Business Finance Homepage Featured

ഭർത്താവിന്റെ ആഗ്രഹം നിറവേറ്റി; 67-ാം വയസിൽ അച്ചാർ ബിസിനസിൽ വിജയം കൈവരിച്ച് ആലപ്പുഴക്കാരി

മരണക്കിടയിലെ തന്റെ ഭർത്താവിന്റെ അവസാന ആഗ്രഹമാണ് 67 കാരിയായ ഫിലോ തോമസിനെ ഒരു ബിസിനസുകാരിയാക്കി മാറ്റിയത്. തന്റെ ഭാര്യ അച്ചാർ ബിസിനസ് നടത്തി പ്രശസ്തയാവണമെന്നതായിരുന്നു ഫിലോ തോമസിന്റെ ഭർത്താവ് കെ.ജെ.തോമസിന്റെ അവസാനത്തെ ആഗ്രഹം. ഇന്ന് തന്റെ ഭർത്താവിന്റെ ആഗ്രഹം പോലെ ഫിലോ തോമസ് അച്ചാർ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. 

ആലപ്പുഴക്കാരിയായ ഫിലോ തോമസിന് പാചകം എന്നു ഇഷ്ടമായിരുന്നു. കുടുംബ ഒത്തുചേരലുകളിൽ എത്തുന്നവരെല്ലാം അവരുടെ ഭക്ഷണത്തിനായി കാത്തിരിക്കാറുണ്ടായിരുന്നു. ഒരു കുപ്പി അച്ചാറുമായിട്ടായിരിക്കും എല്ലാവരും വീട്ടിലേക്ക് മടങ്ങുക, പ്രത്യേകിച്ച് വിദേശത്ത് നിന്ന് വന്നവർ.

പന്ത്രണ്ടാം ക്ലാസ്സിനു ശേഷം പഠനം തുടരാൻ കഴിയാതെ വന്നതിനാൽ, എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഫിലോ തോമസ് എന്ന വീട്ടമ്മയുടെ മനസ്സിൽ എന്നും ഉണ്ടായിരുന്നു. പക്ഷേ എങ്ങനെ, എന്ത്, എപ്പോൾ എന്നീ ചോദ്യങ്ങൾ അവരെ എപ്പോഴും പിന്നോട്ട് വലിച്ചു. ഒടുവിൽ ഭർത്താവും മരുമകൾ ടിൻസിയും ചേർന്ന് അവരുടെ സ്വപ്നം സഫലമാക്കാൻ തീരുമാനിച്ചു. ഒരു അച്ചാർ ബിസിനസ് എന്ന ആശയത്തിലേക്ക് അവർ എത്തി. 

2015 ൽ അച്ചാർ ബിസിനസ് തുടങ്ങി. ഒരു ഫെയ്സ്ബുക്ക് പേജ് തുടങ്ങി ചെറിയ രീതിയിലാണ് ബിസിനസ് ആരംഭിച്ചത്. ചിക്കൻ, നാരങ്ങ, ബീഫ് എന്നിങ്ങനെ രണ്ടോ മൂന്നോ തരം അച്ചാറുകൾ മാത്രമാണ് തുടക്കത്തിൽ തയ്യാറാക്കിയത്. ബിസിനസ് പതിയെ വളർന്നെങ്കിലും ഭർത്താവിന്റെ ആരോഗ്യപ്രശ്നം ഫിലോ തോമസിനെ തളർത്തി. കെ.ജെ.തോമസ് കാൻസർ ബാധിച്ച് മൂന്ന് മാസത്തേക്ക് ആശുപത്രിയിൽ കിടന്നു. ചികിത്സയ്ക്കായി ആശുപത്രികൾ കയറി ഇറങ്ങേണ്ടി വന്നതിനാൽ ബിസിനസ് നടത്തുന്നത് ബുദ്ധിമുട്ടായി. 

