Related Posts