പാവകളോടുള്ള മകളുടെ പ്രിയമാണ് വീണ പീറ്റർ എന്ന വീട്ടമ്മയെ ഒരു ബിസിനസ് സംരംഭകയാക്കി മാറ്റിയത്. വീണയുടെ മകൾ താര വളർന്നപ്പോൾ പാവകളോടുള്ള അവളുടെ ഇഷ്ടവും വളർന്നു. പക്ഷേ, അവൾക്കുണ്ടായിരുന്ന മിക്ക പാവകളും പ്ലാസ്റ്റിക്, സിന്തറ്റിക് ആയിരുന്നു. അവ അധികകാലം നീണ്ടുനിന്നില്ല.
വീണയുടെ മുടി മുഖത്തേക്ക് വച്ച് ഉറങ്ങുന്ന ശീലം മകൾക്കുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു ദിവസം രാത്രിയാണ് വീണയുടെ ഉള്ളിൽ ഒരു ആശയം ഉദിച്ചത്. “ഞാൻ അടുത്തില്ലാത്തപ്പോൾ അവൾക്ക് അതേ സുഖം നൽകാൻ, നീളമുള്ളതും മൃദുവായതുമായ മുടിയുള്ള ഒരു പാവ നോക്കിയാലോ ഞാൻ ചിന്തിച്ചു,” 39 കാരിയായ വീണ പറഞ്ഞു.
അത്തരത്തിലൊരു പാവയ്ക്കായുള്ള വീണയുടെ അന്വേഷണം നിരാശയിലാണ് അവസാനിച്ചത്. “നല്ലതെന്ന് തോന്നുന്ന ഒരു പാവയെ പോലും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല, എല്ലാം പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചത്, ചെറിയ മുടിയുള്ളതും, ഗുണനിലവാരമില്ലാത്തതും, എളുപ്പത്തിൽ കുരുങ്ങുന്നതും ആയിരുന്നു. അതിനാൽ, ഞാൻ തന്നെ ഒന്ന് നിർമ്മിക്കാൻ തീരുമാനിച്ചു,” അവൾ പറഞ്ഞു.
തുണിയും കമ്പിളിയും ഉപയോഗിച്ച് ആദ്യത്തെ പാവയെ നിർമ്മിച്ചു. അതിനുശേഷം കുറച്ചു കൂടി പാവകൾ നിർമ്മിച്ചു. തന്റെ സുഹൃത്തുക്കൾക്ക് അവ കാണിച്ചപ്പോൾ അവരുടെ കുട്ടികൾക്കും ആവശ്യപ്പെട്ടു. അങ്ങനെ അതൊരു ചെറിയ സംരംഭകമായി മാറി. ഒരു പ്രാദേശിക വിപണിയിൽ വിൽക്കാൻ തീരുമാനിച്ചപ്പോഴാണ് യഥാർത്ഥ വഴിത്തിരിവ് ഉണ്ടായത്.
വില എങ്ങനെ നിശ്ചയിക്കണമെന്ന് ഒരു ധാരണയുമില്ലാതെ വീണ 30 പാവകൾ ഉണ്ടാക്കി. അവയും കയ്യിൽ പിടിച്ച് ഞാൻ മാർക്കറ്റിലേക്ക് പോയി. ആ ദിവസം അവസാനിക്കുന്നതിന് മുമ്പ് അവയെല്ലാം വിറ്റുതീർന്നു. ആ ആത്മവിശ്വാസമാണ് ‘താരാസ് ഡോൾ ഹൗസ്’ എന്ന ബ്രാൻഡ് പിറക്കാൻ ഇടയാക്കിയത്. ഇതിനെല്ലാം പ്രചോദനമായ തന്റെ മകളുടെ പേരിലാണ് വീണ ബ്രാൻഡ് തുടങ്ങിയത്.
യാതൊരുവിധ ഡിസൈനും തുടക്കത്തിൽ വീണയുടെ ഉള്ളിലുണ്ടായിരുന്നില്ല. നീളമുള്ള മുടിയുള്ള പാവയായിരിക്കണമെന്നതു മാത്രമാണ് മനസിലുണ്ടായിരുന്നത്. പലവിധ പരീക്ഷണങ്ങളിലൂടെ വീണ തന്റേതായൊരു ശൈലിയിൽ പാവകൾ നിർമ്മിച്ചു. വീണ തയ്യാറാക്കുന്ന പാവകളുടെ വലിയ പ്രത്യേകത അവയുടെ നീളമുള്ള മുടിയാണ്. നീളമുള്ള മുടി കമ്പിളി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വസ്ത്രങ്ങൾ മാറ്റാവുന്ന വിധത്തിലാണ് പാവകൾ നിർമ്മിച്ചിട്ടുള്ളത്.
2023 ന്റെ തുടക്കത്തിൽ ഔദ്യോഗികമായി ആരംഭിച്ച ഈ ബിസിനസ് പതിയെ വളരാൻ തുടങ്ങി. തുടക്കത്തിൽ, വീണ ഒറ്റയ്ക്കാണ് പാവകൾ നിർമ്മിച്ചിരുന്നത്. എന്നാൽ, ആവശ്യക്കാർ കൂടിയതോടെ എല്ലാം സ്വയം ചെയ്യാൻ കഴിയില്ലെന്ന് അവൾ മനസിലാക്കി. ഇന്ന്, മൂന്ന് മുഴുവൻ സമയ വനിതാ ജീവനക്കാരുള്ള ഒരു യൂണിറ്റാണ് വീണയ്ക്കുള്ളത്. ആഴ്ചയിൽ 200 പാവകളെ വരെ ഉത്പാദിപ്പിക്കുന്നു. താരാസ് ഡോൾ ഹൗസ് പ്രതിമാസം 2 ലക്ഷം രൂപ വരുമാനം ഉണ്ടാക്കുന്ന ഒരു ബിസിനസായി വളർന്നു കഴിഞ്ഞു.
















