എല്ലാ ദിവസവും വർഗീയതയും വിദ്വേഷവും വിളമ്പുന്ന ഒരു രാഷ്ട്രീയത്തിനൊപ്പം നിന്നിരുന്ന സമയത്ത് ഏറെ പ്രയാസം അനുഭവിച്ചിരുന്നു എന്ന് സന്ദീപ് വാര്യർ. ഇത്തരം റിജിഡ് ആയിട്ടുള്ള ഒരു ഐഡിയോളജിയുടെ പ്രയോക്താവായി ഇരിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണെന്നും ഏകദേശം ഇരുപത് വർഷക്കാലത്തോളം പ്രവർത്തിച്ച ഒരു പരിസരത്തുനിന്നാണ് താൻ മാറുന്നത് എന്നും അദ്ദേഹം പറഞ്ഞു. യെസ് 27 ഓൺലൈനിൽ രജനീഷ് വി ആറിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയായിരുന്നു സന്ദീപ് വാര്യർ.
”ഒരു തിരിച്ചറിവുണ്ടായി എന്നതാണ് സത്യം. എല്ലാ ദിവസവും വർഗീയത വിളമ്പുന്ന, വിദ്വേഷം വിളമ്പുന്ന ഒരു രാഷ്ട്രീയത്തിനൊപ്പം നിൽക്കുമ്പോൾ ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ അനുഭവിച്ചിരുന്ന പ്രയാസമുണ്ട്. ഇത്തരം റിജിഡ് ആയിട്ടുള്ള ഒരു ഐഡിയോളജിയുടെ പ്രയോക്താവായി ഇരിക്കുക എന്നുള്ളത് നമുക്ക് പ്രയാസമുള്ള കാര്യമാണ്. ഏതാണ്ട് ഇരുപത് വർഷക്കാലത്തോളം പ്രവർത്തിച്ച ഒരു പരിസരത്തു നിന്നാണ് ഞാൻ മാറുന്നത്. എന്റെ നാട്ടിൽ ഒരുപാട് പേർ എന്നെ വിശ്വസിച്ചു സംഘടനയിലേക്ക് വന്നവരുണ്ട്. എനിക്ക് വന്ന ബുദ്ധിമുട്ട് എന്താണെന്നു വെച്ചാൽ എന്റെ മാറ്റം കൃത്യമായി അവരെ അറിയിക്കാൻ പറ്റിയില്ല എന്നുള്ളതാണ്. എന്റെ കുടുംബത്തോട് പോലും പറഞ്ഞിട്ടില്ലായിരുന്നു. ആ സമയം ഏതാണ്ട് പത്തു ദിവസത്തോളം ഞാൻ വല്ലാത്തൊരു മാനസിക പ്രയാസത്തിലായിരുന്നു. ശരിക്കുമൊരു ഏകാന്ത വാസത്തിലായിരുന്നു.” സന്ദീപ് വാര്യർ പറഞ്ഞു.
ബുദ്ധിസ്റ്റ് ചിന്തകൾ ഉള്ള ഒരു യൂട്യൂബ് ചാനൽ ആയിരുന്നു ആ സമയത്ത് ഞാൻ ഫോളോ ചെയ്തിരുന്നത്. ഡിസിഷൻ മേക്കിങ്ങിനെ കുറിച്ച് വരുന്ന കണ്ടന്റുകളിൽ ഒരു ബുദ്ധ സന്യാസി പറയുന്നുണ്ട്, “നിങ്ങൾ ഒരു തീരുമാനമെടുക്കുന്ന സമയത്തു ആ തീരുമാനത്തിന്റെ ഗുണവും ദോഷവും അനുഭവിക്കുന്ന ആൾ നിങ്ങൾ മാത്രമാണ്” എന്ന്. വളരെ നിർണായകമായ തീരുമാനങ്ങൾ ഒറ്റയ്‌ക്കെടുക്കുകയാണ് അഭികാമ്യം എന്നും അതിൽ പറയുന്നുണ്ട്.
ആ നിമിഷം ഞാൻ തീരുമാനിക്കുകയാണ്, മാറ്റം എന്നുള്ളത് എന്റെ മാത്രം തീരുമാനമാണ്. അത് പൂർണമായിട്ടും എന്റെ ശരി ആയിരിക്കും. മറ്റൊന്ന് രാഷ്ട്രീയക്കാര്യമാണ്, ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പോകുമ്പോൾ എതിരാളികൾ അത് രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കും. വർഗീയത വിളമ്പുന്ന ഒരു പ്രസ്ഥാനത്തിൽ ജീവപര്യന്തം തടവുപോലെ പ്രവർത്തിക്കാൻ സാധിക്കില്ല എന്ന് ഞാൻ മനസിലാക്കി . പകരം പൊതു ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന, കെട്ടുപാടുകളില്ലാത്ത, വ്യക്തിസ്വാതന്ത്ര്യത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി പ്രവർത്തിക്കണം എന്നാണ് ഞാൻ ആഗ്രഹിച്ചത്.
ഒരു സെക്കുലർ ആയിട്ടുള്ള ,രാജ്യം മുഴുവൻ വ്യാപിച്ചിട്ടുള്ള, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ് നല്ല പ്ലാറ്റഫോം എന്ന തിരിച്ചറിവിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ്സിന്റെ ഭാഗമായി മാറിയത്.
അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണുന്നതിനായി ലിങ്ക് സന്ദർശിക്കുക.
















