റിട്ടയർമെന്റ് ജീവിതത്തിനായി നേരത്തെ ആസൂത്രണം ചെയ്യണമെന്ന് പറയുന്നത് വെറുതെയല്ല. വാർധക്യത്തിൽ ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഈ ആസൂത്രണം നിങ്ങളെ സഹായിക്കും. ജോലി ചെയ്യുന്ന സമയത്തുതന്നെ ദീർഘകാല നിക്ഷേപ പദ്ധതികളിൽ ചേരുന്നത് റിട്ടയർമെന്റ് സമയത്ത് നല്ലൊരു സമ്പാദ്യം കയ്യിൽ കിട്ടാൻ സഹായിക്കും. മരുന്നിനും മറ്റു ദൈനംദിന ചെലവുകൾക്കും മറ്റാരുടെയും സഹായം ഇല്ലാതെ ജീവിക്കാൻ ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ സഹായിക്കും.
റിട്ടയർമെന്റ് സമയത്തിന് തയ്യാറെടുക്കുന്നവർക്ക് ദീർഘകാല നിക്ഷേപത്തിനുള്ള മാർഗങ്ങളിലൊന്നായി പരിഗണിക്കാവുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. നല്ല രീതിയിൽ നിക്ഷേപം നടത്തിയാൽ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നവയാണിത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി രീതിയിൽ നിക്ഷേപം നടത്തിയാൽ, നിക്ഷേപം ഗണ്യമായ രീതിയിൽ വളരാൻ സഹായിക്കും.
മാസം 500 രൂപ വീതം നിക്ഷേപിച്ചാൽ കിട്ടുന്നത് എത്ര?
25 വയസുള്ള ഒരു വ്യക്തി പ്രതിമാസം 500 രൂപ വീതം എസ്ഐപി രീതിയിൽ ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചുവെന്ന് കരുതുക. അടുത്ത 35 വർഷത്തേക്ക് ശരാശരി 15 ശതമാനം വീതം വാർഷിക വളർച്ച കൈവരിക്കുമെന്ന് കരുതുക. നിക്ഷേപം ആരംഭിച്ചതിനു ശേഷം ഓരോ വർഷം കഴിയുന്തോറും 10 ശതമാനം വീതം പ്രതിമാസ എസ്ഐപി തുക വർധിപ്പിക്കുക. എങ്കിൽ 60-ാം വയസിൽ ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് 1.65 കോടി രൂപ സമ്പാദ്യമായി നേടാം.
പ്രതിമാസ എസ്ഐപി 5,000 രൂപ വീതം നിക്ഷേപിച്ചാൽ എത്ര കിട്ടും?
25 വയസ്സുള്ള ഒരു വ്യക്തി മാസംതോറും 5,000 രൂപ വീതം മ്യൂച്ചൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കുന്നുവെന്ന് കരുതുക. അടുത്ത 35 വർഷത്തിൽ 15 ശതമാനം നിരക്കിൽ ശരാശരി വാർഷിക വളർച്ച കൈവരിക്കാനും സാധിച്ചുവെന്ന് കരുതുക. ഓരോ വർഷം കഴിയുന്തോറും 10 ശതമാനം വീതം എസ്ഐപി തുക വർധിപ്പിക്കുക. എങ്കിൽ 60-ാം വയസ്സിൽ 16.50 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം സ്വന്തമാകും.
ഏതാണ് തിരഞ്ഞെടുക്കേണ്ടത്?
കഴിഞ്ഞ 5, 10 അല്ലെങ്കിൽ 15 വർഷങ്ങളിൽ ഫണ്ട് എന്ത് തരത്തിലുള്ള റിട്ടേണുകൾ നൽകിയെന്ന് മനസിലാക്കുക. ഓരോ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും അനുസരിച്ച് എസ്ഐപികള്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ കോർപ്പസ് എത്രയായിരിക്കണമെന്ന് തീരുമാനിച്ചശേഷം മാസംതോറും നിക്ഷേപം തുടങ്ങാവുന്നതാണ്. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് അല്ലെങ്കിൽ ഫ്ലെക്സി ക്യാപ് ഇവയിൽ റിസ്ക് എടുക്കാനുള്ള നിങ്ങളുടെ കഴിവ് അനുസരിച്ച് തിരഞ്ഞെടുക്കുക.
ദീർഘകാല നിക്ഷേപകർക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ് അനുയോജ്യം. അധികം റിസ്ക് എടുക്കാൻ ശേഷിയും താത്പര്യവുമില്ലാത്ത നിക്ഷേപകർക്ക് ഹൈബ്രിഡ് ആൻഡ് ഡെബ്റ്റ് ഫണ്ട് തിരഞ്ഞെടുക്കാം. ആദായ നികുതി നിയമത്തിന്റെ 80-സി പ്രകാരം നികുതി ഇളവ് നേടേണ്ടവർക്ക് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം (ഇഎൽഎസ്എസ്) ഗുണം ചെയ്യും.