Economy Finance Homepage Featured

ദസറയോടെ പുതിയ ജിഎസ്ടി നിരക്കുകൾ; ഓൺലൈൻ ഗെയിമിംഗ് പ്ലാറ്ഫോം നിരോധനം തിരിച്ചടിയാവും?

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനിടയിൽ, വരുമാനക്കുറവ് നേരിടാൻ കേന്ദ്രം വൻ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് ധനമന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചു.

പുതുക്കിയ ജിഎസ്ടി ചട്ടക്കൂട് വിജയദശമി (ഒക്ടോബർ 2) ആകുമ്പോഴേക്കും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ 40,000 കോടി രൂപയുടെ നഷ്ടം നേരിടാൻ സർക്കാരിന് സാധിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി ഉൾക്കൊള്ളേണ്ട വരുമാനക്കുറവ് കരട് കണക്കുകൾ ജിഎസ്ടി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പാനലായ ഫിറ്റ്മെന്റ് കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതർ ദേശീയമാധ്യമങ്ങൾക്കു നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.

5% ഉം 18% ഉം എന്ന രണ്ട് തലങ്ങളിലുള്ള ജിഎസ്ടി നിരക്ക് ഘടനയും, മദ്യം, പുകയില ഉത്പന്നങ്ങൾ തുടങ്ങിയ ഹാനികരമായ വസ്തുക്കൾക്ക് 40% ലെവിയും ഉൾപ്പെടുത്തിയ പരിഷ്കരണമാണ് നിർദ്ദേശത്തിലുള്ളത്. പുതിയ സംവിധാനം കൂടുതൽ ലാളിത്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, വരുമാനത്തിൽ ഇത് വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ നിരോധിക്കുന്ന ബില്ലുകൾ അവതരിപ്പിച്ചതിന് തുടർന്ന് ജിഎസ്ടി, ടിഡിഎസ് കളക്ഷനുകളിൽ ഉണ്ടായേക്കാവുന്ന ഏകദേശം 20,000 കോടി രൂപയുടെ അധിക ഇടിവും കേന്ദ്രം നേരിടേണ്ടി വരും. വരുമാനത്തിലെ കുറവ് താൽക്കാലികമായിരിക്കുമെന്നാണ് അധികൃതരുടെ വാദം. ശക്തമായ ഉപഭോക്തൃ ചെലവ് വഴി ഇത് നികത്താനാകുമെന്നാണ് സൂചന. ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി പ്രതിവർഷം 12.75 ലക്ഷം രൂപ വരെ വരുമാനമുള്ള ശമ്പളക്കാരായ വ്യക്തികൾക്ക് ഈ വർഷം ആദ്യം സർക്കാർ ആദായനികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.

വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശം ഒഴികെ, മിക്ക സേവനങ്ങൾക്കും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. ജിഎസ്ടി കൗൺസിലിന്റെ 56-ാമത് യോഗം സെപ്റ്റംബർ 3,4 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും. അതിനുമുമ്പ് സെപ്റ്റംബർ 2 ന് ഉദ്യോഗസ്ഥരുടെ യോഗം ചേരും. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ നടത്താൻ ആദ്യം നിശ്ചയിച്ചിരുന്ന സെഷൻ സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകൾക്ക് ശേഷം നേരത്തെ നടത്താൻ തീരുമാനിക്കുകയാരുന്നു.

ഓഗസ്റ്റ് 20-21 തീയതികളിൽ ഡൽഹിയിൽ ചേർന്ന നിരക്ക് യുക്തിസഹീകരണം സംബന്ധിച്ച മന്ത്രിമാരുടെ സംഘം (GoM) 12%, 28% നികുതി സ്ലാബുകൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം അംഗീകരിച്ചു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന മന്ത്രിമാർ ലളിതവൽക്കരിച്ച ദ്വിതല GST ഘടനയ്ക്ക് സമ്മതം നൽകി.

ദീപാവലിയോടെ അടുത്ത ഘട്ടം ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. സാധാരണക്കാരുടെ മേലുള്ള നികുതി ഭാരം കുറയ്ക്കുന്നതിനായി സർക്കാർ അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ കൊണ്ടുവരും. ഇത് നിങ്ങൾക്കുള്ള ഒരു ദീപാവലി സമ്മാനമായിരിക്കുമെന്നും പൗരന്മാർക്ക് നികുതി ലഘൂകരിക്കുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുന്നതിനുമാണ് ഈ നീക്കമെന്നും മോദി പറഞ്ഞു.

Related Posts