Entertainment News

ആദ്യകാലത്ത് സുഹൃത്തുക്കള്‍, പിന്നീട് പരസ്പരം മിണ്ടാതെയായി; മമ്മൂട്ടി-സുരേഷ് ഗോപി ഈഗോ ക്ലാഷ് !

മമ്മൂട്ടിയും സുരേഷ് ഗോപിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി ചിത്രങ്ങളില്‍ സഹനടനായി സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്. പിന്നീട് ഈ സൗഹൃദം ദൃഢമാകുകയും മലയാളത്തിലെ മികച്ച കോംബോകളില്‍ ഒന്നാകുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും വര്‍ഷങ്ങളോളം പരസ്പരം മിണ്ടാതെ നടന്ന ‘കഥ’ അറിയുമോ?

കരിയറിന്റെ ഇടക്കാലത്താണ് ഇരുവരും തമ്മില്‍ അകന്നത്. ഈഗോ ക്ലാഷാണ് ഇവര്‍ക്കിടയിലെ സൗഹൃദത്തിനു ‘ബ്രേക്ക്’ ഇടാന്‍ കാരണമെന്നാണ് ഗോസിപ്പുകള്‍. പിന്നീട് ഇരുവരും സൗഹൃദത്തിലായത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അന്തരിച്ച നടന്‍ രതീഷിന്റെ മകളുടെ വിവാഹ വീഡിയോയില്‍ മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും ഒന്നിച്ചുകാണാം. എന്നാല്‍ ഇരുവരും പരസ്പരം മിണ്ടിയില്ല. അന്ന് വിവാഹചടങ്ങിന് എത്തിയ സുരേഷ് ഗോപി മമ്മൂട്ടിയുടെ തോളില്‍ തട്ടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, സുരേഷ് ഗോപിയെ കണ്ട ഭാവം നടിക്കുന്നില്ല മമ്മൂട്ടി. പരസ്പരം സംസാരിക്കാതിരിക്കാന്‍ മാത്രം എന്താണ് ഇരുവര്‍ക്കും ഇടയില്‍ സംഭവിച്ചതെന്ന് ആര്‍ക്കും ഇപ്പോഴും വ്യക്തമല്ല.

മറ്റൊരു വിവാഹവേദിയില്‍ വെച്ചാണ് ഇരുവരും വര്‍ഷങ്ങള്‍ക്കു ശേഷം മിണ്ടുന്നത്. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും മൂത്ത മകളുടെ വിവാഹത്തില്‍ വെച്ച്. സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍വെച്ച് ഇരുവരും കെട്ടിപിടിക്കുകയും പിണക്കം പറഞ്ഞുതീര്‍ത്തെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായി.

പിണക്ക സമയത്താണ് ഹരിഹരന്‍ ചിത്രം പഴശ്ശിരാജയുടെ ചിത്രീകരണം നടക്കുന്നത്. ഈ സിനിമയില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ താരം ശരത് കുമാറാണ്. കുങ്കനായി ആദ്യം ഹരിഹരന്‍ ആലോചിച്ചത് സുരേഷ് ഗോപിയെയാണ്. പിണക്കത്തില്‍ ആണെങ്കിലും സുരേഷ് ഗോപിക്ക് ചേര്‍ന്ന വേഷമാണെന്ന് മമ്മൂട്ടിയും സമ്മതിച്ചു. എന്നാല്‍ മമ്മൂട്ടിക്കൊപ്പം ഈ സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി വിമുഖത കാണിച്ചെന്നാണ് അന്ന് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് ശരത് കുമാറിലേക്ക് എത്തിയത്.

ഒരിക്കല്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപി നടത്തിയ വാര്‍ത്താസമ്മേളനവും ഏറെ വിവാദമായിരുന്നു. മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്ന് സുരേഷ് ഗോപിയോട് ചോദിച്ചു. തനിക്ക് മമ്മൂട്ടിയുമായി ഒരു പ്രശ്നമുണ്ടെന്നും ആ പ്രശ്നം കേട്ടാല്‍ പിണക്കത്തിന്റെ കാര്യം നിങ്ങള്‍ക്ക് വ്യക്തമാകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍, തങ്ങള്‍ക്കിടയിലെ പിണക്കത്തിന്റെ കാര്യം വെളിപ്പെടുത്താന്‍ അപ്പോഴും സുരേഷ് ഗോപി തയ്യാറായില്ല.

ധ്രുവം, ന്യൂഡല്‍ഹി, പപ്പയുടെ സ്വന്തം അപ്പൂസ്, നന്ദി വീണ്ടും വരിക, ഒരു സിബിഐ ഡയറിക്കുറിപ്പ്, ദ് കിങ്, ഒരു വടക്കന്‍ വീരഗാഥ, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, നായര്‍സാബ് തുടങ്ങി മമ്മൂട്ടി-സുരേഷ് ഗോപി ചിത്രങ്ങളെല്ലാം ഒരുകാലത്ത് വലിയ വിജയങ്ങളായിരുന്നു.

Related Posts