തേങ്ങ ചിരകിയെടുത്തശേഷം വെറുതെ വലിച്ചെറിയുന്ന ചിരട്ടകൾ കൊണ്ട് ബിസിനസിൽ വിജയം കൈവരിച്ച ഒരു മലയാളി പെൺകുട്ടിയുണ്ട്. പാലക്കാട് സ്വദേശിനിയായ മരിയ കുര്യാക്കോസ് ആണ് വേറിട്ട ആശയത്തിലൂടെ ലക്ഷങ്ങൾ മാസം സമ്പാദിക്കുന്നത്. 4,000 രൂപ നിക്ഷേപത്തിൽ മരിയ സ്ഥാപിച്ച തേങ്ങ എന്ന ബ്രാൻഡ് ഇന്ന് 1 കോടി രൂപ വിറ്റു വരവിൽ എത്തിനിൽക്കുകയാണ്.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരു സംരംഭക ആവുകയെന്ന മോഹം മരിയയുടെ ഉള്ളിലുണ്ടായിരുന്നു. മുംബൈയിൽ ഒരു അനലിസ്റ്റായി ജോലി ചെയ്യുമ്പോഴും സ്വന്തം ബിസിനസ് എന്ന മോഹം മനസിൽ സൂക്ഷിച്ചു. 2018 ൽ ഒരു വർഷം 8 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന കോർപറേറ്റ് ജോലി ഉപേക്ഷിച്ച് സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് സഹായം നൽകുകയും ചെയ്യുന്ന സംഘടനയായ മുംബൈയിലെ മൈന മഹിള ഫൗണ്ടേഷനിൽ ചേർന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് രണ്ട് വർഷം പ്രവർത്തിച്ചപ്പോഴേക്കും സ്വന്തം ബിസിനസ് ആശയം മരിയയുടെ ഉള്ളിൽ ഉരുത്തിരിഞ്ഞു വന്നു.
ആദ്യം ഓയിൽ മില്ലുകളിൽ നിന്ന് പുറത്തു കളയുന്ന തേങ്ങാ വെള്ളം ഉപയോഗിച്ചുള്ള ബിസിനസ് ആശയമാണ് ചിന്തിച്ചത്. എന്നാൽ, പ്രോസസിങ് യൂണിറ്റ് ആരംഭിക്കുന്നതിന് രണ്ട് കോടി രൂപയെന്ന വലിയ നിക്ഷേപം വേണമെന്നതിനാൽ അത് വേണ്ടെന്നു വച്ചു. പിന്നീട് കോക്കനട്ട് ഫൈബർ ഉപയോഗിച്ച് ഫ്ലവർ പോട്ടുകൾ നിർമ്മിച്ചു. മുംബൈയിലെ നഴ്സറികളിൽ വിൽപന നടത്താൻ ശ്രമിച്ചുവെങ്കിലും തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും മുംബൈയിലെ നഴ്സറികൾ വാങ്ങിയിരുന്ന വിലക്കുറവുള്ള സമാന ഉത്പന്നങ്ങൾ വെല്ലുവിളി ഉയർത്തി.
അപ്പോഴാണ് ചിരട്ടയിൽ നിന്ന് നിർമിക്കുന്ന ഉത്പന്നങ്ങൾക്കുള്ള ഡിമാൻഡ് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ചിരട്ടകൾ ഉപയോഗിച്ച് അലങ്കാര ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലേക്ക് തിരിഞ്ഞു. ചിരട്ടകളെ ഉപയോഗപ്രദമായ വസ്തുക്കളായും, അലങ്കാര വസ്തുക്കളായുമൊക്കെ മരിയ രൂപാന്തരപ്പെടുത്തിയെടുത്തു. ബൗളുകൾ, കാൻഡിൽ ഹോൾഡറുകൾ, വിളക്കുകൾ, ഗ്ലാസുകൾ എന്നിങ്ങനെ ചിരട്ടകൾ പുതിയ രൂപത്തിൽ വിപണിയിൽ എത്തിച്ചു.
പതിയെ തേങ്ങ എന്ന ബ്രാൻഡ് സ്ഥാപിച്ചു. തുടക്കത്തിൽ ഒരാളെ മാത്രമാണ് ജോലിക്കായി നിയമിച്ചത്. ഇന്ന് കരകൗശല മേഖലയിൽ പ്രാവീണ്യമുള്ള 20 ജീവനക്കാരുണ്ട്. ചിരട്ട ഉപയോഗിച്ചുള്ള 45 വ്യത്യസ്ത ഉത്പന്നങ്ങൾ നിർമിക്കുന്നു. 11 വനിതകൾ അടങ്ങിയ ഓപ്പറേഷൻസ് ടീം ബിസിസന് മുന്നോട്ടു കൊണ്ടുപോകുന്നു. വെബ്സൈറ്റ് മാനേജ്മെന്റ്, കസ്റ്റമർ സർവീസ്, ഫിനാൻസ് എന്നിവയെല്ലാം ഈ ടീമാണ് മാനേജ് ചെയ്യുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, ജിയോ മാർട്ട് എന്നിവിടങ്ങളിലെല്ലാം തേങ്ങയുടെ ഉത്പന്നങ്ങൾ വിൽപനയ്ക്കുണ്ട്.
സ്ഥാപനത്തിന്റെ ആദ്യ വർഷത്തെ വിറ്റുവരവ് 20 ലക്ഷം രൂപയായിരുന്നു. തൊട്ടടുത്ത വർഷം 50 ലക്ഷം രൂപയിലേക്ക് ഉയർന്നു. ഇപ്പോൾ വർഷം 1 കോടി രൂപയുടെ വിറ്റു വരവാണ് നേടുന്നത്.