സമൂഹത്തിൽ സ്ത്രീകൾക്കെതിരെ പല തരത്തിലുള്ള ആക്രമണങ്ങൾ നടക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയോ നേരിട്ടോ അധിക്ഷേപിക്കുന്നവരുണ്ട്. ജോലിസ്ഥലത്തോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ വെച്ച് സ്ത്രീകൾ അപമാനിക്കപ്പെടാറുമുണ്ട്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നത് സ്ത്രീകൾക്കെതിരെയുള്ള മറ്റൊരു തരത്തിലുള്ള ആക്രമണമാണ്. ഇത്തരം സാഹചര്യങ്ങളിൽ എന്തുചെയ്യണം എന്ന് പലപ്പോഴും നമുക്ക് അറിയില്ല. സ്ത്രീകൾക്കെതിരെയുള്ള ഏതൊരു തരം അതിക്രമത്തെയും നിയമപരമായി നേരിടാൻ കഴിയും.
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട 7 നിയമങ്ങൾ
ഇതിൽ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് 2013 ലെ പോഷ് ആക്ട്. ലൈംഗികാതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കാനായി എല്ലാ ഓഫിസിലും ഒരു കമ്മിറ്റി ഉണ്ടാകണമെന്ന് പോഷ് ആക്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇത് ചെയ്യാതിരിക്കുന്നത് 50,000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. മാത്രമല്ല കുറ്റം ആവർത്തിച്ചാൽ കമ്പനിയുടെ ലൈസൻസ് തന്നെ റദ്ദാകും.
അനാവശ്യമായി സ്ത്രീകളെ സ്പർശിക്കുന്നതോ അപമര്യാദയായി പെരുമാറുന്നതോ കുറ്റകരമാണ്. ഏതെങ്കിലും തരത്തിലുള്ള അതിക്രമം നേരിട്ടാൽ സ്ത്രീകൾക്ക് BNS സെക്ഷൻ 74 അനുസരിച്ച് പരാതി നൽകാവുന്നതാണ്. കുറ്റക്കാരന് 3 മുതൽ 7 വർഷം വരെയാണ് ശിക്ഷ.
സ്ത്രീകളെ ഏതെങ്കിലും തരത്തിൽ അപമാനിക്കുന്ന വിധത്തിലോ അല്ലാതെയോ അനുവാദമില്ലാതെ ഫോട്ടോകളോ വീഡിയോകളോ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും BNS സെക്ഷൻ 77(voyeurism) അനുസരിച്ച് ശിക്ഷാർഹമാണ്. ആദ്യ തവണത്തെ കേസിൽ മൂന്നു കൊല്ലം വരെ തടവ് ശിക്ഷയാണ് വിധിക്കുക. ആവർത്തിച്ചാൽ 7 വർഷം വരെ തടവ് ശിക്ഷയാകും നൽകുക.
ഗാർഹിക പീഡന നിരോധന നിയമം 2005 സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. വീടുകളിൽ വെച്ച് മാനസികമായോ ശാരീരികമായോ സ്ത്രീകളെ അപമാനിക്കുന്നത് ഈ നിയമമനുസരിച്ച് കുറ്റമാണ്. കേസിൽ പ്രതിയാകുന്നയാൾക്ക് ഒരു വർഷം വരെ ജയിൽ ശിക്ഷയും 20,000 രൂപ പിഴയും ലഭിക്കും.
സ്റ്റോക്കിങ് ശിക്ഷാർഹമായ ഒരു കുറ്റമാണ്. BNS സെക്ഷൻ 78 അനുസരിച്ച് 3 വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് സ്റ്റോക്കിങ്. കുറ്റം ആവർത്തിച്ചാൽ ശിക്ഷ 5 വർഷം വരെയാണ് നൽകുക. തുടർച്ചയായി പിന്തുടരുകയോ മെസേജുകൾ അയക്കുകയോ ചെയ്യുക അപമാനിക്കുക ഒക്കെ സ്റ്റോക്കിങ് ആയാണ് കണക്കാക്കുക.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണ്. സ്ത്രീധനം ചോദിച്ചതായി തെളിഞ്ഞാൽ പോലും ശിക്ഷ ലഭിക്കും. 1961 ലെ സ്ത്രീധനനിരോധന നിയമം അനുസരിച്ച് 5 വർഷം വരെ ജയിലിൽ കഴിയേണ്ടിവരുന്ന കുറ്റമാണിത്. സ്ത്രീധനത്തുകയോളം തന്നെ പിഴയായും നൽകേണ്ടിവരും.
BNS 63,64,65 സെക്ഷനുകൾ അനുസരിച്ച് നിർബന്ധിത ഫിസിക്കൽ റിലേഷൻ കുറ്റകരമാണ്. 10 വർഷം വരെയോ ജീവപര്യന്തമോ ആകും ഇതിന് ശിക്ഷ വിധിക്കുക.
















