Finance Personal Finance

200 രൂപ മാറ്റിവച്ചാൽ 10 ലക്ഷമായി അക്കൗണ്ടിൽ എത്തും; ഈ പദ്ധതിയിൽ മടിക്കാതെ ചേർന്നോളൂ

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ കിട്ടുന്ന ഇടത്ത് നിക്ഷേപിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. ഇതിനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ബാങ്കുകളുടെ എഫ്ഡികളെയാണ്. പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ബാങ്കുകളുടേതിന് സമാനമായി പോസ്റ്റ് ഓഫീസും ഉയർന്ന പലിശ നിരക്ക് നിക്ഷേപകർക്ക് നൽകുന്നുണ്ട്.

പോസ്​റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി, റെക്കറിംഗ് ഡെപ്പോസി​റ്റ് എന്നിവ അവയിൽ ചിലതാണ്. പോസ്​റ്റ് ഓഫീസ് റെക്കറിങ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ആർഡി ചുരുങ്ങിയ സമയം കൊണ്ട് ലക്ഷങ്ങൾ നേടാൻ സഹായിക്കുന്നൊരു പദ്ധതിയാണ്. പ്രായപരിധിയില്ലാതെ ഏതൊരാൾക്കും ചേരാമെന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത.

200 രൂപ നിക്ഷേപിച്ച് 10 ലക്ഷം എങ്ങനെ നേടാം?

10 ലക്ഷം നേടാനായി ദിവസം തോറും 200 രൂപ മാ​റ്റിവയ്ക്കുക. അങ്ങനെയെങ്കിൽ ഒരു മാസം കൊണ്ട് നിങ്ങൾക്ക് 6000 രൂപ സമാഹരിക്കാനാകും. ഈ തുകയാണ് അഞ്ച് വർഷം ആർഡിയിൽ നിക്ഷേപിക്കേണ്ടത്. ആദ്യത്തെ അഞ്ച് വർഷത്തേക്ക് പ്രതിമാസം 6000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ ആകെ നിക്ഷേപം 3,60,000 രൂപയായിരിക്കും. 6.7 ശതമാനമാണ് പലിശ എങ്കിൽ പലിശയായി മാത്രം 56,921 രൂപ ലഭിക്കും. പലിശയും കൂടി കണക്കാക്കുമ്പോൾ നിങ്ങളുടെ ആകെ സമ്പാദ്യം 4,16,921 രൂപയാകും. അഞ്ച് വർഷത്തേക്ക് കൂടി നിക്ഷേപം നടത്തുകയാണെങ്കിൽ നിക്ഷേപം 9,77,350 രൂപയായി മാറും.

നിക്ഷേപകർക്ക് ഒന്നു മുതൽ 5 വർഷം വരെ നിശ്ചിത കാലയളവിലേക്ക് പ്രതിമാസം നിക്ഷേപം നടത്താൻ സാധിക്കുന്ന സേവിങ്സ് സ്കീം ആണിത്. സാധാരണക്കാർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ്. എല്ലാ മാസവും നിക്ഷേപകനു ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഈ തുക പലിശയ്ക്കൊപ്പം വളരുന്നു. കാലാവധി പൂർത്തിയാകുമ്പോൾ നല്ലൊരു തുക കയ്യിൽ കിട്ടും.

സേവിങ്സ് അക്കൗണ്ട് വഴി ഏത് പോസ്റ്റോഫീസിലും ആർഡി അക്കൗണ്ട് തുടങ്ങാം. ഇത് ഓഫ്‌ലൈനായും ഓൺലൈനായും ആരംഭിക്കാനാവും. ആധാർ, പാൻ കാർഡ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ആർഡി അക്കൗണ്ട് തുറക്കുമ്പോൾ സമർപ്പിക്കണം. പോസ്റ്റ് ഓഫീസ് ആർഡിയുടെ കാലാവധി 5 വർഷമാണ്. ആവശ്യമെങ്കിൽ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി കാലാവധി നീട്ടാൻ കഴിയും. എല്ലാ തവണയും നിക്ഷേപം മുടങ്ങാതെ അടയ്ക്കണം. മുടങ്ങിയാൽ പിഴ അടയ്ക്കേണ്ടി വരും.

Related Posts