ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ റിലീസിനൊരുങ്ങുകയാണ്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജീത്തു ജോസഫ് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ താരങ്ങളുമായി സിനിമ ചെയ്ത ജീത്തു എന്തുകൊണ്ട് മമ്മൂട്ടിക്കായി ഒരു സിനിമ ചെയ്തില്ല? ഇതിനുള്ള ഉത്തരവും ജീത്തു തന്നെ നല്‍കുന്നു.
മമ്മൂട്ടിക്കായി ജീത്തു എഴുതിയ കഥയാണ് ദൃശ്യം. മോഹന്‍ലാലിനേക്കാള്‍ മുന്‍പ് ദൃശ്യത്തിന്റെ കഥ കേള്‍ക്കുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടിക്കു കഥ ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് ഏല്‍ക്കുകയും ചെയ്തു. പക്ഷേ ഒന്നര വര്‍ഷമെങ്കിലും കാത്തിരിക്കണം എന്നായിരുന്നു മമ്മൂട്ടി ജീത്തുവിനോടു പറഞ്ഞത്.
ആ സമയത്ത് കുടുംബ വേഷങ്ങള്‍ മമ്മൂട്ടി ഒരുപാട് ചെയ്തിരുന്നു. കമ്മിറ്റ് ചെയ്ത ചില പ്രൊജക്ടുകള്‍ തീര്‍ക്കുകയും വേണം. അതുകൊണ്ടാണ് ഒന്നര വര്‍ഷം കഴിഞ്ഞ് ചെയ്യാമെന്ന് ജീത്തുവിനോടു മമ്മൂട്ടി പറഞ്ഞത്. മാത്രമല്ല മറ്റേതെങ്കിലും നടനെ വെച്ച് ഈ പ്രൊജക്ട് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്‌തോളൂ എന്നും മമ്മൂട്ടി ജീത്തുവിനോടു പറഞ്ഞിരുന്നു. അങ്ങനെയാണ് ദൃശ്യം മമ്മൂട്ടിയില്‍ നിന്ന് പോകുന്നത്.
പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ മെമ്മറീസിന്റെ കഥയും ആദ്യം കേള്‍ക്കുന്നത് മമ്മൂട്ടിയാണ്. എന്നാല്‍ ഈ കഥ മമ്മൂട്ടിക്ക് അത്രത്തോളം ഇംപ്രസീവ് ആയില്ല. അങ്ങനെയാണ് മെമ്മറീസ് പൃഥ്വിരാജിലേക്ക് എത്തിയത്. ദൃശ്യവും മെമ്മറീസും വന്‍ വിജയമാകുകയും ചെയ്തു. മറ്റൊരു സിനിമയുടെ കഥയും ജീത്തു മമ്മൂട്ടിയെ പറഞ്ഞു കേള്‍പ്പിച്ചിട്ടുണ്ട്. പലവിധ കാരണങ്ങളാല്‍ ഈ പ്രൊജക്ടും സാധ്യമായില്ല.
മമ്മൂട്ടിക്കായി ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് ജീത്തു ഇപ്പോഴും പറയുന്നു. അതിനായി താന്‍ ഇനിയും പരിശ്രമിക്കുമെന്നാണ് ജീത്തു മിറാഷ് പ്രൊമോഷന്‍ പരിപാടിയില്‍ പറഞ്ഞത്. മമ്മൂട്ടിയെ അതിശയിപ്പിക്കുന്ന ഒരു കഥയ്ക്കായി കാത്തിരിക്കുകയാണ്. അങ്ങനെയൊരു കഥ വന്നാല്‍ ഉറപ്പായും ഇനിയും മമ്മൂട്ടിയുടെ അടുത്ത് പോകുമെന്ന് ജീത്തു ജോസഫ് പറഞ്ഞു.
മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധം താന്‍ തുടരുന്നതായും ജീത്തു പറഞ്ഞു. വലിയ വാത്സല്യത്തോടെയാണ് മമ്മൂട്ടി തന്നോടു സംസാരിക്കാറുള്ളത്. എവിടെ വെച്ച് കണ്ടാലും തന്നോടു വിശേഷങ്ങള്‍ ചോദിക്കും. അടുത്ത സിനിമ ഏതാണ്, അടുത്ത സിനിമയുടെ കഥ എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ മമ്മൂക്ക തന്നോടു ചോദിക്കാറുണ്ടെന്നും ജീത്തു പറഞ്ഞു.
















