ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര 250 കോടിയും കടന്ന് മുന്നേറുകയാണ്. ലോകഃ യൂണിവേഴ്‌സിന്റെ അടുത്ത ഭാഗങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതിനിടെയാണ് ചാപ്റ്റര്‍ വണ്ണിലെ മൂത്തോന്‍ എന്ന കഥാപാത്രത്തെ കുറിച്ച് നിര്‍മാതാവ് കൂടിയായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തിയത്. മമ്മൂട്ടിയാണ് മൂത്തോനെന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ദുല്‍ഖര്‍ പുറത്തുവിടുകയായിരുന്നു.
ലോകഃയുടെ ഏത് ചാപ്റ്ററിലായിരിക്കും മൂത്തോന്‍ പ്രധാന കഥാപാത്രമായി എത്തുക? മൂത്തോന്‍ പ്രധാന കഥാപാത്രമാകുന്ന ചാപ്റ്റര്‍ ഉണ്ടാകുമോ? എന്നീ ആരാധകരുടെ ചോദ്യങ്ങള്‍ക്കു ചെറിയൊരു ഉത്തരം നല്‍കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മൂത്തോനെ കുറിച്ച് വെളിപ്പെടുത്തിയത്.
മൂത്തോനെ കുറിച്ച് എന്തൊക്കെ പറയാന്‍ സാധിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകയായ അനുപമ ചോപ്ര ദുല്‍ഖറിനോടു ചോദിക്കുന്നത്. കണ്‍വിന്‍സ് ചെയ്യാന്‍ പാടാണെന്നും ചാപ്‌റ്റേഴ്‌സ് ഇനിയും ബെറ്റര്‍ ആന്‍ഡ് ബിഗര്‍ ആകുമ്പോള്‍ അടുത്ത ചാപ്റ്ററിനു അദ്ദേഹം (മമ്മൂട്ടി) ഓക്കെ പറയുമായിരിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു. അതായത് ലോകഃയുടെ ഭാഗമാകാന്‍ മമ്മൂട്ടി പൂര്‍ണ സമ്മതം അറിയിച്ചിട്ടില്ലെന്നാണ് ദുല്‍ഖറിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഈ യൂണിവേഴ്‌സിന്റെ ഭാഗമാകാന്‍ മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്യിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം തനിക്കുണ്ടെന്നും ദുല്‍ഖര്‍ പരോക്ഷമായി പറഞ്ഞുവയ്ക്കുന്നു.
ലോകഃയുടെ ഐഡിയ കേട്ടശേഷം ഇതെങ്ങനെ സാധ്യമാക്കുമെന്ന സംശയവും പേടിയും മമ്മൂട്ടിക്ക് ഉണ്ടായിരുന്നെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി. കല്യാണി പ്രിയദര്‍ശന്റെ പിതാവും സംവിധായകനുമായ പ്രിയദര്‍ശനും ഇത്തരത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. നീ എന്ത് റിസ്‌കാണ് എടുത്തത് എന്നാണ് കല്യാണിയുടെ അച്ഛനായ പ്രിയദര്‍ശന്‍ സാര്‍ ചോദിച്ചത്. ഉപ്പയ്ക്കും (മമ്മൂട്ടി) ആശങ്കയുണ്ടായിരുന്നു. അവര്‍ക്ക് ഞങ്ങള്‍ ഇത് പെട്ടെന്നെടുത്ത പോലുള്ള തീരുമാനമായാണ് തോന്നിയത്. ഇത്ര വലിയ ബജറ്റില്‍ ഇത് എങ്ങനെ സാധ്യമാക്കുമെന്ന ഭയമായിരുന്നു അവര്‍ക്ക്. എന്നാല്‍ ഇപ്പോള്‍ ലോകഃയുടെ വിജയത്തില്‍ അഭിമാനിക്കുന്നവരാണ് രണ്ട് പേരും.
മൂത്തോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി പൂര്‍ണ സമ്മതം അറിയിച്ചാല്‍ അടുത്ത ചാപ്റ്ററിനെ കുറിച്ചുള്ള ഔദ്യോഗിക വെളിപ്പെടുത്തല്‍ അടക്കം ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസില്‍ നിന്നുണ്ടാകും. ചാപ്റ്റര്‍ 2 ടൊവിനോ തോമസിനെ നായകനാക്കിയാണ് ആലോചിക്കുന്നത്. ഇതില്‍ ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും അഭിനയിക്കാനാണ് സാധ്യത. അതിനുശേഷമുള്ള ചാപ്റ്ററില്‍ ആയിരിക്കും മമ്മൂട്ടിയുടെ മൂത്തോന്‍ കേന്ദ്ര കഥാപാത്രമായി എത്തുക.
















