തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മമ്മൂട്ടിയെ തഴഞ്ഞതില്‍ വ്യാപക വിമര്‍ശനം. 2016 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ സംസ്ഥാന പുരസ്‌കാരങ്ങളാണ് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതില്‍ 2018 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ധനുഷിനെയാണ്. ‘വട ചെന്നൈ’യിലെ പ്രകടനത്തിനാണ് ധനുഷിനു പുരസ്‌കാരം.
ഇതേ വര്‍ഷം തന്നെയാണ് മമ്മൂട്ടി നായകനായ തമിഴ് ചിത്രം ‘പേരന്‍പ്’ തിയറ്ററുകളിലെത്തിയത്. രാജ്യാന്തര തലത്തില്‍ വരെ ഈ ചിത്രം ശ്രദ്ധിക്കപ്പെടുകയും മമ്മൂട്ടിയുടെ പ്രകടനം ചര്‍ച്ചയാകുകയും ചെയ്തതാണ്. എന്നാല്‍ മികച്ച നടനായി ധനുഷ് തിരഞ്ഞെടുക്കപ്പെടുകയും മമ്മൂട്ടി തഴയപ്പെടുകയും ചെയ്തു.
സ്പാസ്റ്റിക്ക് പാരാലിസിസ് എന്ന രോഗാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനായാണ് പേരന്‍പില്‍ മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. അമ്മയില്ലാതെ മകളെ വളര്‍ത്തുന്ന മമ്മൂട്ടിയുടെ അമുദന്‍ എന്ന കഥാപാത്രം പ്രേക്ഷകരെ കരയിപ്പിക്കും. നിസ്സഹായതകളുള്ള അച്ഛന്‍ ഭാവം മമ്മൂട്ടിയില്‍ ഭദ്രമായിരുന്നു. എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പേരന്‍പിലെ മമ്മൂട്ടിയുടെ പ്രകടനത്തിനു അവാര്‍ഡില്ല.
പേരന്‍പിലെ മമ്മൂട്ടിയുടെ അഭിനയം സംസ്ഥാന അവാര്‍ഡ് അര്‍ഹിക്കുന്നുണ്ടെന്ന് തമിഴ് സിനിമ ആരാധകര്‍ പോലും അഭിപ്രായപ്പെടുന്നു. പേരന്‍പ് ഒരു അവാര്‍ഡിനും പരിഗണിക്കപ്പെടാത്തതില്‍ ആരാധകര്‍ക്കു നിരാശയുണ്ട്. പല സിനിമ ഗ്രൂപ്പുകളിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നുണ്ട്.
വട ചെന്നൈയിലെ ധനുഷിന്റെ പ്രകടനം മികച്ചതാണെങ്കിലും പേരന്‍പിലെ മമ്മൂട്ടിയാണ് അവാര്‍ഡ് അര്‍ഹിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു. മമ്മൂട്ടി തുടര്‍ച്ചയായി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടുന്നതിനാലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡില്‍ നിന്ന് തഴയപ്പെട്ടതെന്നും വിലയിരുത്തലുകളുണ്ട്.
പേരന്‍പില്‍ മമ്മൂട്ടിയുടെ മകളായെത്തിയ സാധന മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പുരസ്‌കാരത്തിന് പരിഗണിച്ചില്ലെന്നും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വിമര്‍ശിക്കുന്നു. മികച്ച ചിത്രമായിട്ടും പേരന്‍പിന് ഒരു പുരസ്‌കാരവും നല്‍കിയില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
















