കൃഷിയോടുള്ള സ്നേഹം മാത്തുക്കുട്ടി ടോം എന്ന ചെറുപ്പക്കാരന് സ്വന്തം കുടുംബത്തിൽനിന്നും കിട്ടിയതാണ്. കൃഷിക്കാരായ മാതാപിതാക്കളെ കണ്ടാണ് ടോം വളർന്നത്. ഒരു മൾട്ടി നാഷണൽ കാർ നിർമ്മാണ കമ്പനിയിൽ ജോലി ലഭിച്ചപ്പോഴും മനസിൽ കൃഷിയോടുള്ള സ്നേഹം മറന്നില്ല. മൂന്നുവർഷം ജോലി ചെയ്തപ്പോൾ തന്നെ നാട്ടിലേക്ക് മടങ്ങി കൃഷിക്കാരനാകണമെന്ന മോഹം അടക്കാനായില്ല. ഒടുവിൽ ജോലി രാജിവച്ച് സ്വന്തം നാടായ കോട്ടയത്തേക്ക് എത്തി കുടുംബത്തിന്റെ കൃഷിക്കൊപ്പം പങ്കാളിയായി. പിതാവ് നടത്തിയിരുന്ന കൃഷി ഏറ്റെടുത്തു നടത്താൻ തുടങ്ങി. ഇന്ന് ടി.ജെ.ടി ഫാം ലക്ഷങ്ങളുടെ മാസ വരുമാനം നേടുന്ന ഒന്നായി വളർന്നു കഴിഞ്ഞു.
2014ൽ ജോലി രാജിവച്ച് കൃഷിയിലേക്ക് ഇറങ്ങുമ്പോൾ താൻ നേരിടാൻ പോകുന്ന വെല്ലുവിളികളെക്കുറിച്ച് മാത്തുക്കുട്ടിക്ക് ധാരണയൊന്നും ഇല്ലായിരുന്നു. പാലയിൽ പരമ്പരാഗതമായി കിട്ടിയ 18 ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ആദ്യത്തെ രണ്ട് വർഷം വലിയ ലാഭമൊന്നും ലഭിച്ചില്ല. ഏഴു വർഷമെടുത്താണ് കൃഷിയിൽ നിന്നും നല്ല വരുമാനം ഉണ്ടാക്കാൻ സാധിച്ചത്.
നെല്ല്, വാഴ, ഏതാനും പച്ചക്കറികൾ തുടങ്ങിയവയാണ് ആദ്യം കൃഷി ചെയ്തത്. എന്നാൽ, അവ വിപണിയിൽ എത്തിച്ചപ്പോൾ ഡിമാൻഡും വിലയും കുറവായിരുന്നത് വലിയ വെല്ലുവിളിയായി. മാത്രമല്ല, ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും ബുദ്ധിമുട്ടുണ്ടാക്കി. ജൈവ വളം ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്. പക്ഷേ, എന്നിട്ടും ഉത്പന്നങ്ങൾക്ക് വിപണിയിൽ പ്രതീക്ഷിച്ച വില കിട്ടാത്തതും, കൂടുതൽ ലാഭവും ഇടനിലക്കാർ എടുക്കുന്ന പ്രവണതയും മാർക്കറ്റിലെ വെല്ലുവിളികളായിരുന്നു.
അങ്ങനെയാണ് ചില ബിസിനസ് ടെക്നിക്കുകൾ കൃഷിയിലേക്ക് കൊണ്ടുവരുവാൻ മാത്തുക്കുട്ടി തീരുമാനിച്ചത്. ഇന്റഗ്രേറ്റഡ് ഫാമിങ് അഥവാ മിക്സഡ് ഫാമിങ് എന്ന രീതിയാണ് പരീക്ഷിച്ചത്. വിളകൾ വളർത്തുന്നതിനൊപ്പം തന്നെ അതേ ഫാമിൽ മൃഗങ്ങളെയും വളർത്തുന്ന രീതിയാണ് അവലംബിച്ചത്. ഇത് വിളകൾ മാറി മാറി ഇറക്കാൻ സഹായിച്ചു.
ടി.ജെ.ടി ഫാമിൽ ഇന്ന് 300 പ്ലാവുകളാണുള്ളത്. മാവ്, പപ്പായ, കാഷ്യു, പാഷൻ ഫ്രൂട്ട്, തെങ്ങ് തുടങ്ങിയവയും വളരുന്നു. വഴുതനയുടെ 1,000 തൈകൾ കൂടാതെ വിവിധ തരം പച്ചക്കറികളുടെ 200 തൈകളും വളർത്തിയെടുക്കുന്നു. വിവിധ തരം മത്സ്യങ്ങളെ വളർത്തുന്നതിനായി 5 കുളങ്ങൾ ഫാമിലുണ്ട്. മുയലുകൾ, അലങ്കാര മത്സ്യങ്ങൾ, പക്ഷികൾ എന്നിവയുടെ വില്പന നടത്തുന്ന പെറ്റ് സ്റ്റോറും ഉണ്ട്. സീസണൽ പച്ചക്കറികളും, റംബൂട്ടാൻ, മാൻഗോസ്റ്റിൻ അടക്കമുള്ള വിദേശ ഫലവൃക്ഷങ്ങളും നട്ടുവളർത്തിയിട്ടുണ്ട്. വിദേശ ഫലങ്ങളിലൂടെ ഒരു മാസം 5 ലക്ഷം രൂപ വരെയാണ് നേടുന്നത്.
നിരവധി ബഹുമതികളും മാത്തുക്കുട്ടിയെ ഇതിനോടകം തേടി എത്തിയിട്ടുണ്ട്. 2015ൽ കേരള സർക്കാരിന്റെ യുവ കർഷക അവാർഡ്, 2022ൽ കേരള സ്റ്റേറ്റ് അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റിന്റെ യുവകർഷകനുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.