ഈ സമയത്താണ് ജെ.ജെ.തോമസ് ഭാര്യ ഫിലോ തോമസിന് കരുത്ത് പകർന്നത്. ”ഫിലോ, നീ വളരെ കഴിവുള്ളവളാണ്. ഭക്ഷണത്തിലൂടെ ആളുകൾക്ക് സന്തോഷം നൽകാനുള്ള ഒരു സ്വതസിദ്ധമായ കഴിവ് നിനക്കുണ്ട്. തളരരുത്, ബിസിനസ്സ് തുടരുക. നീ അത് വലിയ നേട്ടമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” മരുമകൾ ടിൻസി ആ വാക്കുകൾ ഓർത്തെടുത്തുകൊണ്ട് പറഞ്ഞു.

ഭർത്താവിന്റെ വാക്കുകൾ പോലെ 2018-ൽ ലോഗോയും പാക്കേജിങ്ങും മാറ്റി ‘ഫിലോസ് പിക്കിൾസ്’ എന്ന പുതിയ ബ്രാൻഡിൽ ഉത്പന്നങ്ങൾ പുറത്തിറക്കി. 10,000 രൂപ നിക്ഷേപിച്ച് അച്ചാർ ഉത്പാദനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും വാങ്ങി. പ്രാദേശിക സൂപ്പർമാർക്കറ്റുകളിൽ ആദ്യ ഉത്പന്നങ്ങൾ നൽകി തുടങ്ങി. പതിയെ അച്ചാറിന്റെ സ്വാദിന് പേരുകേട്ടതോടെ ഓർഡറുകൾ കൂടുതൽ കിട്ടി തുടങ്ങി. 

വീട്ടിലെ അടുക്കളയ്ക്ക് പിന്നിലായിട്ടുള്ള പ്രത്യേക സ്ഥലത്താണ് അച്ചാർ തയ്യാറാക്കുന്നത്. ചെമ്മീൻ അച്ചാറും ഉണക്കിയ ബീഫ് പൊടിയുമാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങൾ. ഇവ കൂടാതെ, മീൻ, കക്കയിറച്ചി അച്ചാറുകൾ, ചെമ്മീൻ ചമ്മന്തി പൊടി (ഉണക്കിയ ചെമ്മീൻ പൊടി) എന്നിവയും വിൽക്കുന്നു. മാങ്ങ, നാരങ്ങ തുടങ്ങിയ അച്ചാറുകളും അവർ ഉണ്ടാക്കുന്നു. ഓർഡറുകളിൽ ഭൂരിഭാഗവും യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ എൻആർഐകളിൽ നിന്നാണ്. 

“നാരങ്ങ അച്ചാർ പാചകക്കുറിപ്പ് ഞാൻ എന്റെ അമ്മയിൽ നിന്ന് പഠിച്ച ഒന്നാണ്. ചെമ്മീൻ, മീൻ തുടങ്ങിയ മറ്റ് പാചകക്കുറിപ്പുകൾ എന്റെ സ്വന്തം സൃഷ്ടികളാണ്. അച്ചാർ തയ്യാറാക്കാനായി പാക്കറ്റ് ഉൽപ്പന്നങ്ങളൊന്നും ഉപയോഗിക്കുന്നില്ല. മുളകുപൊടി പോലും വീട്ടിൽ തന്നെ ഉണ്ടാക്കുന്നു,” ഫിലോ അഭിമാനത്തിന്റെ പറയുന്നു. അച്ചാർ തയ്യാറാക്കുന്നതു മുതൽ പാക്കിങ്, മാർക്കറ്റിങ് എല്ലാം കൈകാര്യം ചെയ്യുന്നത് ഫിലോ തോമസും മരുമകളും ചേർന്നാണ്.

67 വയസുള്ള ഫിലോ തോമസിന് ഇതൊരു പുതുജീവൻ തന്നെയാണ്. താൻ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ബിസിനസിനെക്കുറിച്ച് പറയുമ്പോൾ അവരുടെ ശബ്ദത്തിൽ ആവേശവും സന്തോഷവും പ്രകടമാണ്.

Related Posts