Cinema

ഇത്തവണ ‘തിയറ്ററോണം’; പോരടിക്കാന്‍ മോഹന്‍ലാല്‍ മുതല്‍ ഷെയ്ന്‍ നിഗം വരെ

ഓണം സീസണ്‍ മലയാള സിനിമ ബോക്‌സ്ഓഫീസിനു ചാകര കാലമാണ്. സൂപ്പര്‍താരങ്ങളുടെ സിനിമയുണ്ടെങ്കില്‍ തിയറ്ററുകളില്‍ ഉത്സവപ്രതീതിയായിരിക്കും. ഇത്തവണയും ഓണത്തിനു മലയാളികള്‍ക്കു ആഘോഷിക്കാനുള്ള സിനിമകള്‍ തിയറ്ററിലെത്തും.

  1. ഹൃദയപൂര്‍വ്വം

‘മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം’ എന്നൊരു ടാഗ് ലൈന്‍ മാത്രം മതി ‘ഹൃദയപൂര്‍വ്വ’ത്തിനു തിയറ്ററുകള്‍ നിറയാന്‍. കുടുംബ പ്രേക്ഷകരെ രസിപ്പിക്കാന്‍ തന്നെയാണ് ഇത്തവണയും ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂര്‍വ്വം നിര്‍മിച്ചിരിക്കുന്നത്.

തിരക്കഥയും സംഭാഷണവും സോനു ടി.പിയുടേത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന്‍ (കഥ), അനൂപ് സത്യന്‍ (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്. അനു മൂത്തേടത്താണ് ക്യാമറ. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. മാളവിക മോഹനന്‍, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ലാലു അലക്സ്, നിഷാന്‍, ബാബുരാജ്, ജനാര്‍ദ്ദനന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28 നു ചിത്രം തിയറ്ററുകളിലെത്തും.

  1. ഓടും കുതിര ചാടും കുതിര

മോഹന്‍ലാല്‍ ചിത്രത്തിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തുക ഫഹദ് ഫാസിലിന്റെ ‘ഓടും കുതിര ചാടും കുതിര’ ആയിരിക്കും. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ നടന്‍ അല്‍ത്താഫ് സലിം ആണ്. അല്‍ത്താഫിന്റേത് തന്നെയാണ് തിരക്കഥ. ക്യാമറ ജിന്റോ ജോര്‍ജ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കല്യാണി പ്രിയദര്‍ശന്‍ ആണ് ഫഹദിന്റെ നായികയായെത്തുന്നത്. കോമഡി ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഓഗസ്റ്റ് 29 നു തിയറ്ററുകളിലെത്തും.

  1. ബള്‍ട്ടി

ആലപ്പുഴ ജിംഖാനയ്ക്കു ശേഷം മലയാളത്തില്‍ വീണ്ടുമൊരു സ്‌പോര്‍ട്‌സ് ഡ്രാമ വരുന്നു. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന ‘ബള്‍ട്ടി’. ഒരു കബഡി താരത്തെ ആസ്പദമാക്കിയാണ് കഥ പറയുന്നത്. ഓഗസ്റ്റ് 29 നാണ് ബാള്‍ട്ടിയുടെ റിലീസ്.

  1. ലോകഃ – ചാപ്റ്റര്‍ 1 – ചന്ദ്ര

സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായ ‘ലോകഃ – ചാപ്റ്റര്‍ 1 – ചന്ദ്ര’യും ഓണത്തിനു തിയറ്ററുകളിലെത്താന്‍ സാധ്യതയുണ്ട്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസും കാമിയോ വേഷങ്ങളിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Related Posts

Leave a Reply