Finance Personal Finance

എൽഐസിയിൽ ഒറ്റത്തവണ നിക്ഷേപിക്കൂ, എല്ലാ മാസവും പെൻഷൻ കിട്ടും

ഇൻഷുറൻസ് പ്ലാനുകൾക്ക് പുറമെ നിക്ഷേപ-പെൻഷൻ പ്ലാനുകളും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എൽഐസിയുടെ ഒരു ജനപ്രിയ സ്കീമാണ് സ്മാർട് പെൻഷൻ പ്ലാൻ. രാജയത്തെ സാധാരണ ജന വിഭാഗങ്ങൾക്ക് അനുയോജ്യമായ പെൻഷൻ പ്ലാനാണിത്. സിംഗിൾ പ്രീമിയം ആന്വിറ്റി പ്ലാനാണ് എൽഐസി അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന പ്ലാനുകൾക്ക് അനുസരിച്ച്, ഒറ്റത്തവണ പ്രീമിയം അടച്ച് എല്ലാ മാസവും പെൻഷൻ നേടാൻ ഉപയോക്താക്കളെ സഹായിക്കുന്നു എന്നതാണ് സ്കീമിന്റെ പ്രധാന നേട്ടം.

പദ്ധതിയിൽ ആർക്കൊക്കെ ചേരാം?

18 വയസിനു മുകളിലുള്ള ആർക്കും ഈ സ്കീമിൽ ചേരാം. അതേസമയം ഈ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള പരമാവധി പ്രായം 65 മുതൽ 100 വയസുവരെയാണ്. ഇത് ഏതുതരം അന്വിറ്റി ഓപ്ഷൻ തെരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ആർക്കൊക്കെ നിക്ഷേപിക്കാം?

വ്യത്യസ്ത പ്രായക്കാർക്ക് അനുയോജ്യമായ 21 ഓപ്ഷനുകളുള്ള ഈ പ്ലാനിൽ വ്യക്തികൾക്കു പുറമെ ഗ്രൂപ്പുകൾക്കും നിക്ഷേപിക്കാം. ഈ പ്ലാനിലെ പ്ലാനിന്റെ കുറഞ്ഞ നിക്ഷേപ തുക ഒരു ലക്ഷം രൂപയാണ്. ഒറ്റതവണയായാണ് നിക്ഷേപം നടത്താനാവുക. നിക്ഷേപിച്ച തുക മുഴുവനായോ ഭാഗികമായോ പിൻവലിക്കാനുള്ള ഓപ്ഷനുണ്ട്. നിശ്ചിത കാലയളവിലേക്ക് പെൻഷൻ കൂട്ടിവെച്ച് പിൻവലിക്കാനുള്ള സൗകര്യവും സ്മാർട്ട് പെൻഷൻ പ്ലാനിൽ ലഭ്യമാണ്.

പെൻഷൻ ലഭിക്കേണ്ട സമയപരിധി

പെൻഷൻ ലഭിക്കേണ്ട സമയപരിധി 1 മാസം, 3 മാസം, 6 മാസം, 12 മാസം എന്നിങ്ങനെ തിരഞ്ഞെടുക്കാം. പെൻഷൻ തുക ലഭിക്കുന്നതിന് രണ്ടു തരത്തിലുള്ള ഓപ്ഷനുകളാണുള്ളത്. അന്വിറ്റി സ്കീമിൽ പോളിസി ഉടമയുടെ മരണം വരെ മാത്രമായിരിക്കും പെൻഷൻ (അന്വിറ്റി) ലഭിക്കുക. എന്നാൽ ജോയിന്റ് ലൈഫ് അന്വിറ്റി സ്കീമിൽ പ്രാഥമിക പോളിസി ഉടമ മരണപ്പെട്ടാലും പദ്ധതിയിൽ ചേർക്കപ്പെട്ട സഹ പോളിസി ഉടമകൾക്ക് (പങ്കാളി അല്ലെങ്കിൽ പേര് ചേർക്കപ്പെടുന്നവർ) തുടർന്നും പെൻഷൻ ലഭിക്കുന്നതായിരിക്കും.

പ്രതിമാസം 1,000 രൂപയും ത്രൈമാസ കാലയളവിൽ 3,000 രൂപയും അർധ വാർഷികമായി 6,000 രൂപയും വാർഷികമായി 12,000 രൂപ വീതവും ചുരുങ്ങിയ പെൻഷൻ തുക ഉപയോക്താവ് തെരഞ്ഞെടുക്കുന്ന അന്വിറ്റി പേയ്മെന്റ് രീതിയുടെ അടിസ്ഥാനത്തിൽ ലഭിക്കും. അതായത് മിനിമം നിക്ഷേപമാണ് നടത്തിയതെങ്കിൽ പോലും ഗ്യാരണ്ടിയുള്ള ഏറ്റവും ചുരുങ്ങിയ പെൻഷൻ തുകയായി 1,000 രൂപ വീതം പോളിസി ഉടമയ്ക്ക് ലഭിക്കും.

പെൻഷൻ പദ്ധതിയിലേക്കുള്ള നിക്ഷേപം അഥവാ പോളിസി ഇഷ്യൂ ചെയ്തതിനു മൂന്ന് മാസത്തിനു ശേഷമോ അല്ലെങ്കിൽ ഫ്രീ-ലുക്ക് കാലാവധി പൂർത്തിയായാലോ പോളിസിയിന്മേൽ വായ്പ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. അന്വിറ്റി സ്കീമിന്റെ അടിസ്ഥാനത്തിൽ ഇതു വ്യത്യാസപ്പെട്ടിരിക്കും.

Related Posts