ന്യൂയോര്‍ക്ക്: വിപണി മൂല്യം നാലു ലക്ഷം കോടി ഡോളര്‍ മറികടന്ന ഏക കമ്പനി എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ.കമ്പനിയുടെ ഓഹരിവില ഇന്നലെ 2.5 ശതമാനം ഉയര്‍ന്നതോടെയാണ് വിപണിമൂല്യത്തില്‍ ചരിത്രത്തിലെ ഒരേടായി എന്‍വിഡിയ മാറിയത് .
ലോകത്ത് വിപണി മൂല്യം ആദ്യമായി മൂന്നു ലക്ഷം കോടി ഡോളര്‍ കടന്ന കമ്പനികള്‍ ആപ്പിളും മൈക്രോസോഫ്റ്റുമാണ്. എന്നാല്‍, ഇവയെ കടത്തിവെട്ടി മുന്നേറുകയാണ് എന്‍വിഡിയ. കഴിഞ്ഞ വര്‍ഷം ജൂണിലാണ് വിപണി മൂല്യം മൂന്ന് ലക്ഷം കോടി ഡോളര്‍ കടന്നത്. വെറും 13 മാസം കൊണ്ടാണ് വിപണി മൂല്യത്തില്‍ വീണ്ടും ഒരു ലക്ഷം കോടി ഡോളര്‍ ഉയർത്തി നേട്ടം കൈവരിച്ചത്.
എന്‍വിഡിയ ഒരു രാജ്യമായിരുന്നെങ്കില്‍ ജിഡിപിയുടെ അടിസ്ഥാനത്തില്‍ യുഎസ്, ചൈന, ജര്‍മ്മനി, ജപ്പാന്‍ എന്നിവയ്ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്ത് കമ്പനി ഉണ്ടാവുമായിരുന്നു. കമ്പനിയുടെ വിപണി മൂല്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയേക്കാള്‍ അല്‍പ്പം മുകളിലാണ്. 2022ല്‍ ചാറ്റ്ജിപിടിയുടെ വരവോടെ രാജ്യാന്തരതലത്തില്‍ നിര്‍മിതബുദ്ധി (എഐ) അധിഷ്ഠിത ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഹാര്‍ഡ്‌വെയറുകള്‍ക്ക് ഡിമാന്‍ഡ് ഏറിയതും ഈ രംഗത്ത് നേരിട്ടുള്ള എതിരാളികള്‍ ഇല്ലാതിരുന്നതുമാണ് എന്‍വിഡിയയ്ക്ക് കരുത്തായത്.