ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ആരുടെയും ആശ്രയമില്ലാതെ ദൈനംദിന ജീവിത ചെലവുകൾ നിറവേറ്റാനായാണ് ഏവരും ആഗ്രഹിക്കുന്നത്. ഇതിനായി നേരത്തെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. സുരക്ഷിതമായ നിക്ഷേപ പദ്ധതികൾ നല്ലൊരു തുക നിക്ഷേപം നടത്തുന്നത് വാർധക്യ ജീവിതം ആസ്വാദ്യകരമാക്കാൻ സഹായിക്കും.
ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് മാസം തോറും ഒരു നിശ്ചിത തുക അക്കൗണ്ടിൽ എത്തുമെന്ന് പറഞ്ഞാൽ സന്തോഷം തോന്നില്ലേ? എങ്കിൽ അതിനായി നേരെ പോസ്റ്റ് ഓഫീസിലേക്ക് ചെന്നോളൂ. തപാൽ വകുപ്പിന്റെ നിക്ഷേപപദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം (എസ്‌സിഎസ്എസ്) റിട്ടയർമെന്റ് സമയത്ത് സ്ഥിര വരുമാനം നേടാൻ സഹായിക്കും.
മുതിർന്ന പൗരൻമാർക്ക് സുരക്ഷിതവും സ്ഥിരവുമായ ഒരു വരുമാനം ഉറപ്പാക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്. ജോലിയിൽ നിന്ന് വിരമിക്കുന്ന സമയത്ത് നിശ്ചിത തുക പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിമാസം കൃത്യമായി ഒരു വരുമാനം ലഭിക്കും.
പ്രതിമാസം 20,500 രൂപ എങ്ങനെ നേടാം?
നിങ്ങൾ 30 ലക്ഷം ഈ സ്കീമിൽ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിവർഷം ഏകദേശം 2,46,000 രൂപ വരെ പലിശ ലഭിക്കും. അതായത് മാസം തോറും 20,500 രൂപ പലിശയിനത്തിൽ മാത്രം അക്കൗണ്ടിലെത്തും. ഈ സ്കീമിലെ 10 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം അഞ്ച് വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകുമ്പോൾ 14,10,000 രൂപയായി ലഭിക്കും.
എസ്‌സിഎസ്എസിലെ പലിശ നിരക്ക് 8.2 ശതമാനമാണ്. സർക്കാർ നിക്ഷേപപദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശനിരക്കുളള പദ്ധതിയാണിത്.
60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് വാർധക്യ ജീവിതം സുരക്ഷിതമാക്കാൻ ഈ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശയിലൂടെ സാധിക്കും. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള കുറഞ്ഞ തുക 1,000 രൂപയാണ്. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അഞ്ച് വർഷമാണ് കാലാവധി. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഒരു വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നികുതിയിളവും സ്വന്തമാക്കാം.
കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ ആവശ്യകതയനുസരിച്ച് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. എന്നാൽ നിക്ഷേപ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പദ്ധതിയിൽ നിന്ന് പിൻമാറിയാൽ പിഴ അടയ്‌ക്കേണ്ടി വരും. അടുത്തുളള പോസ്റ്റോഫീസിലോ ബാങ്കിലോ എത്തി പദ്ധതിയിൽ ചേരാവുന്നതാണ്.
















