Cinema Entertainment Homepage Featured

മമ്മൂട്ടി-ക്യൂബ്‌സ് ചിത്രം അനിശ്ചിതത്വത്തിലോ? ഏറ്റവും പുതിയ അപ്‌ഡേറ്റ്

2026 ലെ പ്രൊജക്ട് അനൗണ്‍സ്‌മെന്റുകളില്‍ വലിയ ചര്‍ച്ചയായ ഒന്നാണ് മമ്മൂട്ടിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം. ഈ സിനിമ അനിശ്ചിതത്വത്തില്‍ ആണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ ക്യൂബ്‌സ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെതാണ് പ്രതിസന്ധിക്കു കാരണം.

‘ഉണ്ട’യ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദും ക്യൂബ്സ് ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം പോലും നടന്നതാണ്. പിന്നീടാണ് ഖാലിദ് റഹ്‌മാന്‍ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സമൂുഹമാധ്യമങ്ങളില്‍ നിന്ന് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് പിന്‍വലിച്ചത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ഖാലിദിനെ അണ്‍ഫോളോ ചെയ്തിട്ടുമുണ്ട്.

‘എല്ലാവരുടെയും വ്യത്യസ്തങ്ങളായ ഘടികാരങ്ങളാണ്. നിങ്ങളുടെ സമയത്തിനായി കാത്തിരിക്കുക.’ എന്ന് ക്യൂബ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഖാലിദുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം മമ്മൂട്ടിയെ നായകനാക്കിയുള്ള ഖാലിദ് ചിത്രവും ക്യൂബ്‌സ് പ്രൊജക്ടും നടക്കുമെന്നാണ് മലയാള സിനിമയുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മമ്മൂട്ടി കമ്പനിയായിരിക്കും നിര്‍മിക്കുക. ഇരുവരും തമ്മില്‍ ധാരണയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മറുവശത്ത് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രവും നടക്കും. മമ്മൂട്ടി-ക്യൂബ്‌സ് ചിത്രത്തിലേക്ക് പുതിയ സംവിധായകന്‍ എത്തും. രാജമാണിക്യം, അണ്ണന്‍ തമ്പി എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ ഒരുക്കിയ അന്‍വര്‍ റഷീദ് ആയിരിക്കും ക്യൂബ്‌സ് ചിത്രം സംവിധാനം ചെയ്യുകയെന്ന് വിവരമുണ്ട്. അല്ലെങ്കില്‍ ദി ഗ്രേറ്റ് ഫാദര്‍, മാര്‍ക്കോ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഹനീഫ് അദേനിയായിരിക്കും ക്യൂബ്‌സ് ചിത്രം ഒരുക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

Related Posts