Finance Personal Finance

166 രൂപ മാറ്റിവച്ച് പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കൂ; 8 ലക്ഷം കൈയിൽ കിട്ടും

കൃത്യമായ അച്ചടക്കത്തോടെ കുറഞ്ഞ തുകയിൽ നിക്ഷേപം നടത്തിയാലും വലിയൊരു സമ്പാദ്യം നേടിയെടുക്കാനാകും. ഇത്തരത്തിൽ കുറഞ്ഞ തുകയിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഇടമാണ് പോസ്റ്റ് ഓഫീസ്. ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിലുണ്ട്. അത്തരത്തിലുള്ളൊരു മികച്ച നിക്ഷേപപദ്ധതിയാണ് പോസ്​റ്റ് ഓഫീസ് ആർഡി അല്ലെങ്കിൽ റെക്കറിങ് ഡെപ്പോസി​റ്റ്.

ഈ പദ്ധതി 6.7 ശതമാനം പലിശയാണ് വാഗ്‌ദാനം ചെയ്യുന്നത്. മൂന്നു മാസം കൂടുമ്പോൾ പലിശ കണക്കാക്കുന്നു. 10 വർഷമാണ് ഈ പദ്ധതിയുടെ കാലയളവ്. ഈ സ്കീമിൽ കുറഞ്ഞ തുക നിക്ഷേപിച്ച് 8 ലക്ഷം വരെ സമ്പാദിക്കാൻ സാധിക്കും.

8 ലക്ഷം എങ്ങനെ നേടാം?

ഈ പദ്ധതിയിൽ പ്രതിമാസം 5000 രൂപയുടെ നിക്ഷേപം നടത്താനാണ് തീരുമാനിക്കുന്നതെങ്കിൽ ദിവസവും 166 രൂപ മാറ്റിവയ്ക്കാൻ ശ്രമിക്കുക. അഞ്ച് വർഷം പ്രതിമാസം 5000 രൂപ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപം 3,00,000 രൂപയാകും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ കയ്യിൽ കിട്ടുക 3,56,830 രൂപയാണ്. പലിശയായി മാത്രം കിട്ടുക 56,830 രൂപയാണ്. അഞ്ച് വർഷം കൂടി പദ്ധതി നീട്ടുകയാണെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപം 8,54,272 രൂപയാകും. പലിശ മാത്രം 2,54,272 രൂപയാകും കിട്ടുക.

പദ്ധതിയിൽ ചേരാൻ 100 രൂപ മതി

നിക്ഷേപകർക്ക് ഒന്നു മുതൽ 5 വർഷം വരെ നിശ്ചിത കാലയളവിലേക്ക് പ്രതിമാസം നിക്ഷേപം നടത്താൻ സാധിക്കുന്ന സേവിങ്സ് സ്കീം ആണിത്. സാധാരണക്കാർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ്. എല്ലാ മാസവും നിക്ഷേപകനു ഒരു നിശ്ചിത തുക നിക്ഷേപിക്കാം. ഈ തുക പലിശയ്ക്കൊപ്പം വളരുന്നു. കാലാവധി പൂർത്തിയാകുമ്പോൾ നല്ലൊരു തുക കയ്യിൽ കിട്ടും. പോസ്റ്റ് ഓഫീസ് ആർഡിയിലെ പ്രതിമാസ നിക്ഷേപത്തിനുള്ള ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്, പരമാവധി തുക എത്ര വേണമെങ്കിലും ആവാം.

ആർക്കൊക്കെ സ്കീമിൽ ചേരാം

ഏതൊരു ഇന്ത്യൻ പൗരനും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ളവർക്ക് അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം. 10 വയസിൽ താഴെയുള്ളവർക്ക് മാതാപിതാക്കളുടെ പേരിൽ അക്കൗണ്ട് തുറക്കാം. സേവിങ്സ് അക്കൗണ്ട് വഴി ഏത് പോസ്റ്റോഫീസിലും ആർഡി അക്കൗണ്ട് തുടങ്ങാം. ഇത് ഓഫ്‌ലൈനായും ഓൺലൈനായും ആരംഭിക്കാനാവും. ആധാർ, പാൻ കാർഡ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ആർഡി അക്കൗണ്ട് തുറക്കുമ്പോൾ സമർപ്പിക്കണം.

പോസ്റ്റ് ഓഫീസ് ആർഡി ഒരു സുരക്ഷിത നിക്ഷേപമാണ്. ഈ പദ്ധതിക്ക് ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുണ്ട്, അതിനാൽ തന്നെ ഈ നിക്ഷേപം അപകടരഹിതവും സുരക്ഷിതവുമാണ്.

Related Posts